ഒക്ടോബര്‍ 13: വിശുദ്ധ എഡ്വേര്‍ഡ് രാജാവ്

എഥെല്‍ഡ് രണ്ടാമന്റെ മകനാണ് ഇംഗ്ലീഷുചരിത്രത്തില്‍ നാം കാണുന്ന എഡ്വേര്‍ഡ് കണ്‍ഫെസ്സര്‍. നോര്‍മന്റി പ്രഭുവിന്റെ കൊട്ടാരത്തിലാണ് വിദ്യാഭ്യാസം നടത്തിയതെങ്കിലും കൊട്ടാരത്തിലെ വഷളത്തരങ്ങളൊന്നും ഈ യുവാവിനെ സ്പര്‍ശിച്ചില്ല. പ്രശാന്തവും മധുരവുമായിരുന്നു സ്വഭാവം. വിനയം മുഖത്തും സംഭാഷണത്തിലും പ്രകാശിച്ചിരുന്നു. ബാല്യം മുതല്‍ക്കേ രാജകുമാരനു വിശുദ്ധ കുര്‍ബാന കാണുന്നതിലും പ്രാര്‍ത്ഥനകള്‍ ചൊല്ലുന്നതിലും അതീവതാല്പര്യം ഉണ്ടായിരുന്നു.

നാല്പതാമത്തെ വയസ്സില്‍ അപ്രതീക്ഷിതമായി എഡ്‌വേര്‍ഡ് ഇംഗ്ലണ്ടിലെ രാജാവായി. ആരുടെയെങ്കിലും ഒരു തുള്ളി രക്തം ചിന്തി ആ സ്ഥാനം ലഭിക്കാന്‍ താന്‍ ഇച്ഛിക്കുന്നില്ലെന്ന് അദ്ദേഹം പറയുമായിരുന്നു. അങ്ങനെതന്നെ സംഭവിച്ചു. സിംഹാസനത്തില്‍ രാജാവിന്റെ വിനയവും ശാന്തതയും വാനവസദൃശമായ വിശുദ്ധിയും നവ്യമായ തേജസ്സോടെ വിരാ ജിച്ചു. പ്രഭുക്കന്മാരെ തൃപ്തിപ്പെടുത്താന്‍ ഒരു പ്രഭുകുമാരിയായ എഡ്ഗീതയെ വിവാഹം കഴിച്ചു. എന്നാല്‍ രണ്ടുപേരും കന്യാത്വത്തിനു ഭംഗം വരാതെ ആജീവനാന്തം തുടര്‍ന്നു.

ധനം അദ്ദേഹത്തെ വശീകരിച്ചിരുന്നില്ല. ഒരു ഭൃത്യന്‍ ഭണ്ഡാരത്തില്‍നിന്നു മോഷ്ടിക്കുന്നതു മൂന്നു പ്രാവശ്യം അദ്ദേഹം കണ്ടു. എന്നാല്‍ അയാളെ സ്വതന്ത്രനാക്കി വിട്ടതേയുള്ളൂ. തന്നെക്കാള്‍ സ്വര്‍ണ്ണത്തിനു കൂടുതല്‍ ആവശ്യം അവനാണന്നത്രേ രാജാവ് പറഞ്ഞത്.

കൊട്ടാരത്തിന്റെ പടിക്കല്‍ രാജാവു പലപ്പോഴും നിന്ന് അവിടെയെത്തിച്ചേരുന്ന ഭിക്ഷുക്കളോടും കുഷ്ഠരോഗികളോടും അദ്ദേഹം സംസാരിക്കുക പതിവായിരുന്നു. ചിലപ്പോള്‍ രോഗികളെ അത്ഭുതകരമായി സുഖപ്പെടുത്തുകയും ചെയ്തിരുന്നു.

നീണ്ട യുദ്ധങ്ങള്‍ രാജ്യത്തെ ദാരിദ്ര്യത്തില്‍ അമര്‍ത്തിയിരുന്നുവെങ്കിലും എഡ്വേര്‍ഡിന്റെ വിശുദ്ധിയും തീക്ഷണതയും രാജ്യത്തിന് ഐശ്വര്യം വരുത്തി. 24 കൊല്ലത്തെ അദ്ദേഹത്തിന്റെ ഭരണം അനുസ്യൂതമായ സമാധാനമായിരുന്നു. നശിച്ചുപോയിരുന്ന പള്ളികളെല്ലാം ഉദ്ധരിച്ചു. പുതിയ പള്ളികള്‍ പലതും പണിയിച്ചു. ഒടുവില്‍ പണിയിച്ചതു വെസ്റ്റ്മിനിസ്റ്റര്‍ ആബിയാണ്. നല്ലവനായ എഡ്വേര്‍ഡെന്നാണ് അക്കാലത്തെ ജനങ്ങള്‍ അദ്ദേഹത്തെ വിളിച്ചിരുന്നത്. ദുര്‍ബ്ബലര്‍ സുരക്ഷിതരായിരുന്നു. 24 വര്‍ഷത്തെ പരിശുദ്ധമായ ഭരണത്തിനു ശേഷം എഡ്‌വേര്‍ഡു കാലം ചെയ്തു.

