എപ്പാര്‍ക്കിയല്‍ അസംബ്ലിക്ക് തിങ്കളാഴ്ച തുടക്കം
താമരശ്ശേരി രൂപത മൂന്നാമത് എപ്പാര്‍ക്കിയല്‍ അസംബ്ലി മെയ് 20 മുതല്‍ 22 വരെ പുല്ലൂരാംപാറ ബഥാനിയ ധ്യാനകേന്ദ്രത്തില്‍ നടക്കും. ‘ഉണര്‍ന്ന് പ്രശോഭിക്കുക’ എന്ന ആപ്തവാക്യം സ്വീകരിച്ച് വിശ്വാസം, കുടുംബം, സമുദായം എന്നീ മൂന്ന് വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ആലോചനകളും ചര്‍ച്ചകളും പ്രായോഗിക നിര്‍ദ്ദേശങ്ങളും രൂപപ്പെടുത്തുകയാണ് അസംബ്ലിയുടെ ലക്ഷ്യം. രൂപതാ റൂബി ജൂബിലിയുടെ പശ്ചാത്തലത്തിലാണ് അസംബ്ലി നടക്കുന്നത്. ഇടവക കുടുംബക്കൂട്ടായ്മകളിലും ഫെറോനകളിലും നടന്ന ചര്‍ച്ചകളില്‍ ഉയര്‍ന്ന ശുപാര്‍ശകളും പൊതുകാഴ്ചപ്പാടുകളും നിര്‍ദ്ദേശങ്ങളും ഉള്‍പ്പെടുത്തിയ വിഷയാവതരണ രേഖയെ അടിസ്ഥാനമാക്കിയാണ് അസംബ്ലിയില്‍ ചര്‍ച്ചകള്‍ നടക്കുന്നത്.
കാര്‍ഷിക പ്രതിസന്ധികളും വന്യമൃഗശല്യവും തൊഴിലില്ലായ്മയുടെ ഫലമായി വര്‍ദ്ധിച്ച വിദേശ കുടിയേറ്റവും ദളിത് ക്രൈസ്തവര്‍ നേരിടുന്ന പ്രശ്‌നങ്ങളും ക്രൈസ്തവ ന്യൂനപക്ഷങ്ങളോടുള്ള അവഗണനയും വിശ്വാസജീവിതത്തെ ദുര്‍ബലപ്പെടുത്തുന്ന സാഹചര്യങ്ങളും കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍ പ്രസിഡന്റും, ഫാ. തോമസ് ചിലമ്പിക്കുന്നേല്‍ ജനറല്‍ കണ്‍വീനറും, ഫാ. സെബാസ്റ്റ്യന്‍ കാവളക്കാട്ട് ജനറല്‍ സെക്രട്ടറിയുമായ സെന്‍ട്രല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ അസംബ്ലിക്കായി ഒരു വര്‍ഷത്തെ തയ്യാറെടുപ്പുകളാണ് നടന്നത്.
ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ അധ്യക്ഷതയില്‍ നടക്കുന്ന പ്രാരംഭ സമ്മേളനം തലശ്ശേരി അതിരൂപത മുന്‍ മെത്രാപ്പോലിത്ത മാര്‍ ജോര്‍ജ് ഞെരളക്കാട്ട് ഉദ്ഘാടനം ചെയ്യും. ബുധനാഴ്ച നടക്കുന്ന സമാപന സമ്മേളനത്തില്‍ തലശ്ശേരി അതിരൂപത മെത്രാപ്പോലിത്ത മാര്‍ ജോസഫ് പാംബ്ലാനിയില്‍ മുഖ്യപ്രഭാഷണവും മലങ്കര ഓര്‍ത്തഡോക്‌സ് സഭ മലബാര്‍ ഭദ്രാസനാധ്യക്ഷന്‍ ഗീവര്‍ഗ്ഗീസ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണവും നടത്തും. പാസ്റ്ററല്‍ കൗണ്‍സില്‍, വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍, സംഘടനകള്‍, നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നവര്‍ എന്നിങ്ങനെ വൈദീക സന്യസ്ത അല്‍മായ പ്രതിനിധികളായ 120 പേര്‍ അസംബ്ലി അംഗങ്ങളാണ്. റൂബി ജൂബിലിയിലും തുടര്‍വര്‍ഷങ്ങളിലും രൂപത ഏറ്റെടുക്കേണ്ടവയും ഊന്നല്‍ നല്‍കേണ്ടവയുമായ വിശ്വാസപരവും വിശ്വാസ സമൂഹത്തെ ബാധിക്കുന്നവയും പൊതുമണ്ഡലത്തേക്കൂടി ഉള്‍ച്ചേര്‍ക്കുന്നവയുമായ വിവിധ വിഷയങ്ങളില്‍ അസംബ്ലിരൂപതാധ്യക്ഷന് ശുപാര്‍ശകള്‍ സമര്‍പ്പിക്കും.