ക്രൈസ്തവ മാനേജ്മെന്റുകള്‍ക്ക് കീഴിലുള്ള വിദ്യാഭ്യാസ, ആതുരശുശ്രൂഷാ സ്ഥാപനങ്ങള്‍ക്കെതിരെ വ്യാപകമായ ദുഷ്പ്രചരണങ്ങള്‍ സമൂഹമാധ്യമങ്ങള്‍ കേന്ദ്രീകരിച്ചു ആസൂത്രിതമായി നടക്കുന്നുണ്ടെന്നും അത്തരം നീക്കങ്ങള്‍ അപലപനീയമാണെന്നും കെസിബിസി ജാഗ്രത കമ്മീഷന്‍.
മനുഷ്യസഹജമായ ചെറിയ പിഴവുകളെ പോലും പര്‍വ്വതീകരിച്ചും വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചും ഉയര്‍ത്തുന്ന പ്രചാരണങ്ങള്‍ കേരളത്തില്‍ മാതൃകാപരമായി പ്രവര്‍ത്തിച്ചുവരുന്ന ആയിരക്കണക്കിന് ക്രൈസ്തവ സ്ഥാപനങ്ങളുടെ സല്‍പ്പേരിനെ കളങ്കപ്പെടുത്തുന്ന വിധത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ടെന്നും അനേകായിരങ്ങള്‍ക്ക് മികച്ച സേവനം നല്‍കുന്ന ഈ സ്ഥാപനങ്ങളെയും ശുശ്രൂഷകരെയും മോശക്കാരായി ചിത്രീകരിക്കുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ പ്രബുദ്ധ കേരളം ഒന്നിക്കണമെന്നും കെസിബിസി ജാഗ്രത കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തെയഡോഷ്യസ്, വൈസ് ചെയര്‍മാന്‍മാരായ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍, സെക്രട്ടറി റവ. ഡോ. മൈക്കിള്‍ പുളിക്കല്‍ എന്നിവര്‍ ചേര്‍ന്നിറക്കിയ പത്രക്കുറുപ്പില്‍ പറയുന്നു.
മാനുഷികമായ സംവിധാനങ്ങള്‍ എന്ന നിലയില്‍ ഏതെങ്കിലും വിധത്തിലുള്ള വീഴ്ചകളും കുറവുകളും സംഭവിക്കാനുള്ള സാധ്യതകള്‍ മറ്റെല്ലാ സ്ഥാപനങ്ങള്‍ക്കും എന്നതുപോലെ ക്രൈസ്തവ മാനേജ്മെന്റുകള്‍ക്ക് കീഴിലുള്ള സ്ഥാപനങ്ങള്‍ക്കുമുണ്ട്. അപ്രകാരം സംഭവിച്ചേക്കാവുന്ന പോരായ്മകള്‍ പരിഹരിക്കാനും തെറ്റുകള്‍ തിരുത്താനും നേതൃത്വങ്ങള്‍ സദാ സന്നദ്ധവുമാണ്. എന്നാല്‍, ഇത്തരം സാഹചര്യങ്ങളെ മുതലെടുത്തുകൊണ്ട് വ്യാപകമായ ദുഷ്പ്രചരണങ്ങള്‍ നടത്തുന്നവരുടെ ഉദ്ദേശ്യശുദ്ധി സംശയിക്കണം. ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കെതിരെ മാത്രമാണ് ഇത്തരം പ്രചരണങ്ങളും ക്യാംപെയ്‌നിംഗുകളും പലപ്പോഴും കണ്ടുവരുന്നത് – പത്രക്കുറുപ്പില്‍ ചൂണ്ടിക്കാട്ടുന്നു.
ക്രൈസ്തവ സ്ഥാപനങ്ങളെ നിരന്തരം വേട്ടയാടുകയും നേതൃത്വങ്ങളെയും സഭയെയും പൊതുസമൂഹത്തിന് മുന്നില്‍ ഇകഴ്ത്തിക്കാണിക്കുകയും ചെയ്യുന്നവരുടെ യഥാര്‍ത്ഥ ലക്ഷ്യങ്ങള്‍ സമൂഹത്തിന്റെ നന്മയല്ലെന്ന് ഏവരും തിരിച്ചറിയണം. വര്‍ഗ്ഗീയ ധ്രുവീകരണ ലക്ഷ്യങ്ങളാണ് ഇത്തരം ശ്രമങ്ങള്‍ക്ക് പിന്നിലെങ്കില്‍ പ്രബുദ്ധ കേരളം ശക്തമായി ഇക്കാര്യത്തില്‍ നിലപാടുകള്‍ സ്വീകരിക്കണം. പൊതുസമൂഹത്തിന് ക്രിയാത്മകമായ സംഭാവനകള്‍ നല്‍കുന്ന സംവിധാനങ്ങളെ വേട്ടയാടുന്ന നീക്കങ്ങള്‍ക്കെതിരെ അധികാരികളും മാധ്യമങ്ങളും പൊതുസമൂഹവും ജാഗ്രത പുലര്‍ത്തുകയും വേണം – പത്രക്കുറുപ്പില്‍ ആവശ്യപ്പെടുന്നു.

