ഫെബ്രുവരി 3: വിശുദ്ധ ബ്‌ളെയിസ് മെത്രാന്‍ രക്തസാക്ഷി
ആര്‍മീനിയായില്‍ സെബാസ്റ്റെ എന്ന സ്ഥലത്ത് ഒരു ഭിഷഗ്വരനായിരുന്നു ബ്‌ളെയിസ്. പിന്നീട് അദ്ദേഹം അവിടുത്തെ മെത്രാനായി; ആത്മാവിന്റെ ഭിഷഗ്വരന്‍. ജീവിത ദുഃഖങ്ങളെക്കുറിച്ച് ബോധ്യമുണ്ടായിരുന്ന വിശുദ്ധ ബ്‌ളെയിസിനു ജീവിത സന്തോഷങ്ങളുടെ മായാസ്വഭാവം അതിശീഘ്രം ഗ്രഹിക്കാന്‍ കഴിഞ്ഞു. തന്നിമിത്തം വാക്കാലും സ്വന്തം മാതൃകയാലും സ്വജനങ്ങളെ പഠിപ്പിക്കാന്‍ അദ്ദേഹം അത്യുത്സുഹനായി.
മെത്രാനായ ശേഷവും ശാരീരികവും ആത്മീയവുമായ രോഗങ്ങള്‍ പിടിപ്പെട്ട പലരും അദ്ദേഹത്തെ തേടിയെത്തി. അങ്ങനെയിരിക്കെ കപ്പദോച്യായുടെയും അര്‍മീനിയായുടെയും ഗവര്‍ണരായ അഗ്രിക്കൊളാസു ലിസീനിയൂസു റോമന്‍ ചക്രവര്‍ത്തിയുടെ നിര്‍ദ്ദേശപ്രകാരം മതപീഡനം ആരംഭിക്കുകയും ബിഷപ് ബ്‌ളെയിസിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ജയിലിലേക്ക് പോകും വഴി മത്സ്യത്തിന്റെ മുള്ള് തൊണ്ടയില്‍ കുടുങ്ങിയ ഒരു കുട്ടിയെ അദ്ദേഹം സുഖപ്പെടുത്തി. വിഗ്രഹങ്ങളെ ആരാധിക്കാന്‍ ഗവര്‍ണര്‍ ബ്‌ളെയിസിനോടാവശ്യപ്പെട്ടു. അതിന് അദ്ദേഹം വിസമ്മതിച്ചതിനാല്‍ ആദ്യം ചമ്മട്ടികൊണ്ട് അടിപ്പിച്ചു. പിന്നീട് ഇരുമ്പുകൊളുത്തുകൊണ്ട് മാംസം വലിച്ചുകീറിയിട്ടു. ചുട്ടുപഴുത്ത ഇരുമ്പ് പലക ശരീരത്തു വച്ച് പീഡിപ്പിച്ചു. അവസാനം അവര്‍ അദ്ദേഹത്തിന്റെ തലവെട്ടി. തൊണ്ടയിലെ അസുഖങ്ങളുടെ മധ്യസ്ഥനാണ് വിശുദ്ധ ബ്‌ളെയിസ്.