Editor's Pick

‘അനന്തമായ അന്തസ്സ്’: ഇന്ത്യന്‍ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തില്‍


ഫാ. ഷിബി കാട്ടിക്കുളക്കാട്ട് MCBS

2024 ഏപ്രില്‍ എട്ടിന് വിശ്വാസ തിരുസംഘം പ്രസിദ്ധീകരിച്ച ‘അനന്തമായ അന്തസ്സ്’ (Dignitas Infinita) എന്ന പ്രബോധനരേഖ മനുഷ്യജീവന്റെ മഹത്വത്തെ പ്രതിപാദിക്കുന്നു. കത്തോലിക്കാസഭയുടെ സാമൂഹിക പ്രബോധനങ്ങള്‍ക്ക് അടിസ്ഥാനമായ മനുഷ്യമഹത്വം എന്ന വിഷയത്തെ കഴിഞ്ഞ കാലങ്ങളില്‍ കത്തോലിക്കാസഭ വിശകലനം ചെയ്യുകയും പഠിപ്പിക്കുകയും ചെയ്തതിന്റെ തുടര്‍ച്ചയായിട്ടാണ് ‘അനന്തമായ അന്തസ്സ്’ എന്ന പ്രബോധനത്തെ കാണാന്‍.

മനുഷ്യന്റെ സാമൂഹിക ജീവിതത്തിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന സഭയുടെ സാമൂഹിക പ്രബോധനങ്ങള്‍ക്ക് കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും വലിയ ശ്രദ്ധ കിട്ടുന്നുണ്ട്. അതിനുള്ള പ്രധാന കാരണം ലോക പ്രശ്‌നങ്ങളോടുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ തുറന്ന സമീപനമാണ്. സഭയുടെ ഈ പ്രബോധനങ്ങളുടെ അടിസ്ഥാനമായി നിലകൊള്ളുന്നത് മനുഷ്യജീവന്റെ മഹത്വമാണ്.

നീതിപൂര്‍വമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുക, പ്രതിസന്ധികള്‍ നിറഞ്ഞ ഈ ലോകത്തില്‍ വിശുദ്ധിയോടെ ജീവിക്കാന്‍ മനുഷ്യരെ സഹായിക്കുക എന്നിവയൊക്കെയാണ് സഭയുടെ സാമൂഹിക പ്രബോധനങ്ങളുടെ ലക്ഷ്യം. മനുഷ്യജീവന്റെ മഹത്വം, പൊതുനന്മ, മനുഷ്യരുടെ അവകാശങ്ങള്‍, കടമകള്‍, പാവങ്ങളുടെ പക്ഷംചേരല്‍, തൊഴിലിന്റെ മഹത്വം, തൊഴിലാളികളുടെ അവകാശങ്ങള്‍, സഹാനുഭൂതി ഇവയൊക്കെയാണ് സഭയുടെ സാമൂഹിക പ്രബോധനങ്ങളുടെ ലക്ഷ്യമെങ്കിലും കഴിഞ്ഞ കാലങ്ങളില്‍ ഇവയ്ക്ക് വേണ്ടത്ര പ്രാധാന്യം ലഭിക്കാതെ പോയിട്ടുണ്ട്. അതിനാല്‍ പീറ്റര്‍ ജെ. ഹെന്‍ട്രിയോട്ട് തന്റെ ഒരു പുസ്തകത്തിന് നല്‍കിയിരിക്കുന്ന ശീര്‍ഷകം The Catholic Social Teaching: The Best Kept Secret എന്നാണ്. എന്നാല്‍, ഫ്രാന്‍സിസ് മാര്‍പാപ്പയുടെ, പ്രപഞ്ചത്തെ മനുഷ്യകുലത്തിന്റെ പൊതു ഭവനമായി (Common Home) കാണുന്ന ദൈവത്തിന് സ്തുതി (Laudato Si) എന്ന ചാക്രിക ലേഖനം സഭയ്ക്ക് പുറത്തും ഒത്തിരിയേറെ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. ഇതിനുശേഷം, ദൈവം പിതാവായ മനുഷ്യകുലത്തില്‍ മനുഷ്യരെല്ലാവരും സഹോദരങ്ങളാണ് എന്ന് പറയുന്ന മാര്‍പാപ്പയുടെ ‘സകലരും സഹോദരര്‍’ (Fratelli Tuti) സാഹോദര്യത്തിന്റെയും സാമൂഹിക സൗഹൃദത്തിന്റെയും ആവശ്യകതയും സാധ്യതയുമാണ് തുറന്ന് കാട്ടുന്നത്. ഇതിന്റെ തുടര്‍ച്ചയെന്നോണം വേണം വിശ്വാസ തിരുസംഘം പ്രസിദ്ധീകരിച്ച മനുഷ്യ ജീവന്റെ മഹത്വത്തെ പ്രതിപാദിക്കുന്ന ‘അനന്തമായ അന്തസ്സ്’ എന്ന പ്രബോധനത്തെ മനസ്സിലാക്കാന്‍.

