ഒരു വര്‍ഷം നീളുന്ന കര്‍മ്മ പദ്ധതികളുമായി കട്ടിപ്പാറ ഇടവകയില്‍ പ്ലാറ്റിനം ജൂബിലി ആഘോഷം
കട്ടിപ്പാറ ഹോളി ഫാമിലി ഇടവകയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ജനുവരി 17 -ന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ജൂബിലി വര്‍ഷാരംഭം ഉദ്ഘാടനം ചെയ്തു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന കര്‍മ്മപദ്ധതികളാണ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിരിക്കുന്നതെന്ന് വികാരി ഫാ. മില്‍ട്ടണ്‍ മുളങ്ങാശ്ശേരി പറഞ്ഞു.
വീടില്ലാത്ത ഒരു കുടുംബത്തിന് അഞ്ച് സെന്റ് ഭൂമി നല്‍കി വീട് നിര്‍മിക്കാന്‍ ജൂബിലി വര്‍ഷത്തില്‍ സഹായം നല്‍കും. ജൂബിലി വര്‍ഷത്തില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് സ്വര്‍ണ്ണനാണയം സമ്മാനം നല്‍കും. ജൂബിലി വര്‍ഷത്തില്‍ 300 ദിവസത്തില്‍ അധികം ദിവ്യബലിയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക സമ്മാനം നല്‍കും. ഇടവകയില്‍ സേവനം ചെയ്തു കടന്നു പോയ വൈദികരെയും സിസ്റ്റര്‍മാരെയും ആദരിക്കും. ഇടവകയില്‍ നിന്നുള്ള വൈദികരെയും സിസ്റ്റര്‍മാരെയും ആദരിക്കും. ഇക്കാലയളവില്‍ കൈക്കാരന്മാരായി സേവനം അനുഷ്ടിച്ചവരെയും ആദരിക്കും. ഫാ. ജോസ് വടക്കേടം നേതൃത്വം നല്‍കുന്ന ബൈബിള്‍ ശാസ്ത്രീയ പഠന ക്ലാസും ജൂബിലി വര്‍ഷത്തില്‍ സംഘടിപ്പിക്കും.
രക്തദാന ക്യാമ്പ്, ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണ ക്ലാസ്, മാതാപിതാക്കള്‍ക്കായുള്ള ബോധവല്‍ക്കരണ ക്ലാസ്, കരിയര്‍ ഗൈഡന്‍സ് ക്ലാസ്, ക്രിസ്റ്റീന്‍ ധ്യാനം, മിഷന്‍ലീഗിന്റെ നേതൃത്വത്തില്‍ മിഷന്‍ ഗ്രാമ സന്ദര്‍ശനം എന്നിവയും നടത്തും.
ഫെബ്രുവരിയില്‍ ഇടവക വാര്‍ഷിക ധ്യാനം സംഘടിപ്പിക്കും. കുടുംബ നവീകരണ ദിനം ആചരിക്കും. ഇടവക ഫോണ്‍ ഡയറക്ടറി പുറത്തിറക്കും. കുട്ടികള്‍ക്കായി ‘പ്രേഷിത കൂടാരം’ എന്ന പേരില്‍ പ്രോഗ്രാം സംഘടിപ്പിക്കും.
മാര്‍ച്ചില്‍ അഗതി മന്ദിര സന്ദര്‍ശനം സംഘടിപ്പിക്കും. ഏപ്രിലില്‍ മലയാറ്റൂര്‍ തീര്‍ത്ഥയാത്രയും കുളത്തുവയല്‍ തീര്‍ത്ഥാടനവും സംഘടിപ്പിക്കും. മെയില്‍ യുവജനക്യാമ്പും വയോജന ടൂറും സംഘടിപ്പിക്കും. കൂടാതെ വിവിധ വിഷയങ്ങളില്‍ സെമിനാര്‍ സംഘടിപ്പിക്കും. ജൂണില്‍ കാര്‍ഷിക മേളയും കര്‍ഷക സെമിനാറും സംഘടിപ്പിക്കും. ഭരണങ്ങാനം തീര്‍ത്ഥാടനം ജൂലൈയില്‍ നടത്തും. ആഗസ്റ്റില്‍ പ്രീസ്റ്റ് ഹോം സന്ദര്‍ശനം. സെപ്റ്റംബറില്‍ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കും. മാതൃവേദിയുടെ നേതൃത്വത്തില്‍ ഒക്ടോബറില്‍ ഇടവകയിലെ എല്ലാ വീടുകളിലേക്കും കൊന്ത നിര്‍മിച്ചു നല്‍കും. നവംബറില്‍ മതാധ്യാപക സംഗമം നടക്കും. ഡിസംബറില്‍ കുടുംബക്കൂട്ടായ്മകളുടെ നേതൃത്വത്തില്‍ കരോള്‍ ഗാന മത്സരം ക്രമീകരിക്കും.
