Special Story

അനുഗ്രഹത്തിന്റെ 50 വര്‍ഷങ്ങള്‍


ഇരുപതാം നൂറ്റാണ്ടിന്റെ മധ്യാഹ്നത്തില്‍ കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് കൃഷിക്ക് അനുയോജ്യമായ കൂടുതല്‍ ഭൂമി തേടിയെത്തിയ ഒരുകൂട്ടം കര്‍ഷകരാണ് വെറ്റിലപ്പാറയില്‍ ഒത്തുകൂടിയത്. വെറ്റിലപ്പാറയിലെ ആദ്യകാല കുടിയേറ്റക്കാരായ ഇഞ്ചനാനിയില്‍ പോള്‍, കോഴിക്കുന്നേല്‍ ആന്റണി, ചേനാപറമ്പില്‍കുന്നേല്‍ സ്‌കറിയ എന്നിവരെ ഈ അവസരത്തില്‍ നന്ദിയോടെ സ്മരിക്കുന്നു. വെറ്റിലപ്പാറയിലെ ആദ്യകാല കുടിയേറ്റക്കാര്‍ അനുഭവിച്ച യാതനകള്‍ വളരെയേറെയാണ്.

പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന ആദ്യകാല കുടിയേറ്റക്കാര്‍, ജീവിതത്തിന്റെ മുന്നോട്ടുള്ള ഗമനം ഒരു ചോദ്യചിഹ്നമായി അവശേഷിച്ചപ്പോഴും ഒരു ദേവാലയം എന്ന സ്വപ്‌നം അവരില്‍ നാമ്പെടുത്തു. 1969 ല്‍ ഒരു താല്‍ക്കാലിക ഷെഡ്ഡില്‍ എല്ലാ ഞായറാഴ്ചയും തോട്ടുമുക്കം ഇടവകയില്‍ നിന്നും അച്ചന്‍ വന്ന് വി. കുര്‍ബ്ബാന അര്‍പ്പിച്ചു തുടങ്ങി. 1974ല്‍ വെറ്റിലപ്പാറ ഒരു ഇടവകയായി പ്രഖ്യാപിക്കുകയും ആദ്യ വികാരിയായി റവ. ഫാ. ജോര്‍ജ് ചിറയില്‍ ചുമതലയേല്‍ക്കുകയും ചെയ്തു. അക്കാലത്ത് 60 കത്തോലിക്കാ കുടുംബങ്ങള്‍ ആണ് വെറ്റിലപ്പാറയില്‍ താമസമുണ്ടായിരുന്നത്.

1974 ല്‍ ചുമതലയേറ്റ ഫാ. ജോര്‍ജ് ചിറയില്‍ മുതല്‍ ഇങ്ങോട്ട് 14 വൈദികര്‍ ഇടവകയുടെ വികാരി സ്ഥാനം അലങ്കരിക്കുകയും ഇപ്പോള്‍ 2024 ല്‍ ഗോള്‍ഡന്‍ ജൂബിലി വര്‍ഷത്തില്‍ ഫാ. ജോസഫ് വടക്കേല്‍ ചുമതല നിര്‍വഹിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

ഇടവക മധ്യസ്ഥനായ വിശുദ്ധ അഗസ്റ്റിനോസിന്റെ തിരുനാളിനോടനുബന്ധിച്ച് 2024 ഓഗസ്റ്റ് 28ന് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജൂബിലി ആഘോഷ പരിപാടികള്‍ താമരശ്ശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. അന്നേദിവസം ദേവാലയത്തില്‍ സ്ഥാപിച്ചിരിക്കുന്ന ജൂബിലിതിരി തെളിയിക്കുന്ന ചടങ്ങും പിതാവ് നിര്‍വഹിച്ചു. പിതാവിന്റെ ബാല്യകാലത്ത് വെറ്റിലപ്പാറയുടെ അവസ്ഥയും ഒരു ഇടവക കെട്ടിപ്പടുക്കുന്നതിന് ആദ്യകാല കുടിയേറ്റക്കാര്‍ അനുഭവിച്ച യാതനയും തദവസരത്തില്‍ പിതാവ് അനുസ്മരിക്കുകയുണ്ടായി.