ഒരു മനുഷ്യന് ഏത് പരിതാപകാരവും ദൗര്‍ഭാഗ്യകരവുമായ സാഹചര്യത്തില്‍ ജീവിക്കേണ്ടിവന്നാലും അനന്തവും അനിഷേധ്യവുമായ മഹത്വം അഥവാ അന്തസ്സുണ്ടെന്ന് ഈ ഡോക്യുമെന്റ് പ്രസ്താവിക്കുന്നു. കാരണം, ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യന്റെ സത്തയില്‍ തന്നെ അന്തര്‍ലീനമായിരിക്കുന്നതാണ് ഈ മഹത്വം. അനീതിയെ വെറുക്കുന്ന, പാവങ്ങളുടെയും അവഗണിക്കപ്പെടുന്നവരുടെയും പക്ഷം ചേരുന്ന, പരസ്പരമുള്ള പങ്കുവയ്ക്കലിനെയും കരുതലിനെയും വിലമതിക്കുന്ന, മനുഷ്യരുടെ നന്മയ്ക്കനുസൃതം അന്ത്യവിധി നടത്തുന്ന ദൈവം മനുഷ്യനോട് കാണിക്കുന്ന സ്‌നേഹമാണ് മനുഷ്യന്റെ അന്തസ്സിന്റെ അടിസ്ഥാനം. ഇത് ആരുടെയും ഔദാര്യമല്ല, ദൈവത്തിന്റെ ദാനം മാത്രമാണ്.

ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിന് സൃഷ്ടിക്കപ്പെടുകയും ക്രിസ്തുവിനാല്‍ മനുഷ്യാവതാരത്തിലൂടെ പുതുസൃഷ്ടിയാക്കപ്പെടുകയും ചെയ്ത മനുഷ്യന്‍ പരിശുദ്ധാത്മാവ് നയിക്കപ്പെട്ട് പിതാവിന്റെ മഹത്വം പ്രതിഫലിപ്പിച്ച് നിത്യജീവിതത്തില്‍ എത്താന്‍ വിളിക്കപ്പെട്ടിരിക്കുന്നു. നമ്മില്‍ അന്തര്‍ലീനമായിരിക്കുന്ന മഹത്വം നമ്മുടെ സ്വതന്ത്രവും ഉത്തരവാദിത്വപൂര്‍ണ്ണവുമായ നന്മയുടെ തെരഞ്ഞെടുപ്പ് ആശ്രയിച്ചാണിരിക്കുന്നത്.

മനുഷ്യ മഹത്വത്തെ വ്യക്തി മഹത്വമായി തെറ്റിദ്ധരിക്കുകയും പകരംവയ്ക്കുകയും ചെയ്യാവുന്നതല്ല. അതുപോലെ മനുഷ്യ മഹത്വം നിശ്ചയിക്കപ്പെടേണ്ടത് വ്യക്തിഗത ഏകപക്ഷീയതയിലൂടെയോ സമൂഹത്തിലെ അംഗീകാരത്തിലൂടെയോ അല്ല. ദൈവത്തില്‍ നിന്നുള്ള അകല്‍ച്ചയിലൂടെ അഥവാ പാപത്തിലൂടെ ദൈവം മനുഷ്യന് നല്‍കുന്ന അന്തസ്സ് നഷ്ടമാകുന്നു.

