Diocese News

‘സഭ: ഭൗമിക-സ്വര്‍ഗീയ വധു’ പ്രകാശനം ചെയ്തു


താമരശ്ശേരി രൂപതാ വൈദികനും രൂപതയുടെ ദൈവശാസ്ത്ര-ബൈബിള്‍ പഠനകേന്ദ്രം ഡയറക്ടറുമായ റവ. ഡോ. മാത്യു കുളത്തിങ്കല്‍ രചിച്ച ‘The Church,Heavenly and Earthly Bride (സഭ: ഭൗമിക-സ്വര്‍ഗീയ വധു)’ : A Study on the memra on the Dedication of the Church, attributed to Narsai of Nisibis എന്ന ഗ്രന്ഥം മല്‍പ്പാന്‍ ഡോ. മാത്യു വെള്ളാനിക്കല്‍ പ്രകാശനം ചെയ്തു. സെന്റ് തോമസ് ദിനാചരണത്തോടനുബന്ധിച്ച് വടവാതൂര്‍ സെമിനാരിയിലായിരുന്നു പ്രകാശന ചടങ്ങ്.

പാരീസിലെ കാത്തലിക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൗരസ്ത്യ സഭാപിതാക്കന്മാരുടെ സഭാദര്‍ശനങ്ങളെക്കുറിച്ച് ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഫാ. മാത്യു കുളത്തിങ്കല്‍ സഭയെക്കുറിച്ച് സഭാപിതാക്കന്മാരില്‍ നിന്ന് പഠിക്കാന്‍ സഹായകരമായ രീതിയിലാണ് ഗ്രന്ഥം രചിച്ചിരിക്കുന്നത്. അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പൗരസ്ത്യ സഭാപിതാക്കന്മാരില്‍ പ്രമുഖനായ നിസിബിസിലെ നര്‍സായിയുടെ സഭാദര്‍ശനങ്ങള്‍ മറ്റ് ആദ്യകാല പൗരസ്ത്യ സഭാപിതാക്കന്മാരുടെ ചിന്തകളോട് കോര്‍ത്തിണക്കി നെയ്തെടുത്ത സമഗ്രവും, ക്രമീകൃതവുമായ ഡോക്ടറല്‍ ഗവേഷണത്തില്‍ നിന്ന് രൂപപ്പെട്ടതാണ് ഈ ഗ്രന്ഥം.

സഭയെ കേവലം നിര്‍ജ്ജീവമായ പ്രതീകങ്ങളില്‍ മാത്രം ഒതുക്കാതെ സഭയെ ഒരു വ്യക്തിയായും, വ്യക്തികളുടെ കൂട്ടമായ ജനമായും കാണുന്ന മനോഹരമായ സഭാദര്‍ശനം നര്‍സായിയില്‍ നാം കാണുന്നു. രക്ഷയുടെ ഭൗമീക-സ്വര്‍ഗ്ഗീയ തലങ്ങളെ വിവാഹം എന്ന മനോഹരമായ പ്രതീകത്തിലൂടെ അവതരിപ്പിച്ച് സഭയുടെ പൂര്‍വ്വകാലവും, വര്‍ത്തമാനകാലവും, ഭാവികാലവും നര്‍സായി തന്റെ രചനകളില്‍ വരച്ചു കാണിക്കുന്നു. നിസ്തര്‍ക്കമായും പൗരസ്ത്യ സഭാശാസ്ത്രത്തിന്റെ പിതാവ് എന്ന് വിളിക്കപ്പെടാന്‍ നര്‍സായി തികച്ചും യോഗ്യനാണെന്ന് ഈ ഗ്രന്ഥം ബോധ്യപ്പെടുത്തുന്നു.

സുറിയാനി ഭാഷയിലും-സാഹിത്യത്തിലും, തത്വശാസ്ത്രത്തിലും, മനഃശാസ്ത്രത്തിലും മാസ്റ്റര്‍ ബിരുദമുള്ള റവ. ഡോ. മാത്യു കുളത്തിങ്കല്‍ വിവിധ മേജര്‍ സെമിനാരികളിലും, മറ്റു ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും സഭാപിതാക്കന്മാരെക്കുറിച്ചും, സഭാശാസ്ത്രത്തെക്കുറിച്ചും, സുറിയാനി ഭാഷയെക്കുറിച്ചും, മനഃശാസ്ത്രത്തെക്കുറിച്ചും ക്ലാസ് എടുക്കുന്നുണ്ട്.

താമരശ്ശേരി രൂപതയിലെ കുടുംബക്കൂട്ടായ്മ, ജെറിയാട്രിക് കെയര്‍ വിഭാഗങ്ങളുടെ രൂപതാ ഡയറക്ടര്‍കൂടിയാണ് റവ. ഡോ. മാത്യു കുളത്തിങ്കല്‍.


Leave a Reply

Your email address will not be published. Required fields are marked *