സൗന്ദര്യവും സമ്പത്തും സമ്മേളിച്ചിരുന്ന അഗാത്താ എത്രയും നിര്‍മ്മലയായിരുന്നു. സിസിലിയിലാണ് അഗാത്ത ജനിച്ചത്. ഡേസിയൂസ് ചക്രവര്‍ത്തിയുടെ കീഴില്‍ സിസിലി ഭരിച്ചിരുന്ന ക്വിന്റിലിയാനൂസ് അവളെ വിവാഹം കഴിക്കണമെന്നാഗ്രഹിച്ചു. പ്രസ്തുത ലക്ഷ്യത്തോടെ അഗാത്ത ക്രിസ്ത്യാനിയാണെന്ന കുറ്റം ചുമത്തി ഒരു ദുഷ്ടസ്ത്രീയുടെ മേല്‍നോട്ടത്തില്‍ അവളെ പാര്‍പ്പിച്ചു. പാപകരമായ ബന്ധത്തിന് സമ്മതിക്കുകയാണെങ്കില്‍ ജീവനും സ്വാതന്ത്ര്യവും വിട്ടുതരാമെന്ന് ഗവര്‍ണര്‍ അവളെ അറിയിച്ചു. ക്രിസ്തുവാണെന്റെ ജീവിതവും രക്ഷയുമെന്നായിരുന്നു അവളുടെ പ്രത്യുത്തരം. ക്രുദ്ധനായ ഗവര്‍ണര്‍ അവളുടെ സ്തനങ്ങള്‍ മുറിച്ചുകളയിപ്പിച്ചു. കര്‍ത്താവ് അവളെ അത്ഭുതകരമാംവിധം സുഖപ്പെടുത്തിയെന്ന് ആറാം നൂറ്റാണ്ടിലെ ഒരു ചിത്രകാരന്‍ സാക്ഷ്യപ്പെടുത്തുന്നു. അനന്തരം അവളെ നഗ്നയായി ചരലിലിട്ടുരുട്ടി. ജയിലില്‍ വച്ച് അവള്‍ മരിച്ചു. അവളുടെ കുഴിമാടം തുറന്നപ്പോള്‍ ത്വക്ക് മുഴുവനും അഴിയാതിരിക്കുന്നതായിട്ടാണ് കണ്ടത്. എറ്റ്‌നാ അഗ്നിപര്‍വ്വതം പൊട്ടിത്തെറിക്കുമ്പോഴെല്ലാം അഗാത്തയുടെ ശിരോവസ്ത്രമെടുത്ത് ജനങ്ങള്‍ ഘോഷയാത്ര നടത്തിയിരുന്നു.