ബിജെപി എംഎല്‍എയുടെ വിദ്വേഷ പ്രസംഗം; 130 കിലോമീറ്റര്‍ മനുഷ്യ ചങ്ങല തീര്‍ത്ത് ക്രൈസ്തവര്‍
ഛത്തീസ്ഗഡിലെ ബിജെപി എംഎല്‍എ റെയ്മുനി ഭഗത്ത് യേശുക്രിസ്തുവിനെയും ക്രൈസ്തവരെയും ആക്ഷേപിച്ചതില്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈസ്തവര്‍ ജഷ്പൂര്‍ ജില്ലയില്‍ 130 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മനുഷ്യച്ചങ്ങല തീര്‍ത്തു.
പഥല്‍ഗാവ് മുതല്‍ ലോഡം വരെ കത്‌നി-ഗുംല ഹൈവേയിലൂടെ സമാധാനപരമായി കൈകോര്‍തായിരുന്നു മനുഷ്യ ചങ്ങല തീര്‍ത്തത്.
സെപ്തംബര്‍ ഒന്നിന് ദേക്നി ഗ്രാമത്തിലെ പരിപാടിയിലായിരുന്നു എംഎല്‍എയുടെ വിവാദ പരാമര്‍ശം. ജംഷഡ്പൂരില്‍ ക്രിസ്ത്യന്‍ കുടുംബങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും വ്യാജരേഖ ചമച്ചാണ് മതപരിവര്‍ത്തനം നടന്നിരുന്നതെന്നും ഉള്‍പ്പെടെ ക്രൈസ്തവര്‍ക്ക് നേരെ രൂക്ഷ വിമര്‍ശനമാണ് റെയ്മുനി നടത്തിയത്. വീഡിയോ വൈറലായതിനെ തുടര്‍ന്ന് നിരവധി പേര്‍ റെയ്മുനിക്കെതിരെ നടപടി ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ചു.
‘റെയ്മുനിയുടെ പരാമര്‍ശത്തില്‍ വലിയ അമര്‍ഷമുണ്ട്. പൊലീസ് നടപടിയൊന്നും എടുത്തിട്ടില്ല. ഞങ്ങള്‍ മനുഷ്യച്ചങ്ങല നടത്തി സമാധാനപരമായി പ്രതിഷേധിച്ചു. എന്നാല്‍ എംഎല്‍എയ്ക്കെതിരെ പോലീസ് നടപടിയെടുക്കാത്തത് തുടര്‍ന്നാല്‍ റോഡ് ഉപരോധം പോലുള്ള നടപടികളിലേക്ക് കടക്കും.’ ക്രിസ്ത്യന്‍ ആദിവാസി മഹാസഭ നേതാവ് അനില്‍ കുമാര്‍ കിസ്പോട്ട പറഞ്ഞു.
മനുഷ്യച്ചങ്ങലയില്‍ പങ്കെടുത്തവര്‍ തങ്ങള്‍ ക്രിസ്ത്യാനികളാണെന്ന് തെളിയിക്കാന്‍ സാധുവായ സര്‍ട്ടിഫിക്കറ്റുകള്‍ കാണിക്കണമെന്നായിരുന്നു റെയ്മുനി ഇതിനോടു പ്രതികരിച്ചത്. ഛത്തീസ്ഗഡില്‍ നിലവില്‍ ബിജെപി സര്‍ക്കാരാണ് ഭരണത്തില്‍. ജസ്പൂരില്‍ നിന്നുള്ള നിയമസഭാംഗമാണ് റേമുനി.
പൊലീസ് നടപടി ഇനിയും വൈകിയാല്‍ പ്രതിഷേധം കടുപ്പിക്കുമെന്ന് ക്രിസ്ത്യന്‍ ആദിവാസി മഹാസഭ വ്യക്തമാക്കി.