ഒക്ടോബര്‍ 12: വിശുദ്ധ വില്‍ഫ്രഡ് മെത്രാന്‍

ബ്രിട്ടീഷ് ദ്വീപുകളിലും വിദേശങ്ങളിലും അനേകരെ മാനസാന്തരപ്പെടുത്തിയ വില്‍ഫ്രിഡ് നോര്‍ത്തമ്പര്‍ലന്റില്‍ ജനിച്ചു. പതിന്നാലു വയസ്സുള്ളപ്പോള്‍ ലിന്റിസുഫാണ്‍ ആശ്രമത്തില്‍ ദൈവശാസ്ത്രം പഠിക്കാന്‍ തുടങ്ങി. തുടര്‍ന്നു കാന്റര്‍ബറിയില്‍ പഠിക്കുകയും റോമയിലേക്ക് ഒരു യാത്ര ചെയ്യുകയുമുണ്ടായി. ഒരുകൊല്ലം ലിയോണ്‍സില്‍ അദ്ദേഹം താമസിച്ചു. അവിടെ ഒരു നല്ല വിവാഹാലോചന വന്നപ്പോള്‍ സമര്‍പ്പിത ജീവിതത്തിനുള്ള തന്റെ ആഗ്രഹം പ്രകടമാക്കി. മടങ്ങി റോമിലെത്തി ‘രക്തസാക്ഷികളുടെ കുഴിമാടങ്ങള്‍ സന്ദര്‍ശിച്ചു പ്രാര്‍ത്ഥിച്ചു. ലിയോണ്‍സിലേക്കു മടങ്ങി അദ്ദേഹം ആര്‍ച്ചുബിഷപ്പു ഡെല്‍ഫീനൂസിന്റെകൂടെ മൂന്നു കൊല്ലം താമസിച്ചു. 658-ല്‍ ആര്‍ച്ചുബിഷപ്പിനെ ക്രിസ്തുവിരോധികള്‍ വധിച്ചു. തന്റെ വത്സല പിതാവിനെ സംസ്‌ക്കരിച്ചശേഷം വില്‍ഫ്രിഡ് ഇംഗ്ലണ്ടിലേക്കു മടങ്ങി. ഡെയിറികളുടെ രാജാവ് അലെഫിഡ് സന്തോഷപൂര്‍വ്വം വില്‍ഫ്രഡിനെ സ്വാഗതം ചെയ്തു, മാത്രമല്ല ഒരാശ്രമത്തിനു വേണ്ട സ്ഥലവും അദ്ദേഹത്തിനു കൊടുത്തു. റിപ്പണ്‍ എന്ന സ്ഥലത്ത് അദ്ദേഹം ഒരാശ്രമം ആരംഭിച്ചു.
664-ല്‍ വില്‍ഫ്രിഡിനെ ലിന്റിസുഫാണിലെ മെത്രാനാക്കി; അഞ്ചുകൊല്ലത്തിനുശേഷം അദ്ദേഹത്തെ യോര്‍ക്കിലേക്കുമാറ്റി. അവിടെ അദ്ദേഹത്തിന് ദുഷ്ടരാജാക്കന്മാരുടെ ദുര്‍മ്മോഹങ്ങള്‍ക്കും ലൗകായതികരായ മെത്രാന്മാരുടെ ഭീരുത്വത്തിനും ഭക്തജനങ്ങളുടെ അബദ്ധങ്ങള്‍ക്കുമെതിരെ അടരാടേണ്ടിവന്നു. രണ്ടു പ്രാവശ്യം അദ്ദേഹം നാടുകടത്തപ്പെട്ടു. ഒരിക്കല്‍ കാരാഗൃഹത്തില്‍ അടയ്ക്കപ്പെട്ടു; അവസാനം അദ്ദേഹം വിജയം വരിച്ചു. അനേകം വര്‍ഷങ്ങളായി വന്നുകൂടിയ അഴിമതികള്‍ നീക്കി കത്തോലിക്കാജീവിതം പ്രാവര്‍ത്തികമാക്കി. 709 ഒക്ടോബര്‍ 12-ാം തീയതി ബിഷപ്പു വില്‍ഫ്രിഡ് തന്റെ സമ്മാനം വാങ്ങാനായി കര്‍ത്താവിങ്കലേക്കു പോയി. മരണനേരത്തു മാലാഖമാരുടെ മധുരമായ ഗാനങ്ങള്‍ ശ്രവ്യമായിരുന്നുവെന്നു ജീവചരിത്രകാരന്മാര്‍ പറയുന്നു.

ഭാരതത്തില്‍ ക്രൈസ്തവരുടെ മതസ്വാതന്ത്ര്യത്തിന് ഗുരുതര ഭീഷണിയെന്ന് റിപ്പോര്‍ട്ട്

മതപരിവര്‍ത്തന വിരുദ്ധ നിയമമടക്കം ബിജെപി സര്‍ക്കാര്‍ പാസാക്കിയ ചില നിയമങ്ങള്‍ രാജ്യത്ത് ക്രൈസ്തവ മതസ്വാതന്ത്ര്യത്തിന് വലിയ ഭീഷണിയാകുന്നുണ്ടെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡത്തിന്റെ (USCIRF) റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാരിന്റെ പല നയങ്ങളും ക്രൈസ്തവര്‍ക്ക് ഭീഷണിയാകുന്നതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം ക്രൈസ്തവര്‍ക്കു നേരെ നൂറ്റിഅറുപതിലധികം ആക്രമണങ്ങള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് യുഎസ്സിഐആര്‍എഫ് പറയുന്നു.

