പ്രകാശ് ജാവദേക്കര്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിനെ സന്ദര്‍ശിച്ചു
മുന്‍ കേന്ദ്രമന്ത്രിയും ബിജെപി ദേശീയ വക്താവുമായ പ്രകാശ് ജാവദേക്കര്‍ താമരശ്ശേരി ബിഷപ്‌സ് ഹൗസിലെത്തി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിനെ സന്ദര്‍ശിച്ചു.
ഇഎസ്എ വിഷയത്തിലുള്ള ആശങ്കകള്‍ ബിഷപ് പങ്കുവച്ചു. ഇതു സംബന്ധിച്ച നിവേദനം ബിഷപ് കൈമാറി. വനങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും എന്നാല്‍ അത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകരുതെന്നുമാണ് തന്റെ നിലപാടെന്ന് മുന്‍ പരിസ്ഥിതി – വനം മന്ത്രി കൂടിയായിരുന്ന പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
എക്കോ സെന്‍സിറ്റീവ് സോണ്‍ 50 മീറ്ററെങ്കിലും മതിയെന്നും വലിയ ഫാക്ടറികള്‍ക്കും കെട്ടിടങ്ങള്‍ക്കുമാണ് ഇത്തരം എക്കോ സെന്‍സിറ്റീവ് സോണുകളില്‍ നിരോധനം വേണ്ടതെന്നുമായിരുന്നു മന്ത്രിയായിരുന്ന സമയത്തെ തന്റെ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി.
വഖഫ് വിഷയവും ചര്‍ച്ചയായി. ഒരു മതത്തിന്റെയും അവകാശങ്ങള്‍ ഹനിക്കാത്ത രീതിയിലുള്ള നിയമ ഭേദഗതികളാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്നതെന്ന് പ്രകാശ് ജാവദേക്കര്‍ അഭിപ്രായപ്പെട്ടു.
കൂടിക്കാഴ്ചയെ പോസിറ്റീവായി കാണുന്നുവെന്ന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു.
വി. കെ. സജീവന്‍, ഗിരീഷ് തേവള്ളി അടക്കമുള്ള ബിജെപി നേതാക്കളും പ്രകാശ് ജാവദേക്കറോടൊപ്പമുണ്ടായിരുന്നു. രാവിലെ 8.30-ഓടെ എത്തിയ സംഘം ഒന്നര മണിക്കൂറോളം ബിഷപ്‌സ് ഹൗസില്‍ ചിലവഴിച്ചു.