ഹാലോവീന്‍: പൈശാചിക ആഘോഷമാക്കരുതെന്ന് കെസിബിസി ജാഗ്രതാ കമ്മീഷന്‍
സകല വിശുദ്ധരുടെയും തിരുനാള്‍ ദിനത്തോടനുബന്ധിച്ച് നടത്തുന്ന ഹലോവീന്‍ ആചരണത്തെ വിചിത്രവും പൈശാചികവുമായ ആഘോഷങ്ങളാക്കി മാറ്റുന്നതിനെതിരെ ജാഗ്രത വേണമെന്നു കെസിബിസി ജാഗ്രത കമ്മീഷന്‍.
നവംബര്‍ ഒന്ന് സകല വിശുദ്ധരുടെയും തിരുനാള്‍ ദിനത്തോടനുബന്ധിച്ച് തലേദിവസം നടത്തുന്ന ആചരണം ലക്ഷ്യമാക്കിയിരുന്നത് വിശുദ്ധരുടെ മാതൃകകളെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള വിചിന്തനവും ധ്യാനവുമായിരുന്നെങ്കില്‍, അത്തരമൊരു പവിത്രമായ ആചരണത്തിന്റെ കച്ചവടവല്‍ക്കരണം വിചിത്രവും പൈശാചികവുമായ ആഘോഷങ്ങളായി മാറ്റിയെന്ന് ജാഗ്രത കമ്മീഷന്‍ ചൂണ്ടിക്കാട്ടി. സാത്താനിക വേഷഭൂഷാദികളും മുഖമൂടികളും ചേഷ്ഠകളും അനുകരിച്ചുകൊണ്ടുള്ള ആഘോഷപരിപാടികളാണ് പലയിടങ്ങളിലും ഹാലോവീന്‍ ദിനത്തോടനുബന്ധിച്ച് കണ്ടുവരുന്നത്.
സമീപകാലത്താണ് കേരളത്തിലെ ചില വിദ്യാലയങ്ങളില്‍ പ്രത്യേകിച്ച് കോളജുകളില്‍ ഹാലോവീന്‍ ദിനാഘോഷം കണ്ടുതുടങ്ങിയത്. അര്‍ത്ഥമറിയാതെ വിദ്യാര്‍ഥികള്‍ നടത്തുന്ന ആഘോഷങ്ങളില്‍ അവഹേളനപരമായ രീതിയില്‍ സമര്‍പ്പിത വസ്ത്രങ്ങളും പൈശാചിക മുഖമൂടികളും മറ്റും ധരിച്ചുകൊണ്ടുള്ള പ്രകടനങ്ങള്‍ കാണാറുണ്ട്. മുന്‍വര്‍ഷങ്ങളില്‍ ഹാലോവീന്‍ ദിനമായ ഒക്ടോബര്‍ 31 ന് കേരളത്തിലെ ചില കോളജുകളില്‍ അരങ്ങേറിയ ആഘോഷപരിപാടികള്‍ ക്രൈസ്തവ വിരുദ്ധതയുടെ അരങ്ങേറ്റമായി മാറുകയും വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു.
സന്യാസത്തെയും പൗരോഹിത്യത്തെയും അവഹേളിക്കുന്നതും പൈശാചികതയെ ദ്യോതിപ്പിക്കുന്നതുമായ വേഷവിധാനങ്ങളും നൃത്ത നൃത്യങ്ങളും ഹാലോവീന്‍ ആഘോഷങ്ങളുടെ മറവില്‍ അരങ്ങേറുന്നത് പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ല.
പങ്കെടുക്കുന്നവരിലും കാഴ്ചക്കാരിലും തെറ്റായ അഭിമുഖ്യങ്ങള്‍ ജനിപ്പിക്കാനിടയുള്ള ഹാലോവീന്‍ ആഘോഷങ്ങളില്‍നിന്ന് യുവജനങ്ങളും കുട്ടികളും അകന്നുനില്‍ക്കണമെന്ന മുന്നറിയിപ്പുകള്‍ പലപ്പോഴായി നല്‍കപ്പെട്ടിട്ടുണ്ടെങ്കിലും വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു.
ക്രൈസ്തവ സമൂഹവും ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇക്കാര്യം പ്രത്യേകമായി ശ്രദ്ധിക്കണമെന്നും കത്തോലിക്കാ വിശ്വാസത്തെയും, ക്രൈസ്തവ മൂല്യങ്ങളെയും കളങ്കപ്പെടുത്തുന്നതൊന്നും വിദ്യാലയങ്ങളില്‍ സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കെസിബിസി ജാഗ്രത കമ്മീഷന്‍ സെക്രട്ടറി ഫാ. ഡോ. മൈക്കിള്‍ പുളിക്കല്‍ പറഞ്ഞു.