1998ലെ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം ആക്ട് (IRFA) പ്രകാരം സൃഷ്ടിക്കപ്പെട്ട ഒരു സ്വതന്ത്ര, ഉഭയകക്ഷി യുഎസ് ഫെഡറല്‍ ഗവണ്‍മെന്റ് ഏജന്‍സിയാണ് USCIRF. ഏജന്‍സി നേരിട്ടും വിശ്വസനീയമായ ആഭ്യന്തര, അന്തര്‍ദേശീയ മാധ്യമങ്ങളെ ആശ്രയിച്ചുമാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.

ഭാരതത്തിലെ ക്രിസ്ത്യാനികള്‍ അക്രമത്തിന്റെയും മതപരമായ വിവേചനത്തിന്റെയും ശത്രുതാപരമായ ഭീഷണികളാണ് നേരിടുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. യുഎസ് ഗവണ്‍മെന്റിന്റെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ ലംഘകരുടെ പട്ടികയില്‍ പ്രത്യേക ആശങ്കയുള്ള രാജ്യമായി (സിപിസി) ഭാരതത്തെ ചേര്‍ക്കണമെന്ന് സംഘടന ശുപാര്‍ശ ചെയ്യുന്നുണ്ട്. ജനുവരി മുതല്‍ മാര്‍ച്ച് വരെ, ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ 161 അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അതില്‍ 47 എണ്ണം ഛത്തീസ്ഗഢിലാണ് സംഭവിച്ചതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

മതസ്വാതന്ത്ര്യ ലംഘനങ്ങളുടെ സംഭവങ്ങളില്‍ വ്യക്തികള്‍, ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍ എന്നിവയ്ക്കെതിരായ ആക്രമണങ്ങളും ഉള്‍പ്പെടുന്നുണ്ട്. ‘നിര്‍ബന്ധിത മതപരിവര്‍ത്തനം’ എന്ന തെറ്റായ ആരോപണങ്ങളെ തുടര്‍ന്നാണ് ആക്രമണങ്ങളില്‍ ഏറെയും. രാജ്യത്തു പൊതുപ്രാര്‍ത്ഥനയ്ക്ക് പലയിടങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ടെന്നും വടക്കുകിഴക്കന്‍ ഇന്ത്യന്‍ സംസ്ഥാനമായ ആസാമില്‍, സര്‍ക്കാര്‍ അധികാരികള്‍ കഴിഞ്ഞ വര്‍ഷത്തിലുടനീളം ക്രൈസ്തവരെ ആവര്‍ത്തിച്ച് ലക്ഷ്യമിട്ടതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ആഗോള തലത്തില്‍ ക്രൈസ്തവര്‍ ഭീഷണി നേരിടുന്ന രാജ്യങ്ങളില്‍ പതിനൊന്നാം സ്ഥാനത്താണ് ഇന്ത്യ.

ഒക്ടോബര്‍ 11: വിശുദ്ധ ടരാക്കുസും പ്രാബൂസും അന്‍ഡ്രോണിക്കൂസും

ഡിയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ മതപീഡനത്തിനിടയ്ക്കു സിലീസിയായില്‍ ദൈവത്തെ മഹത്വപ്പെടുത്തിയ മൂന്നു രക്തസാക്ഷികളാണിവര്‍.

ടരാക്കൂസ് ഒരു റോമന്‍ സൈനികനാണ്. ക്രിസ്തീയ വിശ്വാസത്തിനെതിരായി പ്രവര്‍ത്തിക്കുന്നതിനു നിര്‍ബന്ധിക്കപ്പെടാതിരിക്കാന്‍ 65-ാമത്തെ വയസ്സില്‍ സൈന്യത്തില്‍നിന്നു പിരിഞ്ഞുപോന്നു.

പ്രാബൂസു പംഫീലിയാക്കാരനാണ്. ഒരു വലിയ സംഖ്യ കൊടുത്തു ക്രിസ്തുവിനെ സേവിക്കാനുള്ള സ്വാതന്ത്യം അദ്ദേഹം വാങ്ങി. അന്‍ഡ്രോണിക്ക്യൂസ് എഫേസൂസിലെ ഒരു പ്രധാന കുടുംബാംഗമാണ്.

304-ല്‍ മതമര്‍ദ്ദനം സര്‍വ്വവ്യാപകമാക്കിയപ്പോള്‍ ഈ മൂന്നുപേരേയും അറസ്റ്റു ചെയ്തു ടാര്‍സൂസിലേക്കു കൊണ്ടുപോയി. അവിടെവച്ചു ഗവര്‍ണര്‍ മാക്‌സിമൂസ് ഈ മൂന്നു രക്തസാക്ഷികളോടു നടത്തിയ സംഭാഷണം പ്രോകണ്‍സുലര്‍ രേഖയില്‍ ചേര്‍ത്തിരുന്നു.

