സിസ്റ്റര്‍ സിമോണ ബ്രാംബില്ല വത്തിക്കാനിലെ ആദ്യത്തെ വനിതാ പ്രിഫെക്റ്റ്
പാരമ്പര്യമായി കര്‍ദ്ദിനാള്‍മാര്‍ക്കും, ആര്‍ച്ച് ബിഷപ്പുമാര്‍ക്കും വേണ്ടി നീക്കിവച്ചിരുന്ന സുപ്രധാന പദവിയിലേക്ക് കന്യാസ്ത്രിയെ നിയമിച്ച് ഫ്രാന്‍സിസ് പാപ്പ. സമര്‍പ്പിതര്‍ക്കുവേണ്ടിയുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ (ഡിക്കസ്റ്ററി) പുതിയ മേധാവിയായി (പ്രീഫെക്ട്) ഇറ്റാലിയന്‍ സമര്‍പ്പിതയായ സിസ്റ്റര്‍ സിമോണ ബ്രാംബില്ലയെയാണ് ഫ്രാന്‍സിസ് പാപ്പാ നിയമിച്ചത്. ആദ്യമായാണ് വത്തിക്കാനിലെ ഉന്നതപദവിയില്‍ വനിതയെത്തുന്നത്.
സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരങ്ങളില്‍ സഭയില്‍ നല്‍കുവാനുള്ള പരിശ്രമങ്ങളുടെ ഭാഗമായാണ് വത്തിക്കാനിലെ സുപ്രധാന സ്ഥാനങ്ങളിലേക്ക് വനിതകളെ ഫ്രാന്‍സിസ് പാപ്പ പരിഗണിക്കുന്നത്. സമഗ്ര മനുഷ്യവികസന സേവനത്തിനായുള്ള ഡിക്കസ്റ്ററിയുടെ ഉന്നതപദവിയിലും ഒരു സമര്‍പ്പിതയെയാണ് ഫ്രാന്‍സിസ് പാപ്പാ നിയമിച്ചിരിക്കുന്നത്. വത്തിക്കാനിലെ ആദ്യത്തെ വനിതാ പ്രിഫെക്റ്റായ സിസ്റ്റര്‍ സിമോണ ബ്രാംബില്ല, നഴ്സിങ് പഠനത്തില്‍ ഡിപ്ലോമ കരസ്ഥമാക്കിയശേഷം, മൊസാംബിക്കില്‍ മിഷനറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മാര്‍ച്ച് 27ന് 60 വയസ്സ് പൂര്‍ത്തിയാകുന്ന സിസ്റ്റര്‍ സിമോണ, കോണ്‍സലാത്ത സന്യാസസമൂഹത്തിന്റെ മുന്‍ സുപ്പീരിയര്‍ ജനറലായിരുന്നു. 2023 ഒക്ടോബര്‍ 7 മുതല്‍ ഇതേ കാര്യാലയത്തിന്റെ സെക്രട്ടറി സ്ഥാനം വഹിച്ചുവരവെയാണ്, ചരിത്രപരമായ ഈ പുതിയ നിയമനം നടക്കുന്നത്. ഡിക്കസ്റ്ററിയുടെ പ്രോ-പ്രീഫെക്ട് സ്ഥാനത്തേക്ക്, കര്‍ദിനാള്‍ ആന്‍ഗല്‍ ഫെര്‍ണാണ്ടസ് ആര്‍ത്തിമേയെയും പാപ്പാ നിയമിച്ചു. സലേഷ്യന്‍ സന്യാസസമൂഹത്തിന്റെ മുന്‍ റെക്ടര്‍ മേജറായിരുന്നു കര്‍ദിനാള്‍. 2023 സെപ്റ്റംബര്‍ 30-നാണ് ഫ്രാന്‍സിസ് പാപ്പാ അദ്ദേഹത്തെ കര്‍ദിനാള്‍ പദവിയിലേക്കുയര്‍ത്തിയത്.
സമര്‍പ്പിതര്‍ക്കായുള്ള ഡിക്കസ്റ്ററിയില്‍ ഏഴ് വനിതാ അംഗങ്ങളെ ഫ്രാന്‍സിസ് പാപ്പാ ആദ്യമായി നിയമിച്ചപ്പോള്‍, അതില്‍ ഒരാളായിരുന്നു സിസ്റ്റര്‍ സിമോണ. 2013 മുതല്‍ 2023 വരെ വത്തിക്കാനില്‍ സേവനം ചെയ്യുന്ന വനിതകളുടെ എണ്ണം, 19.2 ല്‍ നിന്ന് 23.4 ശതമാനമായി ഉയര്‍ന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.