ഫാ. എഫ്രേം പൊട്ടനാനിയ്ക്കല്‍ നിര്യാതനായി: സംസ്‌ക്കാരം ഇന്ന്
താമരശ്ശേരി രൂപതാ വൈദികന്‍ ഫാ. എഫ്രേം പൊട്ടനാനിയ്ക്കല്‍ (84) നിര്യാതനായി. ഈരൂട്, വിയാനി വൈദിക മന്ദിരത്തില്‍ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. ഇന്ന് (18.12.2024) ഈരൂട് സെന്റ് ജോസഫ്‌സ് പള്ളിയില്‍ പൊതുദര്‍ശനം. മൃതസംസ്‌കാര ശുശ്രൂഷകള്‍ ഇന്ന് വൈകുന്നേരം നാലിന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ഈരൂട് സെന്റ് ജോസഫ്‌സ് പള്ളിയില്‍ നടക്കും.
ആദ്ധ്യാത്മിക ജീവിതത്തില്‍ അടിയുറച്ച് ജീവിച്ചിരുന്ന ഫാ. എഫ്രേം പൊട്ടനാനിക്കല്‍, സേവനം ചെയ്ത ഇടവകകളിലും സ്ഥാനങ്ങളിലും ശക്തമായ നേതൃത്വവും കഠിനാദ്ധ്വാനവും ആധ്യാത്മികതയും കൊണ്ട് ജനത്തെ മുന്നോട്ട് നയിച്ച അജപാലകനായിരുന്നു.
1940 ഫെബ്രഫുവരി 25-ന് കോട്ടയം ജില്ലയിലെ ആനിക്കാട്, പൊട്ടനാനിയ്ക്കല്‍ തോമസ്-ഏലിക്കുട്ടി ദമ്പതികളുടെ പത്ത് മക്കളില്‍ ഒമ്പതാമനായി ജനിച്ചു. പിന്നീട് മലബാറിലെ കൂടത്തായിലേക്ക് കുടിയേറിയ അച്ചന്റെ പ്രാഥമിക വിദ്യാഭ്യാസം കൂടത്തായി, കോടഞ്ചേരി സ്‌കൂളുകളില്‍ പൂര്‍ത്തിയാക്കി. ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം തൃശ്ശൂര്‍ എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് സ്‌കൂളില്‍ പൂര്‍ത്തിയാക്കിയ ശേഷം തലശ്ശേരി രൂപതയുടെ കുന്നോത്ത് മൈനര്‍ സെമിനാരിയില്‍ വൈദിക പഠനം ആരംഭിച്ചു. ആലുവ, കാര്‍മ്മല്‍ഗിരി സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ മേജര്‍ സെമിനാരിയിലായിരുന്നു ഫിലോസഫി, തിയോളജി പഠനങ്ങള്‍.
തലശ്ശേരി സെമിനാരി ചാപ്പലില്‍ വെച്ച് 1967 ഡിസംബര്‍ 17-ന്, തലശ്ശേരി രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയില്‍ നിന്ന് വൈദികപട്ടം സ്വീകരിക്കുകയും 1967 ഡിസംബര്‍ 18-ന് വേനപ്പാറ പള്ളിയില്‍ വെച്ച് പ്രഥമ ദിവ്യബലിയര്‍പ്പിക്കുകയും ചെയ്തു.