ഗവര്‍ണരുടെ ചോദ്യങ്ങള്‍ക്ക് ഇവര്‍ നല്‍കുന്ന മറുപടി അല്പ വിശ്വാസികളെ ഇളക്കാതിരിക്കയില്ല. ടരാക്കൂസിനെ പ്രഹരിപ്പിച്ചപ്പോള്‍ അദ്ദേഹം ഗവര്‍ണറോടു പറഞ്ഞു: ‘അങ്ങ് എന്നെ ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ വിജ്ഞനാക്കിയിരിക്കുന്നു. സര്‍വ്വേശ്വരനിലും യേശു ക്രിസ്തുവിലുമുള്ള എന്റെ ശരണം വര്‍ദ്ധിച്ചിരിക്കുന്നു.’

പ്രോബൂസ് ഇങ്ങനെ ഗവര്‍ണരോടു പറഞ്ഞു: ‘അങ്ങ യുടെ മര്‍ദ്ദനങ്ങള്‍ എനിക്കു സൗരഭ്യമാണ്. യേശുക്രിസ്തു വിനെപ്രതി എത്രകണ്ടു കൂടുതല്‍ സഹിക്കുന്നുവോ അത്രകണ്ട് എന്റെ ആത്മാവ് ശക്തിപ്പെടുന്നു.’

മര്‍ദ്ദനങ്ങളെ സ്മരിച്ചുകൊണ്ടു മൂഢമായി വ്യാപരിക്കാതിരിക്കുക എന്നു ഗവര്‍ണര്‍ അന്‍ഡ്രോണിക്കുസിനോടു പറഞ്ഞ പ്പോള്‍ അദ്ദേഹം പ്രതിവചിച്ചു: ‘യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്കു ഈ മൗഢ്യം ആവശ്യമാണ്. ഭൗമികവിജ്ഞാനം നിത്യനാശത്തിലേക്കാണു നയിക്കുക.’

വിചാരണ കഴിഞ്ഞു മര്‍ദ്ദിതരായ ഈ ക്രിസ്ത്യാനികളെ മല്ലരംഗത്തു നിറുത്തി വന്യമൃഗങ്ങളെ അഴിച്ചുവിട്ടു. അനേകരെ കൊന്നു തിന്നിട്ടുള്ള സിംഹവും സിംഹിയും കരടിയും ഈ ക്രിസ്തുദാസന്മാരുടെ പാദങ്ങള്‍ സ്‌നേഹപൂര്‍വ്വം നക്കിത്തോര്‍ത്തിയതേയുള്ളു. ഇതുകണ്ടു ക്രുദ്ധനായ ഗവര്‍ണര്‍ കരടിയെ അടിച്ചുകൊല്ലാന്‍ ആജ്ഞാപിച്ചു. സിംഹത്തെ കുത്തി വേദനിപ്പിച്ചു നോക്കി. സിംഹി ഗര്‍ജ്ജിച്ചു മല്ലരംഗത്തുനിന്നു പോന്നപ്പോള്‍ ഗവര്‍ണര്‍ ഭയന്ന് അതിനെ കൂട്ടിലേക്ക് പ്രവേശിപ്പിച്ചു. അനന്തരം മല്ലന്മാരോട് ഈ മൂന്നു ക്രിസ്ത്യാനികളുടെ കഥ വാളുകൊണ്ട് അവസാനിപ്പിക്കാന്‍ ആജ്ഞാപിച്ചു. അങ്ങനെ മൂന്നു വിശുദ്ധരുണ്ടായി.

ഒക്ടോബര്‍ 10: വിശുദ്ധ ഫ്രാന്‍സിസ് ബോര്‍ജിയ

വലെന്‍സിയായില്‍ ഗാന്റിയാ എന്ന നഗരത്തില്‍ ഫ്രാന്‍സിസ് ജനിച്ചു. അവന്റെ അമ്മ വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ഭക്തയായിരുന്നു. അവള്‍ക്കു പ്രസവവേദന തുടങ്ങിയപ്പോള്‍ കുട്ടി ആണാണെങ്കില്‍ ഫ്രാന്‍സിസ് എന്നു പേരിടാമെന്നു നിശ്ചയിച്ചതാണ്. ആദ്യം ഫ്രാന്‍സിസ് ഉച്ചരിക്കാന്‍ പഠിച്ച വാക്കുകള്‍ ഈശോയും മറിയവുമാണ്. 12 വയസ്സുമുതല്‍ ആരഗോണ്‍ ആര്‍ച്ചുബിഷപ് ജോണിന്റെകൂടെ താമസിച്ചു സാഹിത്യവും തത്വശാസ്ത്രവും പഠിച്ചു. ചക്രവര്‍ത്തിനിയുടെ നിര്‍ദ്ദേശപ്രകാരം എലീനര്‍ ദെകാസ്‌ട്രോ എന്ന ഒരു പ്രഭ്വിയെ വിവാഹം കഴിച്ചു. എട്ടു മക്കളുണ്ടായി. അക്കാലത്ത് അദ്ദേഹം എല്ലാ ഞായറാഴ്ച്ചകളിലും വിശുദ്ധ കുര്‍ബാന കൈക്കൊണ്ടിരുന്നു.

