Church News

ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് എതിരെയുള്ളനീക്കങ്ങള്‍ അപലപനീയം: കെസിബിസി ജാഗ്രതാ കമ്മീഷന്‍


വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളജിനെതിരെ നടക്കുന്ന പ്രചരണങ്ങളും അനാവശ്യ സമരങ്ങളും ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള രാഷ്ട്രീയ വര്‍ഗീയ പ്രത്യയ ശാസ്ത്രങ്ങളുടെ നീക്കമാണെന്ന് കെസിബിസി ജാഗ്രതാ കമ്മീഷന്‍. അക്രമ രാഷ്ട്രീയത്തിനും പലവിധ അരാജകത്വങ്ങള്‍ക്കുമെതിരെ നിലപാടുകള്‍ സ്വീകരിക്കുന്നതാണ് ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലുള്ള വികാരമെന്ന് ജാഗ്രതാ കമ്മീഷന്‍ പത്രക്കുറുപ്പില്‍ ചുണ്ടിക്കാട്ടി.

വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നിയന്ത്രണത്തിലുള്ള വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ ഏകപക്ഷീയമായി കോളജിനെതിരെ തിരിഞ്ഞിരിക്കുന്നതും ദുരാരോപണങ്ങള്‍ ഉന്നയിച്ച് കോളജിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തുന്നതും ചില സ്ഥാപിത താല്‍പ്പര്യങ്ങളോടെയാണ്. ഇത്തരം പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുകയും സമൂഹത്തില്‍ തെറ്റിദ്ധാരണ പടത്തുന്ന വിധത്തിലുള്ള മാധ്യമ ഇടപെടലുകള്‍ പതിവായി ഉണ്ടാകുകയും ചെയ്യുന്നത് നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ മാധ്യമരംഗത്തെ ദുസ്വാധീനം വ്യക്തമാക്കുന്നു. മാധ്യമങ്ങളുടെ ഇത്തരം നീക്കങ്ങള്‍ പ്രതിഷേധാര്‍ഹമാണ്.

സ്ഥാപനത്തിന്റെ സല്‍പ്പേര് തകര്‍ക്കുകയെന്ന ലക്ഷ്യമാണ് ഇപ്പോള്‍ നടക്കുന്ന നീക്കങ്ങള്‍ക്ക് പിന്നിലെന്ന് വിലയിരുത്തുന്നു. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കുകയും അവരുടെ ഭാവിയെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്ന വിധത്തില്‍ നടത്തുന്ന സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരായി സ്വീകരിച്ച മുന്‍കാല നിലപാടുകളാകാം ചില തല്‍പ്പര കക്ഷികളെ ഇത്തരം നീക്കങ്ങളിലേക്ക് നയിച്ചത്. വാസ്തവങ്ങള്‍ ഉള്‍ക്കൊണ്ട് വിദ്യാര്‍ത്ഥി സമൂഹത്തിനും പൊതുസമൂഹത്തിനും ഹിതകരമായ നിലപാടുകള്‍ സ്വീകരിക്കുവാനും ദോഷകരമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നിയമനിര്‍മ്മാണം നടത്തുവാനും ഭരണകൂടം തയ്യാറാകണം.

ആത്മഹത്യാ പ്രവണതകള്‍ പോലുള്ള മാനസിക ദൗര്‍ബല്യങ്ങള്‍ പല കാരണങ്ങളാലും വ്യക്തിയില്‍ രൂപപ്പെടാവുന്നതാണ്. അവ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുന്നതിനുള്ള ചുമതല സര്‍ക്കാരിനും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒരുപോലെയുണ്ട്. ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ വൈകാരിക പ്രതികരണങ്ങള്‍ക്ക് പിന്തുണയും പ്രചോദനവും നല്‍കി, പൊലീസിന്റെ അന്വേഷണത്തെയും പൊതുസമൂഹത്തിന്റെ ധാരണകളെയും അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും.

വിശദവും സമഗ്രവുമായ അന്വേഷണം ഉറപ്പുവരുത്തണമെന്ന് പൊലീസ് അധികാരികളോട് അമല്‍ ജ്യോതി കോളജ് മാനേജ്‌മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് അന്വേഷണവും തുടര്‍ നടപടികളുമായി ബന്ധപ്പെട്ട് പൂര്‍ണ സഹകരണം കോളജ് മാനേജ്‌മെന്റ് ഉറപ്പു നല്‍കിയിട്ടുണ്ട്. എന്നാല്‍ അവയെ മുഖവിലയ്‌ക്കെടുക്കാത്ത നീക്കങ്ങളാണ് ചില സംഘടകളുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത്. സംസ്ഥാനത്തിന്റെ നിയമസംവിധാനങ്ങള്‍ക്കുപോലും വഴങ്ങാത്ത തല്‍പ്പര കക്ഷികളുടെ നീക്കങ്ങള്‍ പ്രതിഷേധാര്‍ഹവും ഒഴിവാക്കപ്പെടേണ്ടതുമാണ്.

കത്തോലിക്ക സഭയുടെയും മറ്റു ക്രൈസ്തവ സമൂഹങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രത്യേകമായി ടാര്‍ജറ്റു ചെയ്ത് വലിയ വിവാദങ്ങളുണ്ടാക്കി വിളവെടുക്കുവാനുള്ള ശ്രമങ്ങള്‍ അപലപനീയമാണ്. മികച്ച രീതിയില്‍ പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ വീണു കിട്ടുന്ന അവസരങ്ങള്‍ മുതലെടുത്ത് നടത്തുന്ന നീക്കങ്ങളെയും സല്‍പ്പേര് നഷ്ടപ്പെടുത്താനുള്ള ശ്രമങ്ങളെയും ശക്തമായി പ്രതിരോധിക്കുമെന്നും വിഷയത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് കേരളത്തിലെ മതേതര സമൂഹവും ഭരണകൂടവും യുക്തമായ രീതിയില്‍ പ്രതികരിക്കുകയും ഇടപെടുകയും ചെയ്യണമെന്നും കെസിബിസി ജാഗ്രതാ കമ്മീഷന്‍ പത്രക്കുറുപ്പിലൂടെ ആവശ്യപ്പെട്ടു.


Leave a Reply

Your email address will not be published. Required fields are marked *