ഭാവിയിലേക്ക് വഴികാട്ടാന്‍ എയ്ഡര്‍ എഡ്യൂകെയര്‍ – ഫ്യൂച്ചറിസ്റ്റിക് എഡ്യൂക്കേഷന്‍ പ്രൊജക്റ്റ്
തൊഴില്‍ സാധ്യതകളും വ്യക്തിത്വഗുണങ്ങളും പരിഗണിച്ച് വിദ്യാഭ്യാസമേഖലകള്‍ നിശ്ചയിക്കാനും മികച്ച സ്ഥാപനങ്ങള്‍ തിരഞ്ഞെടുക്കാനും പ്രവേശന പരീക്ഷകള്‍ എഴുതാനും വിദ്യാര്‍ത്ഥികളെ ഒരുക്കുന്ന എയ്ഡര്‍ എഡ്യൂകെയര്‍ – ഫ്യൂച്ചറിസ്റ്റിക് എഡ്യൂക്കേഷന്‍ പ്രൊജക്റ്റ് ഉദ്ഘാടനം ചെയ്തു. എപ്പാര്‍ക്കിയല്‍ അസംബ്ലി സമാപന സമ്മേളനത്തില്‍ തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാബ്ലാനി വിദ്യാര്‍ത്ഥികള്‍ക്ക് ലോഗോ കൈമാറിയാണ് പ്രൊജക്ട് ഉദ്ഘാടനം ചെയ്തത്.
താമരശ്ശേരി രൂപതയിലെ ഒന്‍പതാം ക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികളെയും വരും വര്‍ഷങ്ങളില്‍ നേരിട്ടും ഓണ്‍ലൈന്‍ മുഖേനയും ബന്ധപ്പെടുകയും ഒരു വര്‍ഷത്തോളം അവരെ വ്യക്തിപരമായി പഠിച്ച് കഴിവുകള്‍, അപ്റ്റിറ്റിയൂഡ്, താത്പര്യം, ആനുകൂല്യങ്ങള്‍ക്കുള്ള അര്‍ഹത, കുടുംബ പശ്ചാത്തലം, വ്യക്തിപരമായ പ്രശ്നങ്ങള്‍ എന്നിവ മനസിലാക്കി കുട്ടികള്‍ക്ക് ഭാവിയിലേക്കുള്ള വഴിതെളിക്കുന്ന പദ്ധതിയാണ് എയ്ഡര്‍ എഡ്യൂകെയര്‍ – ഫ്യൂച്ചറിസ്റ്റിക് എഡ്യൂക്കേഷന്‍ പ്രൊജക്ട്.
വിദ്യാപീഠം, എയ്ഡര്‍ എഡ്യൂകണക്ട് എന്നീ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ ഈ പ്രൊജക്ടിന്റെ ഭാഗമായി ഉപയോഗപ്പെടുത്തി വരുന്നു. ചെറുപ്പത്തില്‍ തന്നെ തൊഴില്‍ ബന്ധിതമായ കരിക്കുലം വീത്തേ വിദ്യാപീഠം മുഖേന നിര്‍മ്മിച്ച് സൂക്ഷിക്കാനും അഭിരുചികള്‍ക്കനുസരിച്ച ആഡ് ഓണ്‍ കോഴ്സുകള്‍ ചെയ്യാനും കുട്ടികള്‍ക്ക് സാധിക്കും.
ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ സഭ മലബാര്‍ ഭദ്രാസനം മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ പക്കോമിയോസ്, മോണ്‍. അബ്രഹാം വയലില്‍, എയ്ഡര്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഫാ. സബിന്‍ തൂമുള്ളില്‍, എയ്ഡര്‍ എഡ്യൂകെയര്‍ ഡയറക്ടര്‍ ഫാ. ജോര്‍ജ് വെള്ളയ്ക്കാക്കുടിയില്‍, ഫാ. അഭിലാഷ് ചിലമ്പിക്കുന്നേല്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍.
എഡ്യൂകെയര്‍ മെന്റര്‍മാരാ സിസ്റ്റര്‍ സജിനി ജോര്‍ജ്, സിസ്റ്റര്‍ റ്റിസി ജോസ്, സിസ്റ്റര്‍ സ്‌നേഹ മെറിന്‍, സിസ്റ്റര്‍ സോന മരിയ, സിസ്റ്റര്‍ ടെസ്ന ജോര്‍ജ്, സിസ്റ്റര്‍ ക്രിസ്റ്റീന റോസ് എന്നിവരും വേദിയില്‍ സന്നിഹിതരായിരുന്നു.