രാജകൊട്ടാരത്തില്‍ താമസിക്കുമ്പോഴും ഫ്രാന്‍സിസിന്റെ ജീവിതം എത്രയും നിര്‍മ്മലമായിരുന്നെങ്കിലും ലോകത്തിനു ഫ്രാന്‍സിസ്സിന്റെ ഹൃദയത്തില്‍ കുറെയേറെ സ്ഥാനമുണ്ടായിരുന്നു. 1539 മേയ് ഒന്നിന് ഇസബെല്‍ ചക്രവര്‍ത്തിനി മരിച്ചു. ചക്രവര്‍ത്തിനിയുടെ ശരീരം തിരിച്ചറിഞ്ഞു ഗ്രാനഡായിലെ രാജകീയ ശ്മശാനത്തിലേക്ക് അകമ്പടി പോകുന്ന ചുമതല ഫ്രാന്‍സിസ്സിനായിരുന്നു. ശരീരം തിരിച്ചറിയുന്നതിനുവേണ്ടി ശവമഞ്ചം തുറന്നു. സൗന്ദര്യധാമമായിരുന്ന ഇസബെല്‍ ചക്രവര്‍ത്തിനിയില്‍ മരണം വരുത്തിയ മാറ്റം കണ്ടു ഫ്രാന്‍സിസ് പറഞ്ഞു: ‘ഉജ്ജ്വലമായിരുന്ന ആ നേത്രങ്ങള്‍ക്ക് എന്തു പറ്റി? സുന്ദരമായിരുന്ന ആ മുഖത്തിന്റെ പ്രൗഢിയും സൗന്ദര്യവും എവിടെ പോയി? അങ്ങുതന്നെയാണോ ഞങ്ങളുടെ ചക്രവര്‍ത്തിനി ഡോണാ ഇസബെല്‍?’

അവിടെവച്ചുതന്നെ ലൗകികാര്‍ഭാടങ്ങളോടു വെറുപ്പു തോന്നി. ഫാ. ജോണ്‍ ഓഫ് അവീലായുടെ ചരമപ്രസംഗവുംകൂടി കേട്ടപ്പോള്‍ തീരുമാനം ഒന്നു കൂടി ഭേദമായി. ആ പരിശുദ്ധ വൈദികനോട് ആലോചിച്ചു കൊണ്ടു താന്‍ ഭാര്യയെ അതിജീവിക്കുകയാണെങ്കില്‍ ഈശോ സഭയില്‍ ചേരുന്നതാണെന്ന് അദ്ദേഹം നിശ്ചയിച്ചു.

1546 മാര്‍ച്ച് 27-ന് ഭാര്യ മരിച്ചു. ഫ്രാന്‍സിസ് 36-ാം വയസ്സില്‍ ഈശോ സഭയില്‍ ചേര്‍ന്നു. 1548-ല്‍ വ്രതവാഗ്ദാനം ചെയ്തു. 1551-ല്‍ പുരോഹിതനായി. സ്ഥാനമാനങ്ങള്‍ വേണ്ടെന്നുവച്ചാണു സഭയില്‍ ചേര്‍ന്നതെങ്കിലും 1565-ല്‍ അദ്ദേഹം സഭയുടെ സുപ്പീരിയര്‍ ജനറലായി. തുര്‍ക്കികള്‍ക്കെ തിരായി ക്രിസ്തീയരാജാക്കന്മാരെ യോജിപ്പിക്കാന്‍ വിശുദ്ധ അഞ്ചാം പീയൂസു മാര്‍പാപ്പ ഫ്രാന്‍സിസ് ബോര്‍ജിയായോടാവശ്യപ്പെട്ടു. വിശുദ്ധന്‍ അനുസരിച്ചു.

എന്നാല്‍ യാത്രകളും ആലോചനകളും അദ്ദേഹത്തെ അത്യധികം ക്ഷീണിപ്പിച്ചു. റോമയില്‍ മടങ്ങിയെത്തി താമസിയാതെ 1572 ഒക്ടോബര്‍ 10-ന് അദ്ദേഹം അന്തരിച്ചു. അദ്ദേഹം സ്‌പെയിന്‍, ഫ്രാന്‍സ്, ബെല്‍ജിയം, ജര്‍മ്മനി, പോളണ്ട് എന്നീ പ്രദേശങ്ങളിലായി 31 പുതിയ കോളജുകള്‍ സ്ഥാപിച്ചു. ഫ്‌ളോറിഡാ, മെക്‌സിക്കോ, പെറു, ക്രീറ്റ് മുതലായ പ്രദേശങ്ങളില്‍ മിഷന്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തുകയും ചെയ്തു.