കഴിഞ്ഞ രണ്ടു പൊതു തെരഞ്ഞെടുപ്പുകളിലെ ഭാരതീയ ജനത പാര്‍ട്ടിയുടെ വലിയ വിജയങ്ങള്‍ക്ക് ശേഷം ഇത്തവണ സഖ്യ സര്‍ക്കാര്‍ നിലവില്‍ വന്നപ്പോള്‍ ഇന്ത്യന്‍ തിയോളജിക്കല്‍ അസോസിയേഷന്‍ (ITA) അതിനെ സ്വാഗതം ചെയ്തുകൊണ്ട് ഒരു പ്രസ്താവന ഇറക്കി. സാഹചര്യങ്ങളെ വികാരങ്ങള്‍ക്ക് അപ്പുറം യാഥാര്‍ത്ഥ്യബോധത്തോടെ കാണുകയും നാനാത്വത്തില്‍ ഏകത്വം എന്ന ഇന്ത്യയുടെ അടിസ്ഥാന തത്വത്തെ ഭൂരിപക്ഷം ജനങ്ങളും അടിവരയിടുകയും ചെയ്തത് രാജ്യത്തിന്റെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലെ നിര്‍ണായക നിമിഷമായി ITA വിലയിരുത്തി. കാരണം, കഴിഞ്ഞ സര്‍ക്കാരിന്റെ ശ്രദ്ധകുറവ് സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തില്‍, പ്രത്യേകിച്ച് കര്‍ഷകരുടെയും തൊഴിലാളികളുടെയും ഇടയില്‍ ഉണ്ടാക്കിയ ആഘാതവും ഭരണപക്ഷത്തിന് വെറുക്കപ്പെട്ടവരുടെ മേല്‍ പൊതുഏജന്‍സികളെ ഉപയോഗപ്പെടുത്തി നടത്തിയ പീഡനങ്ങളും ചെറുതല്ലെന്ന് പ്രസ്താവിക്കുന്നു.

വലിയ ഒരു വിഭാഗം ജനങ്ങളുടെ പ്രതീക്ഷകളും സ്വപ്‌നങ്ങളും പുതിയ ഭരണത്തിന്‍ കീഴില്‍ സാക്ഷാത്കരിക്കപ്പെടുമെന്ന വലിയൊരു പ്രത്യാശയും ഈ പ്രസ്താവനയില്‍ ഉണ്ടായിരുന്നു.

എല്ലാവരുടെയും ഗവണ്‍മെന്റ് എന്ന ഒരു പൊതുബോധം വീണ്ടെടുക്കപ്പെടേണ്ടത് ഇന്നിന്റെ ആവശ്യമാണ്. അല്ലെങ്കില്‍ വിഭജന രാഷ്ട്രീയം മതത്തിന്റെയും വര്‍ഗീയതയുടെയും പ്രാദേശികതയുടെയും വിഷവിത്തുകള്‍ വിതച്ച് രാഷ്ട്രീയനേട്ടം കൊയ്യാന്‍ എന്നും അധ്വാനിച്ചു കൊണ്ടിരിക്കും. ഇന്ത്യ എന്റെ രാജ്യമാണ് എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ് എന്ന ബോധ്യമുള്ളിടത്ത് മാത്രമേ മനുഷ്യ അന്തസ്സ് എന്ന ചിന്തയ്ക്ക് തന്നെ അര്‍ത്ഥമുള്ളൂ.

