Daily Saints

മേയ് 2: വിശുദ്ധ അത്തനേഷ്യസ് മെത്രാന്‍


നിക്യാ സൂനഹദോസ് കഴിഞ്ഞ് മൂന്നാം വര്‍ഷം മുതല്‍ 45 വര്‍ഷം അലക്‌സാന്‍ഡ്രിയയിലെ പേട്രിയാര്‍ക്കായിരുന്നു ആ നാട്ടുകാരന്‍ തന്നെയായ ഡോക്ടര്‍ അത്തനേഷ്യസ്. 17 വര്‍ഷവും വിപ്രവാസത്തിലായിരുന്നു. യേശു ക്രിസ്തുവിന്റെ ദൈവത്വം അംഗീകരിച്ച് നിക്യാ സൂനഹദോസിലെ വിശ്വാസ പ്രമാണം സര്‍വ്വരാലും സ്വീകൃതമാക്കുവാന്‍ ചെയ്ത പരിശ്രമങ്ങളാണ് അദ്ദേഹത്തെ വിപ്രവാസത്തിലേക്ക് ഇറക്കിയത്. ഡോ. ഗ്രിഗരിനസിയാന്‍ സെന്‍ അത്തനേഷ്യസിനെ ഇങ്ങനെ വിവരിച്ചിരിക്കുന്നു: ‘അദ്ദേഹം അപരിചിതരെ സല്ക്കരിക്കുന്നവനാണ്; ആശ്രിതരോട് കൃപാലുവാണ്; സകലര്‍ക്കും അഭിഗമ്യനാണ്. വേഗം കോപിക്കുന്നവനല്ല; സംഭാഷണചതുരനാണ്. സ്വഭാവം മധുരമാണ്. വാക്കിലെന്നപോലെ പ്രവൃത്തികളിലും കാര്യക്ഷമത പ്രകടമാണ്; ഭക്തകൃത്യങ്ങളില്‍ ഉത്സാഹിയാണ്; എല്ലാത്തരക്കാരും പ്രായക്കാരുമായ ക്രിസ്ത്യാനികള്‍ക്ക് സഹായകനുമാണ്.’

325-ലെ നിക്യാ സൂനഹദോസില്‍വച്ച് അത്തനേഷ്യസിന്റെ പ്രതിഭയും പ്രശസ്തിയും പ്രകാശിതമായി. പിതാവും പുത്രനും സാരാംശത്തില്‍ സമന്മാരാണെന്നുള്ള വസ്തുത ശക്തിയായി സൂനഹദോസില്‍ വാദിച്ചു. സൂനഹദോസു കഴിഞ്ഞ് അഞ്ചാംമാസം അലെക്സാന്‍ട്രിയായിലെ പേട്രിയാര്‍ക്കായിരുന്ന അലെക്‌സാന്‍ര്‍ മരിച്ചു. ജനങ്ങള്‍ ഏകസ്വരത്തില്‍ ആര്‍പ്പുവിളിച്ചു: ‘ഞങ്ങള്‍ക്ക് അത്തനേഷ്യസിനെ തരിക; അദ്ദേഹം ഒരു നല്ല മെത്രാനായിരിക്കും.’ ഈജിപ്തിലെ മെത്രാന്മാര്‍ അദ്ദേഹത്തെ തന്നെ തിരഞ്ഞെടുത്തു. അന്ന് അദ്ദേഹത്തിന് മുപ്പതു വയസ്സു പ്രായമേ ഉണ്ടായിരുന്നുള്ളൂ.

ആര്യന്‍ പാഷണ്ഡികള്‍ ചക്രവര്‍ത്തിമാരുടെ അനുഭാവം നേടി അത്തനേഷ്യസിനെ അഞ്ചു പ്രാവശ്യം നാടുകടത്തി. പല പ്രാവശ്യം അദ്ദേഹത്തെ വധിക്കാന്‍ ഉദ്യമിക്കുകയും ചെയ്തു. ദൈവം അദ്ദേഹത്തെ കാത്തു. അത്തനേഷ്യസിനു ശത്രുക്കളുണ്ടായിരുന്നെങ്കില്‍ അതുപോലെതന്നെ അദ്ദേഹത്തിന് മിത്രങ്ങളുമുണ്ടായിരുന്നു. വിപ്രവാസം കഴിഞ്ഞു മടങ്ങിവരുമ്പോഴെല്ലാം അലെക്‌സാന്‍ട്രിയന്‍ ജനത അദ്ദേഹത്തിന് രാജകീയ സ്വീകരണമാണ് നല്കിയിരുന്നത് .അപ്പസ്‌തോലന്മാര്‍ക്കുശേഷം ക്രിസ്തുമതത്തിലെ പരിശുദ്ധ സത്യങ്ങള്‍ സമ്യക്കായി പഠിപ്പിച്ച ഒരാളാണ് അത്തനേഷ്യസ് എന്നത്രേ കാര്‍ഡിനല്‍ ന്യൂമന്‍ പറഞ്ഞിട്ടുള്ളത്.

അദ്ദേഹത്തിന്റെ ശാസ്ത്രീയ ഗ്രന്ഥങ്ങള്‍ ആര്യന്‍ പാഷണ്ഡതയുടെ വിവിധ വശങ്ങളെ പറ്റിയാണ്. മരുഭൂമിയിലെ വിശുദ്ധ ആന്റണിയുടെ ജീവചരിത്രം തപോജീവിത പ്രചാരണത്തിനു വളരെ ഉപകരിച്ചിട്ടുണ്ട്


Leave a Reply

Your email address will not be published. Required fields are marked *