ഒക്ടോബര്‍ 9: വിശുദ്ധ ജോണ്‍ ലെയൊനാര്‍ഡി

മതപരിവര്‍ത്തനവും ട്രെന്റ് സൂനഹദോസും സമാപിച്ച ഉടനെ തിരുസ്സഭയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ വളരെ അധികം അധ്വാനിച്ച ഒരു വൈദികനാണ് ജോണ്‍ ലെയോനാര്‍ഡി. അദ്ദേഹം ഇറ്റലിയില്‍ ലൂക്കാ എന്ന പ്രദേശത്തു ജനിച്ചു. ഏതാനും നാള്‍ ഔഷധവ്യാപാരത്തില്‍ ഏര്‍പ്പെട്ടുവെങ്കിലും ആ തൊഴിലുപേക്ഷിച്ച്, ദൈവശാസ്ത്രം പഠിച്ച് 33-ാമത്തെ വയസ്സില്‍ വൈദികനായി. അദ്ദേഹത്തിന്റെ ആദര്‍ശങ്ങളില്‍ ആകൃഷ്ടരായി പല യുവജനങ്ങളും അദ്ദേഹത്തിന്റെ സംരക്ഷണയില്‍ പുരോഹിത ശിക്ഷണം സ്വീകരിച്ചുപോന്നു.

ലൂക്കാ റിപ്പബ്ലിക്ക് സന്യാസസഭകള്‍ക്കെതിരായിരുന്നതിനാല്‍ 13-ാം ഗ്രിഗോറിയോസ് പാപ്പായുടെ അംഗീകാരത്തോടുകൂടി അദ്ദേഹം ദൈവമാതാവിന്റെ വൈദികരുടെ ഒരു സന്യാസ സഭ സമാരംഭിച്ചു. രാഷ്ട്രീയമായ കാരണങ്ങളാല്‍ സഭയ്ക്ക് എതിര്‍പ്പുണ്ടാകുകയും അദ്ദേഹത്തന് ജീവിതശിഷ്ടം ലൂക്കാനഗരത്തിനു പുറമേ വസിക്കേണ്ടതായും വന്നു. വിശുദ്ധ ഫിലിപ്പുനേരി അദ്ദേഹത്തിനു വളരെയേറെ പ്രോല്‍സാഹനം നല്കി.

1579-ല്‍ അദ്ദേഹം വേദപഠനത്തിനുള്ള സഖ്യം ആരംഭിച്ചു. റോമയിലെ പ്രൊപ്പഗാന്ററാ കോളേജിന്റെ സ്ഥാപകരില്‍ ഒരാളാണു അദ്ദേഹം. ഒരു ക്രിസ്തീയ തത്വസംഹിത അദ്ദേഹം പ്രസിദ്ധം ചെയ്തു. ലെയൊനാര്‍ഡിയുടെ സഭ ഇറ്റലിയില്‍ വളരെ നന്മ ചെയ്തു. 1595-ല്‍ ക്ലെമെന്റ് മാര്‍പ്പാപ്പാ അദ്ദേഹത്തിന്റെ സഭയ്ക്ക് അംഗീകാരം നല്കി. പ്ലേഗുബാധിതരെ ശുശ്രൂഷിച്ചുകൊണ്ടിരിക്കുമ്പോള്‍, 68-ാമത്തെ വയസ്സില്‍ അദ്ദേഹം നിര്യാതനായി. 1938-ല്‍ 11-ാം പീയൂസു മാര്‍പ്പാപ്പാ അദ്ദേഹത്തെ വിശുദ്ധനെന്നു നാമകരണം ചെയ്തു.

അല്‍ഫോന്‍സ കോളജില്‍ കരിയര്‍ എക്‌സ്‌പോ 2024

തിരുവമ്പാടി അല്‍ഫോന്‍സ കോളജും ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ റോബോട്ടിക്‌സ് & ഓട്ടോമേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന കരിയര്‍ എക്‌സ്‌പോ 2024ഒക്ടോബര്‍ 10-ന് രാവിലെ 9.30 മുതല്‍ വൈകിട്ട് 3.30 വരെ കോളജില്‍ നടക്കും. വിവിധ ഏജന്‍സികളില്‍ നിന്നായി 300-ല്‍ അധികം ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ എക്‌സ്‌പോയുടെ ഭാഗമായി ഒരുക്കുന്നുണ്ട്.

25 ദിവസങ്ങള്‍ കൊണ്ടോ, 6 മാസങ്ങള്‍ കൊണ്ടോ പൂര്‍ത്തീകരിക്കാവുന്ന വിവിധ കോഴ്‌സുകള്‍ കോളജ് കാമ്പസില്‍ തന്നെ പഠിക്കാനുള്ള സൗകര്യവുമുണ്ട്. ശനിയാഴ്ചകളിലും അവധി ദിവസങ്ങളിലും ഫുള്‍ ഡേ ബാച്ചായും പ്രവര്‍ത്തി ദിവസങ്ങളില്‍ ഈവനിങ് ബാച്ചായുമാണ് കോഴ്‌സുകള്‍ ക്രമീകരിക്കുന്നത്. ഇന്റേണ്‍ഷിപ്പിനും തൊഴില്‍ കണ്ടെത്താനുമുള്ള സൗകര്യമുണ്ട്. കോഴ്‌സുകളില്‍ ചേരുന്നവര്‍ക്ക് രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ ടെക്‌നോ സമ്മിറ്റുകളില്‍ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും.