വികസന രാഷ്ട്രീയത്തെ മുറുകെ പിടിക്കുന്നതിനും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തെ അവസാനിപ്പിക്കുന്നതിനുമുള്ള നാളുകള്‍ അതിക്രമിച്ചിരിക്കുന്നു. അപ്രിയ സത്യങ്ങള്‍ വിളിച്ചു പറയുന്നവരെ എതിരാളികള്‍ മാത്രമായി കണ്ടു പീഡിപ്പിക്കുന്നതിനും നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനും പകരം അവയിലെ നന്മയുടെ വശങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനുള്ള വിവേകവും തുറവിയും ഉള്ളിടത്തെ നല്ല സമൂഹങ്ങള്‍ വളരുകയും മനുഷ്യാന്തസ് വിലമതിക്കപ്പെടുകയും ചെയ്യുകയുള്ളൂ.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന പേര് നിലനില്‍ക്കുമ്പോഴും വലിയ ഒരു സാമ്പത്തിക ശക്തിയായി നമ്മുടെ രാജ്യം വളരുമ്പോഴും ജനാധിപത്യമൂല്യങ്ങളുടെ ധ്വംസനം ലോക രാജ്യങ്ങളുടെ മുന്നില്‍ കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ പലയാവര്‍ത്തി നമുക്ക് തലകുനിച്ചു നില്‍ക്കേണ്ട സാഹചര്യം ഉണ്ടാക്കി. ഇവയ്ക്ക് വിപരീതമായി, ജനാധിപത്യമൂല്യങ്ങള്‍ നഷ്ടപ്പെടുത്താതെ മുന്നേറാന്‍, രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ജനങ്ങളുടെ സ്വാതന്ത്ര്യത്തിനും വില നല്‍കാന്‍, അതിലൂടെ എല്ലാ മനുഷ്യരുടെയും അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ ഭരണനേതൃത്വത്തിന് വലിയ ഉത്തരവാദിത്വമുണ്ട്. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഓരോ പൗരന്റെയും പ്രതീക്ഷയാണ് ഇത്.

മനുഷ്യ മഹത്വത്തിന് തടസവും മാനവ സമൂഹത്തിന് ഭീഷണിയുമായിരിക്കുന്ന ഇന്നത്തെ ഏതാനും വിപത്തുകളെ പ്രബോധനം വളരെ വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്. ദാരിദ്ര്യം, യുദ്ധം, കുടിയേറ്റം, മനുഷ്യക്കടത്ത്, ലൈംഗിക തിന്മകള്‍, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍, ഗര്‍ഭച്ഛിദ്രം, വാടക ഗര്‍ഭധാരണം, ദയാവധം, പ്രേരിതാത്മഹത്യ, ശാരീരിക വൈകല്യങ്ങള്‍ ഉള്ളവരോടുള്ള അവഗണന, ലിംഗ തത്വങ്ങള്‍, ലിംഗമാറ്റം, ഡിജിറ്റല്‍ അക്രമങ്ങള്‍ തുടങ്ങിയവയാണവ.

ആഗോളതലത്തില്‍ ഇവയുടെ പരിണിതഫലങ്ങള്‍ വിവിധ രാജ്യങ്ങള്‍ വിവിധ രീതിയിലാണ് അനുഭവിക്കുന്നത്. ഇക്കാര്യത്തില്‍ ഓരോ രാജ്യത്തിത്തിലേയും ഭരണസംവിധാനങ്ങള്‍ക്ക് നിയമനിര്‍മ്മാണത്തിലൂടെയും അവയുടെ നിര്‍വഹണത്തിലൂടെയും വളരെയധികം കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഇന്ത്യയിലെ പുതിയ സാഹചര്യത്തില്‍ ഓരോ പൗരന്റെയും പ്രതീക്ഷയും ഒപ്പം ആകുലതയും ആണിത്.

കുടിയേറ്റവും മനുഷ്യക്കടത്തും ഇന്ന് ഇന്ത്യ അഭിമുഖീകരിക്കുന്ന രണ്ടു വലിയ പ്രശ്‌നങ്ങളാണ്. ദാരിദ്ര്യമാണിതിന് കാരണമെന്ന് പറയാനാവില്ലെങ്കിലും സാമ്പത്തിക ഭദ്രതയില്ലായ്മയും തൊഴിലില്ലായ്മയും ചെന്നെത്തുന്നിടത്തെ ഉയര്‍ന്ന ജീവിത സാധ്യതകളും ഇവയില്‍ പ്രധാന പങ്കുവഹിക്കുന്നു. അതിനാല്‍ വിദ്യാസമ്പന്നരായവര്‍പോലും പിറന്ന നാടിനോടും സമൂഹത്തോടും വിടപറയാന്‍ ഒരു മടിയും ഇല്ലാത്ത സാഹചര്യം കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ സാധാരണമായിരിക്കുന്നു.

