മുനമ്പം: കെസിവൈഎം രൂപതാ സമിതി 24 മണിക്കൂര്‍ നിരാഹാരം ആരംഭിച്ചു
മുനമ്പം ജനതയ്ക്ക് നീതി നടപ്പിലാക്കുക, വഖഫ് നിയമവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കെസിവൈഎം താമരശ്ശേരി രൂപതയുടെ 24 മണിക്കൂര്‍ ഉപവാസ സമരത്തിന് കോടഞ്ചേരിയില്‍ തുടക്കമായി. രൂപതാ ഡയറക്ടര്‍ ഫാ. ജോബിന്‍ തെക്കേക്കരമറ്റത്തില്‍, കെസിവൈഎം ഭാരവാഹികളായ റിച്ചാള്‍ഡ് ജോണ്‍, അലന്‍ ബിജു, ബോണി സണ്ണി, ഡെല്‍ബിന്‍ സെബാസ്റ്റിയന്‍, അബിന്‍ പാലാട്ട്, അമല്‍ ജോയ്, അനോണ്‍ സുനില്‍ എന്നിവരാണ് നിരാഹാരം അനുഷ്ഠിക്കുന്നത്.
താമരശ്ശേരി രൂപതാ വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍ ഉദ്ഘാടനം ചെയ്തു. മഹാപ്രളയങ്ങളുടെ കാലത്ത് കേരളത്തിന് സഹായ ഹസ്തം നീട്ടിയ മത്സ്യതെഴിലാളികള്‍ തിങ്ങിപ്പര്‍ക്കുന്ന മുനമ്പത്തിനായി കേരളം നന്ദിയോടെ കൈക്കോര്‍ക്കണമെന്ന് മോണ്‍. അബ്രഹാം വയലില്‍ പറഞ്ഞു.

കെസിവൈഎം രൂപതാ പ്രസിഡന്റ് റിച്ചാള്‍ഡ് ജോണ്‍ അധ്യക്ഷത വഹിച്ചു. കോടഞ്ചേരി ഫൊറോന വികാരി ഫാ. കുര്യാക്കോസ് ഐക്കൊളമ്പില്‍, സീറോ മലബാര്‍ സഭ വക്താവ് ഡോ. ചാക്കോ കാളാംപറമ്പില്‍, കെസിവൈഎം രൂപതാ ഡയറക്ടര്‍ ഫാ. ജോബിന്‍ തെക്കേക്കരമറ്റത്തില്‍, മേഖല ഡയറക്ടര്‍. ഫാ. തോമസ് മേലാട്ട്, രൂപതാ ആനിമേറ്റര്‍ സിസ്റ്റര്‍ റൊസീന്‍ എസ്എബിഎസ്, എസ്എംവൈഎം ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. സാം സണ്ണി ഓടക്കന്‍, രൂപതാ ജനറല്‍ സെക്രട്ടറി അലീന മാത്യു, വൈസ് പ്രസിഡന്റ് അലന്‍ ബിജു എന്നിവര്‍ പ്രസംഗിച്ചു.
താമരശ്ശേരി രൂപതാ ചാന്‍സലര്‍ ഫാ. സുബിന്‍ കാവളക്കാട്ട് നിരാഹാര വേദി സന്ദര്‍ശിച്ചു. വൈകി കിട്ടുന്ന അനീതിക്ക് തുല്യമാണെന്നും ഭരണ സംവിധാനങ്ങള്‍ നീതി വൈകിപ്പിക്കാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി വക്താവും മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റുമായ നവ്യ ഹരിദാസും നിരാഹാര വേദിയിലെത്തി. ”മണ്ണ് വെട്ടിപിടിക്കാനല്ല, സ്വന്തമായ മണ്ണിനെ തിരിച്ചു പിടിക്കാനായി ഒരു സമൂഹം നടത്തുന്ന പ്രതിഷേധത്തിന്, കുടിയിറക്കപ്പെട്ട അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും വേദനകള്‍ക്ക് അറുതിയുണ്ടാകണം” – നവ്യാ ഹരിദാസ് പറഞ്ഞു.
വിവിധ ഇടവകകളിലെ വൈദികര്‍, വൈദീകാര്‍ത്ഥികള്‍, സന്യസ്തര്‍, കത്തോലിക്കാ കോണ്‍ഗ്രസ് നേതാക്കന്മാര്‍ എന്നിവര്‍ വിവിധ സമയങ്ങളിലായി സന്നിഹിതരായിരുന്നു. ഉപവാസ സമരം നവംബര്‍ 30, ശനിയാഴ്ച വൈകിട്ട് മൂന്നിന് റാലിയോടും തുടര്‍ന്നുള്ള സമാപന സമ്മേളനത്തോടും കൂടെ അവസാനിക്കും.
