സിഒഡി വാര്‍ഷിക ആഘോഷം നടത്തി
സിഒഡിയുടെ 35-ാമത് വാര്‍ഷിക ആഘോഷം തിരുവമ്പാടി പാരിഷ് ഹാളില്‍ ഗോവ ഗവര്‍ണര്‍ പി. എസ്. ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്തു. മലയോര കുടിയേറ്റ മേഖലയുടെ വളര്‍ച്ചയ്ക്ക് താമരശ്ശേരി രൂപതയും സിഒഡിയും നല്‍കിയ സംഭാവനകള്‍ നിസ്തുലമാണെന്നും ക്രിസ്തു പകര്‍ന്നു നല്‍കിയ കരുണയുടെ സന്ദേശം പ്രവര്‍ത്തികളിലൂടെ അനേകരിലേക്ക് എത്തിക്കുകയാണ് സിഒഡിയെന്നും അദ്ദേഹം പറഞ്ഞു.
നാനാജാതി മതസ്ഥരുടെ സമഗ്രവികസനത്തിനായി താമരശ്ശേരി രൂപതയുടെ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയായ സിഒഡി നടത്തുന്ന ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് പി. എസ്. ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.
സിഒഡി രക്ഷാധികാരിയായ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിച്ചു. ഫാ. അബ്രഹാം പുളിഞ്ചുവട്ടിലിന്റെ അഗ്രികള്‍ച്ചറല്‍ തീസിസ് ഗവര്‍ണര്‍ പ്രകാശനം ചെയ്തു. രൂപതാ സ്ഥാപനങ്ങളായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ആന്റ് അഗ്രിക്കള്‍ച്ചറല്‍ എത്തിക്‌സിന്റെയും താമരശ്ശേരി അഗ്രികള്‍ച്ചറല്‍ ഫാര്‍മേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും വെബ്‌സൈറ്റ് ലോഞ്ചിങ് ഗവര്‍ണ്ണര്‍ നിര്‍വഹിച്ചു. 35 വര്‍ഷം സിഒഡിയില്‍ സേവനം ചെയ്ത പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കെ. സി. ജോയിയെ ചടങ്ങില്‍ ആദരിച്ചു.
വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍, ലിന്റോ ജോസഫ് എംഎല്‍എ, കേരള സോഷ്യല്‍ സര്‍വീസ് ഫോറം ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോണ്‍സണ്‍, ഫൊറോന വികാരി ഫാ. തോമസ് നാഗപറമ്പില്‍, സിഒഡി ഡയറക്ടര്‍ ഫാ. സായി പാറന്‍കുളങ്ങര, കെ. സി. ജോയി എന്നിവര്‍ പ്രസംഗിച്ചു. തിരുവമ്പാടി ടൗണില്‍ ഘോഷയാത്രയും സംഘടിപ്പിച്ചു.



