വേദന അനുഭവിക്കുന്നവര്‍ക്ക് ആശ്വാസം പകരുന്ന പാലിയേറ്റീവ് പ്രവര്‍ത്തകര്‍ ക്രിസ്തുവിനെയാണ് പ്രതിനിദാനം ചെയ്യുന്നതെന്നും പ്രതിഫലമില്ലാതെ അവര്‍ ചെയ്യുന്ന പ്രവൃത്തികള്‍ക്ക് ഊര്‍ജമാകുന്നത് ദൈവ സ്‌നേഹത്തിലുള്ള തീക്ഷ്ണതയാണെന്നും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. മേരിക്കുന്ന് പിഎംഒസിയില്‍ നടന്ന സെന്റ് അല്‍ഫോന്‍സ പാലിയേറ്റീവ് ആന്റ് ജെറിയാട്രിക് കെയറിന്റെ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്.
‘രോഗികളിലും ആലംബഹീനരിലും ക്രിസ്തുവിന്റെ മുഖം ദര്‍ശിക്കാന്‍ കഴിയുന്നവര്‍ക്കു മാത്രമേ അവര്‍ക്കായി ശുശ്രൂഷ ചെയ്യാന്‍ കഴിയൂ. നീയും പോയി അതുപോലെ ചെയ്യുക എന്ന ക്രിസ്തു വചനത്തെ പ്രാവര്‍ത്തികമാക്കുന്നവരാണ് പാലിയേറ്റീവ് പ്രവര്‍ത്തകര്‍. അവര്‍ ക്രിസ്തുവിനെ പ്രഘോഷിക്കുന്നവരാണ്. ഈ ശുശ്രൂഷാ മേഖലയില്‍ അവര്‍ ഉറച്ചു നില്‍ക്കുന്നത് ദൈവത്തിന്റെ അനുഗ്രഹവും കൃപയും കൊണ്ടാണ്’ – ബിഷപ് പറഞ്ഞു.
സെന്റ് അല്‍ഫോന്‍സ പാലിയേറ്റീവ് ആന്റ് ജെറിയാട്രിക് കെയര്‍ ഡയറക്ടര്‍ ഫാ. മാത്യു കുളത്തിങ്കല്‍ അധ്യക്ഷത വഹിച്ചു. പിഎംഒസി ഡയറക്ടര്‍ ഫാ. റോയി തേക്കുംകാട്ടില്‍, മാത്യു തേരകം, ടി. ഒ. ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
പാലിയേറ്റീവ് കെയര്‍ സംസ്ഥാന കണ്‍വീനര്‍ എം. ജി. പ്രവീണ്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. 33 വര്‍ഷത്തിനിടെ 119 പ്രാവശ്യം രക്തദാനം നടത്തിയ കെ. ജെ. ജയ്‌സണ്‍ കന്നുകുഴിയിലിനെ ചടങ്ങില്‍ ആദരിച്ചു.
