പോളിടെക്‌നിക് കോളജുകളിലേക്ക് അപേക്ഷിക്കാം
സംസ്ഥാനത്തെ പോളിടെക്നിക്ക് കോളജുകളിലേക്കുള്ള പ്രവേശന നടപടികള്‍ തുടങ്ങി. www.polyadmission.org എന്ന വെബ്സൈറ്റില്‍ പ്രോസ്പെക്ടസ് ലഭ്യമാണ്. ഈ സൈറ്റില്‍ ജൂണ്‍ 11ന് അകം ഓണ്‍ലൈനായി ഫീസടച്ച് ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്തണം. അപേക്ഷാഫീ 200 രൂപ.
രജിസ്ട്രേഡ് മൊബൈല്‍ നമ്പര്‍/രജിസ്ട്രേഷന്‍ നമ്പര്‍, ഒടിപി വഴി ലോഗിന്‍ ചെയ്ത് കാന്‍ഡിഡേറ്റ്സിന് ഡാഷ്ബോര്‍ഡിലെത്താം. വിവരങ്ങള്‍ നല്‍കി ജൂണ്‍ 12 ന് അകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. ആകെ 27710 സീറ്റുകളുണ്ട്. ഇത്തവണ സംസ്ഥാനതല അലോട്ട്മെന്റ് രണ്ട് തവണ മാത്രമാണ്. ഇതിനു ശേഷവും സീറ്റ് ഒഴിവുണ്ടെങ്കില്‍ ഒരു ജില്ലാതല കൗണ്‍സിലിങും അതതു സ്ഥാപനങ്ങളില്‍ 2 സ്പോട്ട് അഡ്മിഷനും നടത്തും.
പ്രവേശന യോഗ്യത
ഉപരിപഠനത്തിന് അര്‍ഹതയോടെ 2 ചാന്‍സിനകം എസ്എസ്എല്‍സി/ടിഎച്ച്എസ്എല്‍സി/ തുല്യപരീക്ഷ ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. മാത്സും സയന്‍സും പഠിച്ചവര്‍ക്കു എന്‍ജിനീയറിങ്, കൊമേഴ്സ് എന്നീ രണ്ട് കൈവഴികളിലേക്കും ശ്രമിക്കാം. മാത്സ് വിഷയം പഠിച്ചെങ്കിലും മറ്റ് സയന്‍സ് വിഷയങ്ങള്‍ പഠിക്കാത്തവര്‍ക്കു കൊമേഴ്സ് കൈവഴിയിലേക്കു മാത്രമേ അപേക്ഷിക്കാനാവൂ.
സേ/ബെറ്റര്‍മെന്റ് അധിക ചാന്‍സല്ല. സിബിഎസ്സികാര്‍ ബോര്‍ഡ് പരീക്ഷ ജയിച്ചിരിക്കണം. എസ്എസ്എല്‍സി തുല്യ പരീക്ഷയിലെ ടോട്ടല്‍ ഗ്രേഡ് പോയിന്റ് ആവറേജില്‍ കുട്ടിയുടെ പശ്ചാത്തലമനുസരിച്ച് ആവശ്യമായ ബോണസ് മാര്‍ക്ക് ചേര്‍ത്തും രണ്ടാം ചാന്‍സിന് മാര്‍ക്കു കുറച്ചും ഇന്‍ഡക്സ് മാര്‍ക്ക് കണക്കാക്കും. ഈ ഇന്‍ഡക്സും വിദ്യാര്‍ഥിയുടെ താല്‍പര്യവും പരിഗണിച്ച് സംവരണത്തിന് വിധേയമായിട്ടാണ് സിലക്ഷനും അലോട്ട്മെന്റും.
ടിഎച്ച്എസ്എല്‍സിക്കാര്‍ക്ക് എന്‍ജിനീയറിങ്/ ടെക്നോളജി ശാഖകളില്‍ 10% സീറ്റ് സംവരണമുണ്ട്. വിഎച്ച്എസ്ഇക്കാര്‍ക്ക് അര്‍ഹതകയുള്ള ശാഖകളില്‍ രണ്ട് ശതമാനം. എല്ലാ ശാഖകളിലും നിര്‍ദിഷ്ടസീറ്റുകളില്‍ ഭിന്നശേഷിക്കാര്‍ക്ക് 5% എന്ന തോതില്‍ സംവരണം ലഭിക്കും. പ്രഫഷണല്‍ കോളജ് പ്രേവേശനത്തിന് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള 40% സാമുദായിക സംവരണവും പാലിക്കും. പട്ടികവര്‍ഗ്ഗക്കാര്‍ക്കുമാത്രം വരുമാനം നോക്കാതെ തന്നെ സംവരണം ലഭിക്കും. സാമ്പത്തിക്ക പിന്നാക്ക വിഭാഗത്തിന് 10% സംവരണമുണ്ട്.
ഇവയ്ക്കു പുറമേ സ്പോര്‍ട്സ്, എന്‍സിസി, വിമുക്ത ഭടന്മാരുടെ കുട്ടികള്‍, യുദ്ധത്തില്‍ വീരചരമമടഞ്ഞവരുടെ ആശ്രിതര്‍, ട്രാന്‍സ്ജെന്‍ഡര്‍, വിവിധ നോമിനികള്‍ മുതലായ വിഭാഗങ്ങള്‍ക്കു വിശേഷസംവരണമുണ്ട്. 60 ഡിബിയെങ്കിലും കേള്‍വിത്തകരാറുള്ള കുട്ടികള്‍ക്ക് കോഴിക്കോട്, കളമശ്ശേരി, തിരുവനന്തപുരം (വനിത) എന്നീ സര്‍ക്കാര്‍ പോളിടെക്നിക്കുകളില്‍ വിശേഷബാച്ചുകളുണ്ട്.