ലോകമെമ്പാടും ക്രൈസ്തവ പീഡനം വര്‍ധിക്കുന്നു: ഓപ്പണ്‍ ഡോര്‍സ് റിപ്പോട്ട്
ക്രൈസ്തവ പീഡനം ലോകമെമ്പാടും വര്‍ധിക്കുന്നതായി വെളിപ്പെടുത്തി അമേരിക്ക ആസ്ഥാനമായ ഓപ്പണ്‍ ഡോര്‍സിന്റെ പുതിയ റിപ്പോര്‍ട്ട്. 2023 ഒക്ടോബര്‍ മുതല്‍ 2024 സെപ്തംബര്‍ വരെ 4476 ക്രൈസ്തവരാണ് ക്രൈസ്തവ വിശ്വാസത്തെ പ്രതി കൊല്ലപ്പെട്ടതെന്ന് സംഘടന വെളിപ്പെടുത്തി. ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ 7,000 ആക്രമണങ്ങളും ക്രൈസ്തവരുടെ ഉടമസ്ഥതയിലുള്ള വീടുകള്‍ക്കും കടകള്‍ക്കും നേരെ 28,000 ആക്രമണങ്ങളും നടന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകമെമ്പാടുമുള്ള ക്രിസ്ത്യന്‍ സമൂഹങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ ഇടപെടുന്ന ഇവാഞ്ചലിക്കല്‍ സംഘടനയാണ് ഓപ്പണ്‍ ഡോഴ്‌സ്.

ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ പീഡനത്തിനും വിവേചനത്തിനും ഇരയായ ക്രൈസ്തവരുടെ എണ്ണം 365 ദശലക്ഷത്തില്‍ നിന്ന് 380 ദശലക്ഷമായി ഉയര്‍ന്നു. ആഗോളതലത്തില്‍ ഏഴില്‍ ഒരു ക്രൈസ്തവ വിശ്വാസി എന്ന നിലയില്‍ വിശ്വാസപരമായ വിവേചനത്തിനും പീഡനത്തിനും ഇരയാകുന്നു. ആഫ്രിക്കയില്‍ ഇത് അഞ്ചില്‍ ഒന്നും ഏഷ്യയില്‍ അഞ്ചില്‍ രണ്ടുമാണ്.
ക്രൈസ്തവ വിശ്വാസികള്‍ക്ക് നേരെ ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ അരങ്ങേറുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇത്തവണയും ഒന്നാം സ്ഥാനത്ത് കിം ജോങ് ഉന്നിന്റെ കീഴിലുള്ള ഉത്തര കൊറിയയാണ്. രാജ്യത്തു നിര്‍ബന്ധിത ലേബര്‍ ക്യാമ്പുകളില്‍ 50,000 മുതല്‍ 70,000 വരെ ക്രിസ്ത്യാനികളെ പാര്‍പ്പിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ട്.
സൊമാലിയ, യെമന്‍, ലിബിയ, സുഡാന്‍, എറിത്രിയ, നൈജീരിയ, പാകിസ്ഥാന്‍, ഇറാന്‍ എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ യഥാക്രമം ഒന്‍പതുവരെയുള്ള സ്ഥാനങ്ങളില്‍.
2024-ല്‍ ഏറ്റവും കൂടുതല്‍ ക്രിസ്ത്യാനികള്‍ കൊല്ലപ്പെടുകയും തട്ടിക്കൊണ്ടുപോകലിന് ഇരയാകുകയും ചെയ്തത് നൈജീരിയയിലാണ്.
2024-ല്‍ ഏറ്റവും കൂടുതല്‍ ക്രിസ്ത്യാനികള്‍ അറസ്റ്റിലായത് ഇന്ത്യയിലാണെന്നും (2176 പേര്‍) റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ക്രിസ്ത്യന്‍ പള്ളികള്‍ക്കും കെട്ടിടങ്ങള്‍ക്കും നേരെയുണ്ടായ ആക്രമണങ്ങളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനം ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയ്ക്കാണ്.
ഏകദേശം 100 രാജ്യങ്ങളില്‍ ക്രിസ്ത്യന്‍ പീഡനം വര്‍ധിച്ചുകൊണ്ടിരുന്നതായി ഓപ്പണ്‍ ഡോര്‍സ് വാച്ച് ലിസ്റ്റ് സ്ഥിരീകരിച്ചു.