വെറ്റിലപ്പാറ ഇടവക ദേവാലയത്തില്‍ നിന്നും പുല്ലൂരാംപാറ ബഥാനിയായിലേക്ക് ഒരു ജൂബിലി പ്രഘോഷണ റാലിയും ജപമാല സമര്‍പ്പണവും സെപ്റ്റംബര്‍ ആറാം തീയതി നടത്തി. ജപമാല മധ്യേ ഫാ. ബിനുപുളിക്കല്‍ വെറ്റിലപ്പാറ ഇടവകക്കാരെ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുകയും വെറ്റിലപ്പാറ ഇടവകയുടെ പുതിയ ദേവാലയം എന്ന സ്വപ്‌നം അതിവേഗം സാക്ഷാത്കരിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

തിരുനാളിനോട് അനുബന്ധിച്ച് ഇടവകയിലെ വയോജനങ്ങളുടെ ഒരു സംഗമം 2024 ജനുവരി 15ാം തീയതി ദേവാലയത്തില്‍ വച്ച് നടത്തി. വെറ്റിലപ്പാറ ഗ്രാമവും ഇടവകയും ഇന്നത്തെ നിലയില്‍ എത്തിക്കുന്നതിന് അക്ഷീണം പ്രയത്‌നിച്ച ആദ്യകാല കുടിയേറ്റക്കാരെയും പിന്‍മുറക്കാരെയും ചടങ്ങില്‍ അനുസ്മരിച്ചു. റവ. ഫാ. പ്രിന്‍സ് നെല്ലരിയില്‍ അര്‍പ്പിച്ച ദിവ്യബലിയോടനുബന്ധിച്ച് സംഗമത്തില്‍ പങ്കെടുത്ത എല്ലാവരെയും ആദരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.

വെറ്റിലപ്പാറ ഇടവകയെ സംബന്ധിച്ചിടത്തോളം അത് ബാല്യവും കൗമാരവും കഴിഞ്ഞ് ഗോള്‍ഡന്‍ ജൂബിലിയുടെ നിറവിലാണ്. ഇടവകയെ മുന്നില്‍ നിന്ന് നയിച്ച് ഇന്നത്തെ നിലയില്‍ ആക്കിയ വൈദികരെ മറന്നുള്ള ഒരു ജൂബിലിയെ കുറിച്ച് ചിന്തിക്കാനേ കഴിയില്ല. പകച്ചുനിന്ന ജനതയ്ക്ക് ദിശാബോധം നല്‍കി ആത്മധൈര്യം പകര്‍ന്ന് വികസനത്തിന്റെ പാതകള്‍ ഒന്നൊന്നായി ചവിട്ടി കയറാന്‍ മുന്നില്‍ നിന്ന് പട നയിച്ച് വെറ്റിലപ്പാറ ഇടവകയെ ഇന്നത്തെ ഈ നിലയിലേക്ക് എത്തിച്ച വികാരി അച്ചന്‍മാരെ ഇടവകാ ജനം നിറഞ്ഞ മനസ്സോടെ ആദരിക്കുകയും അവര്‍ക്ക് നന്ദി അര്‍പ്പിക്കുകയും ചെയ്തു. ഇടവകയുടെ വികസനത്തോടൊപ്പം നാടിന്റെ വികസനവും മുന്നോട്ടു കൊണ്ടുപോകാന്‍ ഇവര്‍ക്ക് കഴിഞ്ഞു എന്ന കാര്യം പ്രത്യേകം സ്മരിക്കപ്പെട്ടു.

ഇവരുടെ കാലത്തെ ദൈവവിളികളുടെ നേര്‍ സാക്ഷ്യങ്ങളായി ഇടവകയില്‍ നിന്നുള്ള വൈദികരും സിസ്റ്റേഴ്‌സും ഈ സംഗമത്തില്‍ സന്നിഹിതരായിരുന്നു.

1989 മുതല്‍ ഹോളിക്രോസ് സിസ്റ്റേഴ്‌സിന്റെ വെറ്റിലപ്പാറയിലെ സാന്നിധ്യവും വിദ്യാഭ്യാസ മേഖലയില്‍ ഇന്ന് പത്താംക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുന്ന അവരുടെ വിദ്യാഭ്യാസ സ്ഥാപനവും സമസ്ത മേഖലകളിലും ഉള്ള അവരുടെ നിറസാന്നിധ്യവും ഈ സംഗമത്തില്‍ പ്രത്യേക സ്മരിക്കപ്പെട്ടു.