1968-ല്‍ സുല്‍ത്താന്‍ ബത്തേരി ഇടവകയില്‍ അസിസ്റ്റന്റ് വികാരിയായി അജപാലന ശുശ്രൂഷ ആരംഭിച്ചു. റിപ്പണ്‍, അമ്പലവയല്‍, വാകേരി, വാളവയല്‍, വടക്കനാട് കുരിശുപള്ളികളുടെ ഉത്തരവാദിത്വവും നിര്‍വ്വഹിച്ചിരുന്നു. 1969 മുതല്‍ 1973 വരെയുള്ള കാലഘട്ടത്തില്‍ പൂതംപാറ ഇടവകയില്‍ വികാരിയായി സേവനം ചെയ്തു. ഇതേ സമയം തന്നെ കരിങ്ങാട് സ്റ്റേഷന്‍ പള്ളിയുടെ ചുമതലയും നിര്‍വഹിച്ചിരുന്നു. തുടര്‍ന്ന് 1973 മുതല്‍ 1977 വരെ തലശ്ശേരി രൂപതയിലെ മാഞ്ഞോട് ഇടവകയില്‍ വികാരിയായി. 1977-ല്‍ ചന്ദനക്കാംപാറ ഇടവകയില്‍ വികാരിയും ആഡ്യംപാറ, കാഞ്ഞിരക്കൊല്ലി സ്റ്റേഷനുകളുടെ ഇന്‍ചാര്‍ജ്ജും ആയിരുന്നു. തുടര്‍ന്ന് 1981-ല്‍ പാണത്തൂര്‍ ഇടവകയിലും 1984-ല്‍ മഞ്ഞുവയല്‍ ഇടവകയിലും 1988-ല്‍ തിരൂര്‍ ഇടവകയിലും വികാരിയായി. തിരുര്‍ ഇടവകയില്‍ സേവനം ചെയ്യുമ്പോള്‍ കുറ്റിപ്പുറം, പരപ്പനങ്ങാടി എന്നീ സ്റ്റഷന്‍ പള്ളികളുടെ ചുമതലയും വഹിച്ചിരുന്നു. 1993-ല്‍ കുളത്തുവയല്‍, 1996-ല്‍ കരുവാരക്കുണ്ട്, 2000-ല്‍ അശോകപുരം, 2004-ല്‍ പാറോപ്പടി, 2007-ല്‍ പുല്ലൂരാംപാറ, 2012-ല്‍ മലപ്പുറം, 2014-ല്‍ കണ്ണോത്ത് എന്നീ ഇടവകകളില്‍ വികാരിയായി സേവനം ചെയ്തു.
കമ്മ്യൂണിക്കേഷന്‍ മീഡിയ, ബൈബിള്‍ അപ്പസ്തലേറ്റ്, ജീവന്‍ ടി.വി. കോ-ഓര്‍ഡിനേറ്റര്‍ എന്നീ നിലകളിലും അച്ചന്‍ സേവനം ചെയ്തിരുന്നു. 2000-ല്‍ നവീകരണ പ്രസ്ഥാനത്തിന്റെ ഡയറ്കടറായി നിയമിതനായ എഫ്രേം അച്ചന്‍, കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിനായി പിന്നീടുള്ള ജീവിതം ഉഴിഞ്ഞുവെച്ചു.
താമരശ്ശേരി രൂപതയിലും കത്തോലിക്കാ സഭയിലും നവീകരണ മുന്നേറ്റത്തില്‍ ബഹു. പൊട്ടനാനിക്കല്‍ അച്ചന്റെ നാമം വിസ്മരിക്കാനാവുന്നതല്ല. 2018-ല്‍ കണ്ണോത്ത് ഇടവകയില്‍ നിന്നും ഔദ്യോഗിക അജപാലന ജീവിതത്തില്‍ നിന്ന് വിരമിച്ച് ഈരൂട് വിയാനി വൈദിക മന്ദിരത്തിലേക്ക് വിശ്രമജീവിതത്തിനായി സ്ഥലം മാറി.
വിശ്രമജീവിതം നയിക്കുമ്പോഴും കുളത്തുവയല്‍ നിര്‍മ്മല റിട്രീറ്റ് സെന്ററില്‍ (NRC) ആദ്ധ്യാത്മിക പിതാവായി സേവനം ചെയ്തിട്ടുണ്ട്.
പരേതരായ എബ്രഹാം (കൂടത്തായി), ചാക്കോ (ചുങ്കക്കുന്ന്), ജോസഫ് (ചുങ്കക്കുന്ന്), മാത്യു (കൂടത്തായി), ഏലിക്കുട്ടി (കൂടത്തായി), മേരി തുരുത്തിയില്‍ (കൂടത്തായി), സിസ്റ്റര്‍ ഡിയോഡോറ്റ MC, സിസ്റ്റര്‍ ഫിലോമിന്‍ SH, ആന്റണി എന്നിവര്‍ സഹോദരങ്ങളാണ്.