ആഗോള കുടിയേറ്റത്തിന്റെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇന്ന് വികസിത രാജ്യങ്ങളിലേക്ക് കുടിയേറുന്നവരില്‍ നല്ലൊരു പങ്ക് വിദ്യാസമ്പന്നരായ ഇന്ത്യക്കാരാണ് എന്ന് കാണാനാവും. വികസിത രാജ്യമാകാന്‍ വെമ്പുന്ന ഇന്ത്യയ്ക്ക് ഇത് ഭൂഷണമല്ല. 2023 മാര്‍ച്ച് 27 ന് ബിബിസി ന്യൂസില്‍ വന്ന ഒരു വാര്‍ത്തയുടെ തലക്കെട്ട് Kerala: A Ghost Town in the Worlds Most Populated Country എന്നായിരുന്നു.

1980 കളില്‍ എഴുന്നൂറ് കുട്ടികളുണ്ടായിരുന്ന കുമ്പനാട് എന്ന ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ഇന്ന് അന്‍പത് കുട്ടികള്‍ മാത്രമാണുള്ളതെന്നത്, ഈ നാടിന്റെ വലിയൊരു പ്രതിസന്ധിയെ വരച്ച് കാണിക്കുന്നു. ചെറുപ്പക്കാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും പ്രതീക്ഷയോടെ തങ്ങളുടെ ഭാവിയെ സ്വപ്‌നം കാണാനുള്ള സാമൂഹികവും സാമ്പത്തികവും മതപരവും രാഷ്ട്രീയവുമായ സാഹചര്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നത് ഭരണനേതൃത്വത്തിന്റെ പിടിപ്പുകേടായി കണക്കാക്കുന്നവര്‍ ഏറെയാണ്.

ഇന്ത്യയിലെ ദരിദ്രരുടെ ശതമാനത്തില്‍ കുറവുണ്ടാകുന്നുണ്ടെങ്കിലും സംഖ്യ എന്നും ഏറിവരികയാണ്. 2023 ലെ ബഹുദാരിദ്ര്യ സൂചിക പ്രകാരം ലോകത്തിലുള്ള ദരിദ്രരുടെ 40 ശതമാനവും വസിക്കുന്നത് ഇന്ത്യയിലാണ്. കഴിഞ്ഞ രണ്ടു ഭരണത്തിന്‍ കീഴില്‍ ഇവിടെയുള്ള സമ്പന്നര്‍ അതിസമ്പന്നരും ദരിദ്രര്‍ അതിദാരിദ്രരുമായി മാറുന്നതിന്റെ കണക്കുകളാണ് കാണാന്‍ കഴിയുക. ഇത് നല്‍കുന്ന സൂചന മനുഷ്യന്റെ അനന്തമായ അന്തസ്സ് ഇന്ത്യയുടെ സാഹചര്യത്തില്‍ തിരിച്ചറിയപ്പെടാനും പരിപോഷിപ്പിക്കപ്പെടാനും വിഘാതമായി നില്‍ക്കുന്ന കാര്യങ്ങള്‍ ഉണ്ടെന്നു തന്നെയാണ്.

മനുഷ്യ മഹത്വത്തെക്കുറിച്ച് ലോകരാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും വാചാലമാകുമ്പോഴും യുദ്ധങ്ങളും അതുണ്ടാക്കുന്ന പ്രതിസന്ധികളും ഓരോ ദിവസവും ഏറിവരുകയാണ്. പ്രത്യക്ഷമായ യുദ്ധത്തില്‍ ഏര്‍പ്പെടുന്നില്ലെങ്കിലും ആയുധങ്ങളുടെ വില്‍പ്പനയിലും വാങ്ങലിലും കഴിഞ്ഞ കാലങ്ങളില്‍ ഒന്നുമില്ലാത്ത വര്‍ദ്ധനവ് ‘അഹിംസ’യുടെ നാട്ടില്‍ ഉണ്ടായിട്ടുണ്ട്. മാത്രമല്ല, അതിര്‍ത്തി പ്രശ്‌നങ്ങളും, ആഭ്യന്തരമായി സംഘടിതമായ വര്‍ഗീയ കലാപങ്ങളും വംശീയ ഏറ്റുമുട്ടലുകളും വിരളമല്ല.