റോബോട്ടിക്‌സ്, ഓട്ടോമേഷന്‍ രംഗത്തെ പുത്തന്‍ ടെക്‌നോളജികളും ട്രെന്റുകളും അവസരങ്ങളും അറിയാന്‍ കരിയര്‍ എക്‌സ്‌പോ 2024 ഉപകരിക്കും.

വിശുദ്ധ ഫ്രാന്‍സിസ് സേവ്യറെ അധിക്ഷേപിച്ച് മുന്‍ ആര്‍എസ്എസ് നേതാവ്: ഗോവയില്‍ വ്യാപക പ്രതിഷേധം

വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിനെതിരെ ഗോവയിലെ മുന്‍ ആര്‍എസ്എസ് തലവന്‍ സുഭാഷ് വെലിംഗ്കര്‍ നടത്തിയ പരാമര്‍ശത്തില്‍ വ്യാപക പ്രതിഷേധം. വിശുദ്ധ ഫ്രാന്‍സിസ് സേവ്യറുടെ തിരുശേഷിപ്പിന്റെ ഡിഎന്‍എ പരിശോധന നടത്തണമെന്ന പരാമര്‍ശമാണ് വിവാദമായത്. വെലിംഗ്കറിനെതിരെ ഞായറാഴ്ച ദക്ഷിണ ഗോവയില്‍ വിശ്വാസികളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നു. അതേസമയം വിശ്വാസികള്‍ സംയമനം പാലിക്കണമെന്ന് ഗോവ അതിരൂപത നേതൃത്വം അറിയിച്ചു.

സുഭാഷ് വെലിംഗ്കറുടെ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍എസ്എസും ബിജെപിയും സാമുദായിക സൗഹാര്‍ദം തകര്‍ക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

ഗോയഞ്ചോ സായ്ബ് (ഗോവയുടെ സംരക്ഷകന്‍) ആയി കണക്കാക്കപ്പെടുന്ന വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിനെതിരെ മുന്‍ ആര്‍എസ്എസ് മേധാവി വേദനിപ്പിക്കുന്ന പരാമര്‍ശം നടത്തുന്നത് ഇതാദ്യമല്ലെന്ന് ഗോവ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ പ്രസിഡന്റ് ഗിരീഷ് ചോദങ്കര്‍ പറഞ്ഞു. ‘ഭരണകക്ഷിയായ ബിജെപി ഗോവക്കാരെ ധ്രുവീകരിക്കാന്‍ ശ്രമിക്കുകയാണ്. മതേതരത്വം ഗോവക്കാരുടെ രക്തത്തിലുണ്ടെന്ന് അവര്‍ തിരിച്ചറിയണം. ബിജെപി അവരുടെ രാഷ്ട്രീയ അജണ്ടയ്ക്കായി മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും ലക്ഷ്യമിടുന്നു’ – അദ്ദേഹം പറഞ്ഞു.

ഗോവയിലെ മതസൗഹാര്‍ദം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് പ്രതിഷേധ യോഗത്തെ അഭിസംബോധന ചെയ്ത് ആം ആദ്മി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അമിത് പലേക്കര്‍ പറഞ്ഞു. പ്രതിഷേധത്തില്‍ ബിജെപി എംഎല്‍എമാര്‍ പങ്കെടുക്കാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. തൃണമുല്‍ കോണ്‍ഗ്രസ് കോ-കണ്‍വീനര്‍ സമില്‍ വോള്‍വോയ്കറും പ്രതിഷേധത്തില്‍ പങ്കെടുത്തു. മതവികാരം വ്രണപ്പെടുത്തിയതിനു വെലിംഗ്കറിനെതിരേ ബിക്കോളിം പോലീസ് വെള്ളിയാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ഇംഗ്ലണ്ടിലെ പ്രവാസി സമൂഹവും വെലിങ്കറുടെ പ്രസ്താവനയ്ക്കെതിരെ രോഷം പ്രകടിപ്പിച്ച് തെരുവിലിറങ്ങി. കത്തോലിക്കാ വികാരം വ്രണപ്പെടുത്തിയതിന് അദ്ദേഹത്തെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് ഗോവക്കാര്‍ സ്വിന്‍ഡണില്‍ പ്രതിഷേധിച്ചു. ബ്രിട്ടനില്‍ സ്ഥിരതാമസമാക്കിയ ഗോവക്കാര്‍ ലണ്ടനിലെ വെംബ്ലി സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനു സമീപം പ്രതിഷേധം സംഘടിപ്പിച്ചു.

ഓള്‍ഡ് ഗോവയിലെ ബോം ജീസസ് ബസിലിക്കയിലാണ് വിശുദ്ധന്റെ അക്ഷയ ഭൗതികശരീരം സൂക്ഷിച്ചിരിക്കുന്നത്. പത്തു വര്‍ഷത്തിലൊരിക്കല്‍ വിശുദ്ധന്റെ തിരുശേഷിപ്പ് പൊതുദര്‍ശനത്തിനുവയ്ക്കും. ഈ വര്‍ഷം നവംബര്‍ 21 മുതല്‍ 2025 ജനുവരി അഞ്ചു വരെ വിശുദ്ധന്റെ തിരുശേഷിപ്പ് പൊതുദര്‍ശനത്തിനു വയ്ക്കും.