ഇടവക ജൂബിലിയുടെ ഭാഗമായി തിരുന്നാളിനോട് അനുബന്ധിച്ച് നടന്ന മറ്റൊരു പ്രധാനപ്പെട്ട പരിപാടിയാണ് മതാധ്യാപക സംഗമം. ഇടവക രൂപീകൃതമായത് മുതല്‍ മതാധ്യാപക സേവനം നടത്തിയവരും ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നവരുമായ എല്ലാ മതാധ്യാപകരുടെയും സംഗമം തൃശൂര്‍ അതിരൂപതാ മുന്‍ മെത്രാപ്പോലീത്ത മാര്‍ ജേക്കബ് തുങ്കുഴി പിതാവ് ഉദ്ഘാടനം ചെയ്തു. നമ്മുടെ സമുദായം നേരിട്ടുകൊണ്ടിരിക്കുന്ന ചില വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ യുവജനങ്ങളെ നേര്‍വഴിക്ക് നയിക്കുന്നതില്‍ മതാധ്യാപകരുടെ പങ്ക് വളരെ വലുതാണെന്ന് പിതാവ് അനുസ്മരിക്കുകയുണ്ടായി. ചടങ്ങില്‍ ഏറ്റവും സീനിയര്‍ മതാധ്യാപകനായ വെട്ടിക്കുഴിച്ചാലില്‍ മത്തന്‍ ചേട്ടനെ പിതാവ് പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങില്‍ പങ്കെടുത്ത എല്ലാ മതാധ്യാപകരെയും അനുമോദിക്കുകയും ആദരിക്കുകയും അവര്‍ക്ക് ഉപഹാരങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തു.

തിരുനാളിനോട് അനുബന്ധിച്ച് ജനുവരി 18-ാം തീയതി വൈകുന്നേരം ഇടവക രൂപീകരണം മുതല്‍ ഇന്നുവരെ ഇടവകയില്‍ സേവനമനുഷ്ഠിച്ച കൈക്കാരന്മാരുടെയും അക്കൗണ്ടന്റുമാരുടെയും സമ്മേളനം നടത്തി. ആഘോഷമായ വിശുദ്ധകുര്‍ബാനയോട് അനുബന്ധിച്ച് തലശ്ശേരി അതിരൂപത മുന്‍ മെത്രാപ്പോലീത്ത മാര്‍ ജോര്‍ജ് ഞരളക്കാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ഇടവക വികാരിയോട് ചേര്‍ന്ന് നിന്ന് അര്‍പ്പണബോധത്തോടും ആസൂത്രണ മികവോടുകൂടി ഇടവകയുടെ പ്രവര്‍ത്തനങ്ങളിലെല്ലാം സര്‍വ്വാത്മനാ സഹകരിച്ച, സഹകരിച്ചുകൊണ്ടിരിക്കുന്ന കൈക്കാരന്മാരുടെയും അക്കൗണ്ടന്റുമാരുടെയും സേവനത്തെ പിതാവ് പ്രകീര്‍ത്തിച്ചു. ചടങ്ങില്‍ വെച്ച് ഏറ്റവും കൂടുതല്‍ കാലം 9 തവണ കൈക്കാരന്‍ ആയിട്ടുള്ള വെട്ടിക്കുഴിച്ചാലില്‍ മാത്യുവിനെ പിതാവ് പൊന്നാട അണിയിച്ച് ആദരിച്ചു.

ജൂബിലി ആഘോഷവേളയിലെ മറ്റൊരു പ്രധാന പ്രവര്‍ത്തനം ആയിരുന്നു ഒരു ജൂബിലി ഭവനം ഒരുക്കിയെടുക്കുകയും അത് അര്‍ഹതപ്പെട്ട ആള്‍ക്ക് ഏല്‍പ്പിച്ചു കൊടുക്കുകയും ചെയ്തത്.

