Church News

കുടുംബം വിശുദ്ധീകരിക്കപ്പെട്ടാല്‍ സമൂഹം വിശുദ്ധീകരിക്കപ്പെടും: മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍


കുടുംബം വിശുദ്ധീകരിക്കപ്പെട്ടാല്‍ സമൂഹം വിശുദ്ധീകരിക്കപ്പെടുമെന്നും കുടുംബ വിശുദ്ധീകരണം അമ്മമാരെ ആശ്രയിച്ചാണെന്നും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. മേരിക്കുന്ന് പിഎംഒസിയില്‍ സീറോ മലബാര്‍ ഗ്ലോബല്‍ മാതൃവേദി ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്. സഭാ സംഘടനകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് മാതൃവേദിയാണെന്നും പരിശുദ്ധ അമ്മയെ പ്രതിനിധാനം ചെയ്യുന്ന സംഘടനയാണ് മാതൃവേദിയെന്നും ബിഷപ് അഭിപ്രായപ്പെട്ടു.

”സഭയ്ക്ക് ജന്മം നല്‍കുന്നവരാണ് അമ്മമാര്‍. പരിശുദ്ധ അമ്മയുടെ മനോഭാവം അവര്‍ സ്വന്തമാക്കണം. ജീവനോടുള്ള സമീപനമാണ് ഇന്ന് ലോകം നേരിടുന്ന വലിയ വെല്ലുവിളി. ജീവനെ സ്നേഹിക്കുകയും പരിപാലിക്കുകയും ബഹുമാനിക്കുകയും വേണം. അതൊരു പ്രേഷിത പ്രവര്‍ത്തനമായി മാതൃവേദി ഏറ്റെടുക്കണം. കുട്ടികളെ സ്വീകരിക്കാനുള്ള തുറന്ന മനസ് സമൂഹത്തിലുണ്ടാക്കിയെടുക്കാന്‍ മാതൃവേദിയുടെ പ്രവര്‍ത്തനത്തിലൂടെ കഴിയണം.” ബിഷപ് കൂട്ടിച്ചേര്‍ത്തു.

ഉദ്ഘാടന സമ്മേളനത്തില്‍ ഗ്ലോബല്‍ മാതൃവേദി പ്രസിഡന്റ് ബീന ജോഷി അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ മാതൃവേദി ഡയറക്ടര്‍ ഫാ. ഡെന്നി താണിക്കല്‍, ലിസി ജോസ്, ഗ്രേസി ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. മാതൃവേദി താമരശ്ശേരി രൂപതാ ഡയറക്ടര്‍ ഫാ. ജോസുകുട്ടി അന്തീനാട്ട് വചന പ്രതിഷ്ഠ നടത്തി. ആന്‍സി സോജന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സൗമ്യ സേവ്യര്‍ മുന്‍വര്‍ഷത്തെ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു . ഗ്ലോബല്‍ സമിതി തയ്യാറാക്കിയ ഡയറക്ടറി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പ്രകാശനം ചെയ്തു. സംസ്ഥാനതലത്തില്‍ വിവിധ പുരസ്‌ക്കാരങ്ങള്‍ക്ക് അര്‍ഹരായ സോളി തോമസ്, ആഗ്‌നസ് ബേബി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

തുടര്‍ന്ന് ഉത്തമ ക്രിസ്ത്യാനിയെ വാര്‍ത്തെടുക്കുന്നതില്‍ അമ്മമാര്‍ക്കുള്ള പങ്ക് എന്ന വിഷയത്തില്‍ എകെസിസി രൂപതാ ഡയറക്ടര്‍ ഫാ. മാത്യു തൂമുള്ളില്‍ ക്ലാസെടുത്തു. വിവിധ രൂപതാ സമിതികളുടെ റിപ്പോര്‍ട്ട് അവതരണവും ചര്‍ച്ചകളും ക്ലാസുകളും തുടര്‍ന്ന് നടത്തപ്പെട്ടു.

നാളെ നടക്കുന്ന സമാപന സമ്മേളനത്തില്‍ താമരശ്ശേരി രൂപതാ വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍ അനുഗ്രഹ പ്രഭാഷണം നടത്തും. വിവിധ സീറോ മലബാര്‍ രൂപതകളിലെ മാതൃവേദി പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.


Leave a Reply

Your email address will not be published. Required fields are marked *