കുടുംബങ്ങള്‍ സുവിശേഷ പ്രഘോഷണ വേദികള്‍: ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍
കുടുംബങ്ങള്‍ സുവിശേഷ പ്രഘോഷണ വേദികളാണെന്നും ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ പ്രേഷിത പ്രവര്‍ത്തനം കുടുംബ വിശുദ്ധീകരണമാണെന്നും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. അല്‍ഫോന്‍സാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് മുഖ്യകാര്‍മികത്വം വഹിച്ച് വചന സന്ദേശം നല്‍കുകയായിരുന്നു ബിഷപ്.
‘കുടുംബങ്ങള്‍ പ്രേഷിത മേഖലയാണെന്ന് പഠിപ്പിക്കുന്നതാണ് വിശുദ്ധ അല്‍ഫോന്‍സയുടെ ജീവിതം. വിശുദ്ധിയുടെ ആദ്യപാഠങ്ങള്‍ അല്‍ഫോന്‍സാമ്മ പഠിച്ചത് കുടുംബത്തില്‍ നിന്നാണ്. കുടുംബങ്ങളെ ശാക്തീകരിക്കാനും വിശുദ്ധീകരിക്കാനും അല്‍ഫോന്‍സാമ്മ ആഹ്വാനം ചെയ്യുന്നു. കുടുംബങ്ങള്‍ ഇന്ന് ഏറെ വെല്ലുവിളി നേരിടുകയാണ്. കമ്പോള സംസ്‌ക്കാരം കുടുംബങ്ങളുടെ അടിത്തറയിളക്കുന്നു. കുടുംബങ്ങളുടെ തകര്‍ച്ച സഭയുടെ അടിത്തറയിളക്കുമെന്നത് ഭീതിയോടെ നാം ഓര്‍ക്കണം. കുടുംബങ്ങളുടെ ശക്തിയാണ് സഭയുടെ നിലനില്‍പ്പിന്റെ അനിവാര്യത. വിവാഹം 25 വയസിനു മുമ്പ് നടത്തുവാനും കുറഞ്ഞത് മൂന്ന് കുട്ടികള്‍ക്കെങ്കിലും ജന്മം നല്‍കുവാനും ശ്രദ്ധിക്കണം. കുടുംബങ്ങളില്‍ നിന്ന് ദൈവവിളിയുണ്ടാകാന്‍ വേണ്ടിയും പ്രാര്‍ത്ഥിക്കണം’ – ബിഷപ് പറഞ്ഞു.
ഫാ. ബെന്നി മുണ്ടനാട്ട്, ഫാ. ജോസഫ് കളരിക്കല്‍, ഫാ. ജെയിംസ് കുഴിമറ്റത്തില്‍, ഫാ. ജേക്കബ് അരീത്ര എന്നിവര്‍ സഹകാര്‍മികരായിരുന്നു. താമരശ്ശേരി രൂപതയില്‍ നിന്നു നിരവധി വൈദികരും വിശ്വാസികളും തീര്‍ത്ഥാടന കേന്ദ്രത്തില്‍ എത്തിയിരുന്നു.