കഴിഞ്ഞ സര്‍ക്കാരിന്റെ കീഴില്‍ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരല്ല എന്ന് കഴിഞ്ഞ നാളുകളിലെ സംഭവവികാസങ്ങള്‍ തന്നെ തെളിയിച്ചതാണ്. പൗരത്വ ഭേദഗതി നിയമത്തിലൂടെ മുസ്‌ലീങ്ങളെയും, മണിപ്പൂര്‍ കലാപ സമയത്തെ നിസംഗതയിലൂടെ ക്രിസ്ത്യാനികളെയും, കര്‍ഷക സമരത്തോടുള്ള നിലപാടിലൂടെ സിഖ് വംശജരെയും ശത്രുപക്ഷത്ത് ആക്കിയ കഴിഞ്ഞ സര്‍ക്കാരിന്റെ നിലപാടുകള്‍ വിഘടന രാഷ്ട്രീയത്തിന്റെയും അതിലൂടെയുള്ള മുതലെടുപ്പിന്റെയും നേര്‍കാഴ്ചകള്‍ ആയിരുന്നു.

പാവങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച സ്റ്റാന്‍സ്വാമി എന്ന വൈദികന്റെ മരണവും ഒരു ജനാധിപത്യ രാജ്യത്തിന് കളങ്കം തന്നെയായിരുന്നു. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിനെ ഉപയോഗപ്പെടുത്തി തടവില്‍ ആക്കിയതും വ്യക്തിഹത്യകള്‍ ചെയ്തതുമെല്ലാം വ്യക്തിസ്വാതന്ത്ര്യത്തിന്റെ മേലുള്ള കടന്നുകയറ്റവും മനുഷ്യാന്തസ്സിന് എതിരായ തിന്മയുമായിരുന്നു. കഴിഞ്ഞ നാളുകളില്‍ ന്യൂനപക്ഷങ്ങള്‍ക്കും മറ്റ് അവഗണിക്കപ്പെട്ടവര്‍ക്കും രാഷ്ട്രീയ പകപോക്കലിന് ഇരയാക്കപ്പെട്ടവര്‍ക്കും ഉണ്ടായിട്ടുള്ള അകല്‍ച്ചകള്‍ പരിഹരിക്കേണ്ടത് ഉത്തമ ധാര്‍മിക ബോധമുള്ള ഗവണ്‍മെന്റിന്റെ ഉത്തരവാദിത്വമാണ്.

ലൈംഗിക തിന്മകളേയും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളേയും പ്രതിരോധിക്കുന്നതിനുള്ള നിയമങ്ങള്‍ ശക്തമാകുന്നുണ്ടെങ്കിലും കുറയുന്നില്ല എന്നത് ഇന്ത്യ ഇനിയും മാറേണ്ടിയിരിക്കുന്നു എന്നാണ് കാണിക്കുന്നത്.

ആറ് പ്രാവശ്യം ഭാരതീയ ജനതാ പാര്‍ട്ടിയിലൂടെ പാര്‍ലമെന്റ് അംഗമാവുകയും റസ്്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ്ആയിരിക്കുകയും ചെയ്ത ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ ഉയര്‍ന്ന ലൈംഗികപീഡനാരോപണവും അതേത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും ഒട്ടനവധി ജനാധിപത്യ വിശ്വാസികളെയും സ്ത്രീകളെയും കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്.

ഒരു മൈനര്‍ ആയ താരമുള്‍പ്പെടെ ഇന്ത്യയിലെ പ്രമുഖരായ ഏഴ് വനിതാ ഗുസ്തിതാരങ്ങള്‍ നല്‍കിയ പരാതി രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റെയും അധികാരത്തിന്റെയും മറവില്‍ നാളുകളോളം അവഗണിക്കപ്പെടുകയും പരാതിക്കാര്‍ നഷ്ടധൈര്യരാവുകയും ചെയ്തത് ഇന്ത്യയിലെ സ്ത്രീകളുടെ അന്തസ്സിന് പരിക്കേല്‍പ്പിക്കുന്നതായിരുന്നു. പുതിയ ഭരണത്തില്‍ വനിതാ മന്ത്രിമാരുടെ സാന്നിധ്യം 10% പോലും ഉറപ്പാക്കാത്തതും നേതൃത്വത്തിന്റെ ഈ മേഖലയിലെ ശ്രദ്ധക്കുറവിനെയാണ് കാണിക്കുന്നത്.