ഛത്തീസ്ഗഡിലെ ബിജെപി എംഎല്‍എ റെയ്മുനി ഭഗത്ത് യേശുക്രിസ്തുവിനെയും ക്രൈസ്തവരെയും ആക്ഷേപിച്ചത് വന്‍ വിവാദമായിരുന്നു.

പോപ്പ് ബെനഡിക്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിശ്വാസ വിഷയങ്ങള്‍ ഒരു സമഗ്രപഠനം പുതിയ ബാച്ച് ആരംഭിക്കുന്നു

താമരശ്ശേരി രൂപതയുടെ ദൈവിക – ബൈബിള്‍ വിഷയങ്ങളുടെ പഠന കേന്ദ്രമായ പോപ്പ് ബെനഡിക്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ‘വിശ്വാസ വിഷയങ്ങള്‍ ഒരു സമഗ്രപഠനം’ എന്ന ഏകവത്സര ഓണ്‍ലൈന്‍ പഠന കോഴ്‌സിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു.

വിശ്വാസ വിഷയങ്ങള്‍ സമഗ്രതയോടെ സംക്ഷിപ്തമായി ഉള്‍ക്കൊള്ളിച്ചാണ് കോഴ്‌സ് ക്രമീകരിച്ചിരിക്കുന്നത്. ഒക്ടോബര്‍ മുതല്‍ മാസത്തിലെ എല്ലാ രണ്ട്, നാല് വെള്ളിയാഴ്ചകളില്‍ രാത്രി 8.30 മുതല്‍ 9.30 വരെ ഓണ്‍ലൈനായാണ് ക്ലാസ്സുകള്‍.

രജിസ്‌ട്രേഷനായി താഴെപ്പറയുന്ന നമ്പറില്‍ പേര്, വീട്ടുപേര്, ഇടവക, രൂപത എന്നീ വിവരങ്ങള്‍ വാട്‌സ്ആപ്പ് മെസേജായി അയക്കുക.
8281346179.

മരിയന്‍ഗീതം ആലാപന മത്സരം

കുടുംബക്കൂട്ടായ്മ രൂപതാ സമിതിയുടെ ആഭിമുഖ്യത്തില്‍ മരിയന്‍ഗീതം ആലാപന മത്സരം സംഘടിപ്പിക്കുന്നു.

രണ്ടു ഘട്ടങ്ങളായുള്ള മത്സരത്തിന്റെ ആദ്യഘട്ടത്തില്‍ ഒരു ഇടവകയിലെ കുടുംബകൂട്ടായ്മകള്‍ ഒറ്റക്കോ ഒരുമിച്ചോ ടീമുകളായി ആലപിക്കുന്ന മരിയന്‍ ഗീതത്തിന്റെ വീഡിയോ 8281346179 വാട്‌സ്അപ്പ്/ടെലഗ്രാം നമ്പറിലേക്ക് 2024 ഒക്ടോബര്‍ 31-ന് മുമ്പ് അയയ്ക്കണം.

മികച്ച അവതരണം കാഴ്ചവെക്കുന്ന ടീമുകളെ നവംബറില്‍ നടക്കുന്ന രൂപതാതല ഫൈനല്‍ മത്സരത്തിലേക്ക് തെരഞ്ഞെടുക്കും. ഫൈനല്‍ മത്സരത്തില്‍ സമ്മാനര്‍ഹരാകുന്ന ഒന്നും, രണ്ടും, മൂന്നും സ്ഥാനക്കാര്‍ക്ക് ക്യാഷ് അവാര്‍ഡുകളും ട്രോഫികളുമാണ് സമ്മാനം.

നിബന്ധനകള്‍:
1. ഏഴു മിനിറ്റാണ് ആലാപന സമയം.
2. ഒരു ടീമില്‍ പരമാവധി ഏഴു പേര്‍ വരെ ആകാം.
3. ഒരു ഇടവകയില്‍ നിന്ന് കുടുംബക്കൂട്ടായ്മ അടിസ്ഥാനത്തിലുള്ള എത്ര ടീമുകള്‍ക്കു വേണമെങ്കിലും മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്.
5. ഓരോ ടീമിലും പങ്കുകാരാകുന്ന അംഗങ്ങളുടെ ഇടവക കുടുംബകൂട്ടായ്മകളുടെ പേരുകള്‍ എന്നിവ ആദ്യം രജിസ്‌ട്രേഷന്‍ സമയത്തും പിന്നീട് വീഡിയോടൊപ്പവും അയയ്‌ക്കേണ്ടതാണ്.
6. പ്രായഭേദമെന്യേ ആര്‍ക്കുവേണമെങ്കിലും പങ്കെടുക്കാം.
7. കാരോക്കെയോ മറ്റ് വാദ്യോപകരണങ്ങളോ ഉപയോഗിച്ചാണ് ഗീതങ്ങള്‍ ആലപിക്കേണ്ടത്.

Exit mobile version