ഭരണങ്ങാനം തീര്‍ത്ഥാടന കേന്ദ്രത്തില്‍ അല്‍ഫോന്‍സിയന്‍ ആത്മീയ വര്‍ഷം
ഭരണങ്ങാനം തീര്‍ത്ഥാടന കേന്ദ്രത്തില്‍ സ്ലീവ 2024-25 എന്ന പേരില്‍ അല്‍ഫോന്‍സിയന്‍ ആത്മീയവര്‍ഷമായി ആഘോഷിക്കും. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് തടത്തില്‍ അധ്യക്ഷത വഹിക്കും. മെയ് 19-ന് രാവിലെ ആറിനുള്ള വിശുദ്ധ കുര്‍ബാനയ്ക്കുശേഷമാണ് ഉദ്ഘാടന ചടങ്ങുകള്‍.
ഭരണങ്ങാനം ഫൊറോനപള്ളി വികാരി ഫാ. സഖറിയാസ് ആട്ടപ്പാട്ട്, മിഷനറി സൊസൈറ്റി ഓഫ് സെന്റ് തോമസ് ഡയറക്ടര്‍ ജനറല്‍ റവ. ഡോ. വിന്‍സന്റ കദളിക്കാട്ടില്‍ പുത്തന്‍പുര, എഫ്സിസി ഭരണങ്ങാനം പ്രോവിന്‍സ് പ്രോവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജസി മരിയ ഓലിക്കല്‍, അസീസി ആശ്രമം സുപ്പീരിയര്‍ ഫാ. മാര്‍ട്ടിന്‍ മാന്നാത്ത്, ഡിഎസ്ടി സന്യാസിനീസമൂഹം സൂപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ സലോമി മൂക്കന്‍തോട്ടം എന്നിവര്‍ പ്രസംഗിക്കും.
ആത്മീയ സാധനയെ സംബന്ധിച്ച ദേശീയ, അന്തര്‍ദേശീയ സെമിനാറുകള്‍, മലയാളം, തമിഴ്, ഹിന്ദി ഭാഷകളില്‍ നടത്തുന്ന അല്‍ഫോന്‍സാ പഠനശിബിരങ്ങള്‍ ഉള്‍പ്പെടെ ആത്മീയ ഉണര്‍വ് പകരുന്ന അമ്പതിന പ്രോഗ്രാമുകളാണ് അല്‍ഫോന്‍സാ സ്പിരിച്വാലിറ്റി സെന്റര്‍ വിഭാവനം ചെയ്തിരിക്കുന്നത്.
അല്‍ഫോന്‍സിയന്‍ കൂട്ടായ്മ, അല്‍ഫോന്‍സിയന്‍ കുടുംബം, ഭക്തി, പഠനം, ആത്മീയത, ആഘോഷങ്ങള്‍, നവീകരണങ്ങള്‍, സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍, ശിശുക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സമര്‍പ്പിതര്‍ക്കും വൈദികര്‍ക്കും വേണ്ടിയുള്ള നവീകരണ പ്രോഗ്രാമുകള്‍, അല്‍ഫോന്‍സിയന്‍ സാംസ്‌കാരികവേദി, പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കുംവേണ്ടിയുള്ള ശുശ്രൂഷകള്‍, അല്‍ഫോന്‍സാ ഗാര്‍ഡന്‍, കള്‍ച്ചറല്‍ മ്യൂസിയം എന്നിവയും അല്‍ഫോന്‍സിയന്‍ ആത്മീയവര്‍ഷത്തിന്റെ കര്‍മപരിപാടികളുടെ ഭാഗമാണ്.