വ്യക്തിസ്വാതന്ത്ര്യത്തിന്റെ പേരില്‍ എല്ലാവിധത്തിലുള്ള ലൈംഗിക തിന്മകളുടെ പുറകെ ലോകം പായുമ്പോള്‍ കൂടെ ഓടാന്‍ വെമ്പുന്ന ഇന്ത്യയ്ക്ക് Dignitas Infinita ഒരു ഓര്‍മ്മപ്പെടുത്തല്‍ ആണ്; സെക്ഷ്വല്‍ ഓറിയന്റഷന്റെ പേരില്‍ വ്യക്തികളെ അവഗണിക്കരുത്, എന്നാല്‍ ലൈംഗിക വ്യത്യാസങ്ങളെ തെറ്റായി കാണുകയും അവഗണിക്കുകയും ചെയ്യരുത്. കാരണം, ഇവിടെ സ്വയം തീരുമാനമെടുക്കുന്ന മനുഷ്യന്‍ സ്വയം ദൈവത്തിന്റെ സ്ഥാനത്ത് നിറുത്തുകയും അവിടുത്തെ ദാനമായ ജീവനെയും സൃഷ്ടികര്‍മ്മത്തെ തന്നെയും തള്ളിക്കളയുകയും ചെയ്യുന്നു. ലിംഗ വ്യത്യാസത്തെ അംഗീകരിക്കുന്നിടത്താണ് വ്യക്തികള്‍ സ്വന്തം മഹത്വവും അനന്യതയും തിരിച്ചറിയുന്നത്.

ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമാണ് ഇന്ത്യയില്‍ ഭ്രൂണഹത്യ അനുവദനീയമായിരിക്കുന്നതെങ്കിലും ഇങ്ങനെ ഒരു വര്‍ഷം കൊലചെയ്യപ്പെടുന്ന കുഞ്ഞുങ്ങളുടെ എണ്ണം ചില രാജ്യങ്ങളിലെ ജനസംഖ്യയെക്കാളും വലുതായിരിക്കുന്നതും പ്രേരിത ആത്മഹത്യകള്‍ കൂടി വരുന്നതും മനുഷ്യന്റെ അനന്തമായ അന്തസ്സിനോടുള്ള മറുതലിപ്പിന്റെ അടയാളങ്ങളാണ്. ഇതിനിടയിലും കൊമേര്‍ഷ്യല്‍ വാടക ഗര്‍ഭധാരണത്തെ നിയമം കൊണ്ട് ഇന്ത്യയില്‍ ഇല്ലാതാക്കിയിട്ടുണ്ട് എന്നുള്ളത് (2021) അശാവഹമായ ഒരു കാര്യമാണ്.

ഇന്ന് ഇന്ത്യ എല്ലായിടങ്ങളിലും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് ഡിജിറ്റല്‍ ക്രൈം. സത്യത്തെ വളച്ചൊടിക്കുകയും സ്വന്തം താല്‍പര്യങ്ങള്‍ക്കായി ഒരു മടിയും കൂടാതെ നുണകള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രവണത ഇന്ത്യന്‍ രാഷ്ട്രീയ ഭൂമികയില്‍ ഈ നാളുകളില്‍ കടന്നുകൂടിയ വലിയൊരു തിന്മയാണ്.

പ്രതിപക്ഷത്തെയും എതിര്‍ ശബ്ദങ്ങളെയും ഇല്ലായ്മ ചെയ്യാന്‍ ഭരണനേതൃത്വത്തില്‍ ഉള്ളവര്‍ എല്ലാവിധ സാധ്യതകളെയും സംഘടിതമായി ഒരു സങ്കോചവും കൂടാതെ ഉപയോഗിക്കുന്ന രീതി കഴിഞ്ഞ നാളുകളില്‍ ഏറിയിട്ടുണ്ട്. ബോധപൂര്‍വം സത്യത്തെ തമസ്‌കരിക്കുകയും കൊലചെയ്യുകയും ചരിത്രത്തെ പോലും വളച്ചൊടിക്കുകയും ചെയ്യാന്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍ പോലും ഉപയോഗപ്പെടുത്തുന്നത് സാധാരണമായിരിക്കുന്നു എന്ന് പറയേണ്ടിയിരിക്കുന്നു. ഇത് നീതിന്യായ സംവിധാനങ്ങളെവരെ പലപ്പോഴും കാഴ്ചക്കാരാക്കുന്നു. ഈ പ്രവണത സാധാരണക്കാര്‍ക്ക് ജനാധിപത്യ സംവിധാനത്തിലുള്ള വിശ്വാസ്യതയും ബഹുമാനവും കുറച്ചിട്ടുണ്ട്.