ജൂബിലി വര്‍ഷത്തില്‍ വെറ്റിലപ്പാറ ഇടവക സീറോ മലബാര്‍ മാതൃവേദി അന്‍പത് നോമ്പുകാലത്ത് താമരശ്ശേരി രൂപതയുടെ കീഴിലുള്ള 14 പള്ളികളിലായി മാര്‍ച്ച് 9 ന് കുരിശിന്റെ വഴി നടത്തി. രാവിലെ ഏട്ടിന് വെറ്റിലപ്പാറ സെന്റ് അഗസ്റ്റ്യന്‌സ് ദേവാലയത്തില്‍ നിന്ന് ആരംഭിച്ച് വൈകുന്നേരം മൂന്നരയോടുകൂടി താമരശ്ശേരി മേരി മാതാ കത്ത്രീഡ്രല്‍ പള്ളിയില്‍ സമാപിച്ചു. ഈ പരിഹാര പ്രദിക്ഷണ കുരിശിന്റെ വഴിക്ക് വികാരി ഫാ. അരുണ്‍ വടക്കേല്‍ നേതൃത്വം നല്‍കി. വെറ്റിലപ്പാറ, പനംപ്ലാവ്, തോട്ടുമുക്കം, ചുണ്ടത്തുംപൊയില്‍, മരഞ്ചാട്ടി, പുഷ്പഗിരി, കൂടരഞ്ഞി, പുന്നക്കല്‍, പുല്ലൂരാംപാറ, നെല്ലിപ്പൊയില്‍, ചെമ്പുകടവ്, കോടഞ്ചേരി, കൂടത്തായി, താമരശ്ശേരി എന്നീ പള്ളികളിലൂടെയാണ് കുരിശിന്റെ വഴി നടത്തിയത്.

ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 25 നോമ്പിന്റെയും 50 നോമ്പിന്റെയും ദിവസങ്ങളില്‍ മുടങ്ങാതെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത കുഞ്ഞുങ്ങളുടെ തീര്‍ത്ഥാടനം സംഘടിപ്പിച്ചു. ഭരണങ്ങാനം, രാമപുരം, മാന്നാനം, കുറവിലങ്ങാട്, ആലുവ മംഗലപ്പുഴ സെമിനാരി എന്നീ സ്ഥലങ്ങളിലേക്കുള്ള തീര്‍ത്ഥാടനം വികാരി ഫാ. അരുണ്‍ വടക്കേലിന്റെ നേതൃത്വത്തിലായിരുന്നു. എഴുപതോളം കുട്ടികളും അധ്യാപകരും തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തു.

ജൂബിലിയുമായി ബന്ധപ്പെട്ട പരിപാടികള്‍ വളരെ മികച്ച നിലയില്‍ മുന്നോട്ടു കൊണ്ടു പോകാന്‍ കഴിഞ്ഞത് അരുണ്‍ അച്ചന്റെ ഇക്കാര്യത്തിലുള്ള പ്രവര്‍ത്തന പരിചയവും മികവുമാണ്. ഇടതടവില്ലാതെ വാക്കുകളും വാചകങ്ങളും വര്‍ണ്ണനകളും എടുത്ത് അമ്മാനമാടുന്ന അദ്ദേഹത്തിന്റെ പ്രസംഗശൈലി, സംഘാടന മികവ്, സൂക്ഷ്മതലത്തിലുള്ള ആസൂത്രണം, സഭാകാര്യങ്ങളില്‍ ആഴത്തിലുള്ള അറിവ് ഇതൊക്കെ എടുത്തുപറയേണ്ടത് തന്നെ. കഴിഞ്ഞില്ല അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വെറ്റിലപ്പാറയില്‍ വലിയ കാര്യങ്ങള്‍ സംഭവിക്കാന്‍ ഇരിക്കുന്നതേയുള്ളൂ.

ജൂബിലിയുടെ നിറവില്‍ നില്‍ക്കുന്ന വെറ്റിലപ്പാറ ഇടവകയെ സംബന്ധിച്ച് ഏത് കോണില്‍ നിന്ന് നോക്കിയാലും വളര്‍ച്ചയുടെ ഒരു കാലഘട്ടമായിരുന്നു ഈ കഴിഞ്ഞ അമ്പത് വര്‍ഷക്കാലം എന്ന് നിസ്സംശയം പറയാം. അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ നിരവധിയാണ്. ബഹുമാനപ്പെട്ട വികാരിയച്ചന്മാര്‍, കൈക്കാരന്മാര്‍, കമ്മറ്റി അംഗങ്ങള്‍, സണ്‍ഡേസ്‌കൂള്‍ അധ്യാപകര്‍ , വിവിധ സംഘടനകള്‍ എന്നിവരെ നന്ദിയോടെ സ്മരിക്കുന്നു. മണ്‍മറഞ്ഞുപോയ ആദ്യകാല കുടിയേറ്റക്കാര്‍ പുരോഹിതര്‍ എന്നിവരുടെ സ്മരണയ്ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.


Leave a Reply

Your email address will not be published. Required fields are marked *