Diocese News

കേരളത്തില്‍ 9,993.7 ചതുരശ്ര കിലോമീറ്റര്‍പരിസ്ഥിതി ദുര്‍ബലം; കരട് വിജ്ഞാപനമിറങ്ങി


പശ്ചിമഘട്ടത്തിലെ 56,800 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം പരിസ്ഥിതി ദുര്‍ബല മേഖലയായി കേന്ദ്ര സര്‍ക്കാര്‍ കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. ഉരുള്‍പൊട്ടലില്‍ വലിയ നാശമുണ്ടായ വയനാട് ജില്ലയിലെ രണ്ടു താലൂക്കുകളിലെ 13 വില്ലേജുകള്‍ പരിസ്ഥിതി ദുര്‍ബല മേഖലയിലാണ്.

ജൂലൈ 31-ന് പുറത്തിറക്കിയ വിജ്ഞാപനത്തെക്കുറിച്ചുള്ള ആക്ഷേപങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാന്‍ 60 ദിവസം സമയമുണ്ട്.

കരട് വിജ്ഞാപന പ്രകാരം കേരളത്തിലെ 9,993.7 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം പരിസ്ഥിതി ദുര്‍ബല മേഖലയാണ്. ഇത് ഇടുക്കി ജില്ലയുടെ രണ്ടുമടങ്ങ് വരും.

ഏറ്റവും കൂടുതല്‍ പരിസ്ഥിതി ദുര്‍ബല മേഖലയുള്ളത് കര്‍ണ്ണാടകയിലാണ് – 20,668 ചതുരശ്ര കി.മി. ഏറ്റവും കുറവ് ഗുജറാത്ത് – 449 ചതുരശ്ര കി.മി. മഹാരാഷ്ട്രയില്‍ 17,340 ചതുരശ്ര കിലോമീറ്ററും ഗോവയില്‍ 1,461 ചതുരശ്ര കിലോമീറ്ററും തമിഴ്‌നാട്ടില്‍ 6,914 ചതുരശ്ര കിലോമീറ്ററും പരിസ്ഥിതി ദുര്‍ബല മേഖലയാണ്.

കരട് വിജ്ഞാപന പ്രകാരമുള്ള പരിസ്ഥിതി ദുര്‍ബല മേഖലകളില്‍ ക്വാറി, ഖനനം, മണല്‍ ഖനനം എന്നിവയ്ക്ക് പൂര്‍ണമായും നിരോധനമുണ്ട്. നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവ അന്തിമ വിജ്ഞാപനം വന്നതിനു ശേഷം അഞ്ചുവര്‍ഷത്തിനുള്ളിലോ, നിലവിലെ കാലാവധി തീരുന്നതു വരെയോ പ്രവര്‍ത്തിക്കാം. താപവൈദ്യുതി നിലയങ്ങള്‍ ഈ പ്രദേശങ്ങളില്‍ ആരംഭിക്കാന്‍ കഴിയില്ല. നിലവിലെ നിലയങ്ങള്‍ തല്‍സ്ഥിതി തുടരുമെങ്കിലും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയില്ല.

വന്‍കിട നിര്‍മാണ പ്രവര്‍ത്തനങ്ങളും ടൗണ്‍ഷിപ്പ് നിര്‍മാണവും ഇവിടെ അനുവദനീയമല്ല. നിലവിലെ കെട്ടിടങ്ങളില്‍ അറ്റകുറ്റപണികള്‍ നടത്തുന്നതിന് തടസ്സമില്ല.

ഇത് അഞ്ചാം തവണയാണ് കേന്ദ്രം കരട് വിജ്ഞാപനം പുറത്തിറക്കുന്നത്. പലതവണ ചര്‍ച്ചകള്‍ നടന്നെങ്കിലും അന്തിമ വിജ്ഞാപനം പുറത്തിറക്കാന്‍ കഴിഞ്ഞിരുന്നില്ല. 2023ല്‍ പുറത്തിറക്കിയ കരട് വിജ്ഞാപനത്തിന്റെ കാലാവധി ഒരു വര്‍ഷത്തേക്ക് നീട്ടിയിരുന്നു. ഈ കാലാവധി ജൂണില്‍ അവസാനിച്ച പശ്ചാത്തലത്തിലാണ് പുതിയ വിജ്ഞാപനം ഇറക്കിയത്.

1.60 ലക്ഷം ചതുരശ്ര കിലോമീറ്ററാണ് പശ്ചിമഘട്ടത്തിന്റെ വിസ്തീര്‍ണം. ചെങ്കുത്തായ മലനിരകളും നിത്യഹരിത വനങ്ങളുമാണ് പശ്ചിമ ഘട്ടത്തിന്റെ പ്രത്യേകത.


Leave a Reply

Your email address will not be published. Required fields are marked *