പൊതുജനത്തിന് നഷ്ടപ്പെട്ട ഈ വിശ്വാസം വീണ്ടെടുക്കാനുള്ള വലിയ ഒരു അവസരമാണ് എന്‍ഡിഎ സര്‍ക്കാരിന് മൂന്നാമതും ലഭിച്ചിരിക്കുന്ന അധികാരം. മനുഷ്യനെ മനുഷ്യനായി കാണാനും മാനുഷിക മൂല്യങ്ങളെ വിലമതിക്കാനും സാധിച്ചെങ്കില്‍ മാത്രമേ ഗാന്ധിജിയുടെ പിന്മുറക്കാരായ നമുക്ക് നമ്മുടെ നാട്ടില്‍ സത്യത്തിന്റെയും നീതിയുടെയും പേരിനു കോടാലി വയ്ക്കപ്പെട്ടിട്ടില്ല എന്ന് ലോകത്തോട് വിളിച്ചു പറയാനാവൂ.

2002 ജൂലൈ മാസത്തില്‍ ടൊറന്റോയില്‍ നടന്ന ലോക യുവജന സമ്മേളനത്തില്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പറഞ്ഞു: ‘നമ്മള്‍ നമ്മുടെ കുറവുകളുടെയും പരാജയങ്ങളുടെയും ആകെ തുകയല്ല. പിതാവായ ദൈവത്തിന് നമ്മോടുള്ള സ്‌നേഹത്തിന്റെയും അവിടുത്തെ പുത്രനായ ഈശോമിശിഹായുടെ പ്രതിരൂപമായി മാറുന്നതിനുള്ള നമ്മുടെ കഴിവിന്റെയും ആകെ തുകയാണ് നാം.’

മനുഷ്യന്റെ അനന്തമായ അന്തസ്സ് അതിന്റെ പൂര്‍ണ്ണതയില്‍ മനസ്സിലാക്കുകയും ജീവിക്കുകയും ചെയ്തത് മനുഷ്യനായി അവതരിച്ച ക്രിസ്തുവാണ്. ജീവിതം ക്രിസ്തുവാകുന്ന, ക്രിസ്തുവിലാക്കുന്ന യാഥാര്‍ത്ഥവിശ്വാസിക്ക് ഈ അന്തസ്സ് മനസ്സിലാക്കുകയും ജീവിക്കുകയും ചെയ്യുക പ്രയാസമില്ല. ‘You are my property’ എന്ന് പറയുകയും, പറയപ്പെടാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ അറിയുന്നുണ്ടാവില്ല അതില്‍ ഒരു അടിമത്തം ഉണ്ടെന്ന്; ദൈവം നല്‍കിയ മഹത്വത്തിനും അന്തസ്സിനും അപ്പുറം നൈമിഷികമായ ചില സന്തോഷങ്ങള്‍ക്ക് വേണ്ടിയുള്ള അടിയറവെപ്പ് ആണെന്ന്.

ദൈവത്തില്‍ അടിസ്ഥാനമിട്ട മനുഷ്യന്റെ അന്തസ്സിന്റെ അപരിമേയത്വം ദൈവത്തോട് കൂടെ മാത്രമേ അനുഭവിക്കാന്‍ ആവൂ. അത് തിരിച്ചറിയുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കുടുംബങ്ങളിലും സമൂഹങ്ങളിലും രാജ്യങ്ങളിലും മാത്രമേ മനുഷ്യന്‍ ശരിക്കും മനുഷ്യന്‍ ആകുന്നുള്ളൂ, മനുഷ്യന്റെ അന്തസ്സ് അനന്തമാകുന്നുള്ളൂ.

(സനാതന ദിവ്യകാരുണ്യ വിദ്യാപീഠം,
എംസിബിഎസ് മേജര്‍ സെമിനാരി അധ്യാപകനാണ് ലേഖകന്‍)


Leave a Reply

Your email address will not be published. Required fields are marked *