വന്യമൃഗശല്യം കാര്‍ഷിക മേഖലയിലെ വലിയ ദുരന്തം, അടിയന്തര ഇടപെടല്‍ ഉണ്ടാകണം: താമരശ്ശേരി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍


മലയോര മേഖലയില്‍ രൂക്ഷമായിരിക്കുന്ന വന്യമൃഗശല്യത്തിന് അടിയന്തര പരിഹാരം കാണുവാന്‍ സര്‍ക്കാര്‍തലത്തിലും ഉദ്യോഗസ്ഥതലത്തിലും കാര്യക്ഷമമായ നടപടികള്‍ ഉണ്ടാകണമെന്ന് താമരശ്ശേരി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നിരവധിപേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിനാളുകള്‍ക്ക് പരുക്കേല്‍ക്കുകയും വ്യാപകമായി കൃഷി നശിക്കുകയും ചെയ്യുന്നത് നിസ്സാരവല്‍ക്കരിക്കുന്ന അധികൃതരുടെ നടപടിയില്‍ യോഗം ഉത്കണ്ഠയും പ്രതിഷേധവും രേഖപ്പെടുത്തി. വന്യമൃഗങ്ങളെ ഉപയോഗിച്ച് മലയോര മേഖലയിലെ മനുഷ്യരെ കുടിയിറക്കാനുള്ള അപ്രഖ്യാപിത നീക്കത്തിന്റെ ഭാഗമാണോ ഇതെന്ന് സംശയിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് പ്രമേയം കുറ്റപ്പെടുത്തുന്നു.

താമരശ്ശേരി രൂപതയുടെ പന്ത്രണ്ടാം പാസ്റ്ററല്‍ കൗണ്‍സിലിന്റെ നാലാം സമ്മേളനം രൂപതാ ഭവനില്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. വലിയ പ്രതിസന്ധികളിലൂടെയാണ് മലയോര കാര്‍ഷിക മേഖല കടന്നുപോകുന്നതെന്നും ഇതിന് സത്വരമായ പരിഹാരം കാണുവാന്‍ ഭരണകര്‍ത്താക്കളും ഉദ്യോഗസ്ഥരും ശ്രമിക്കണമെന്നും ബിഷപ് ആവശ്യപ്പെട്ടു.

കൂട്ടായ്മയിലൂടെയും ദൈവാശ്രയബോധത്തിലും പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്ത് ആര്‍ജിച്ചെടുക്കണം. വെല്ലുവിളികളെ കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കാനുള്ള അവസരമാക്കി മാറ്റണമെന്നും ബിഷപ് പറഞ്ഞു.

പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം തോമസ് വലിയപറമ്പില്‍ പ്രമേയം അവതരിപ്പിച്ചു. വന്യമൃഗശല്യംമൂലം മലയോര മേഖലയില്‍ കൃഷി ചെയ്യുന്നതിനും വിളവെടുക്കുന്നതിനും സാധിക്കാത്ത അവസ്ഥയുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിയമങ്ങള്‍ അനുസരിച്ച് വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെട്ടാല്‍ 25 ലക്ഷം രൂപ വരെ നഷ്ടപരിഹാരം നല്‍കാന്‍ സാധിക്കും എന്നിരിക്കെ മരിച്ച ആളുടെ മൃതദേഹം വെച്ച് സമരം ചെയ്യുമ്പോള്‍ പത്തുലക്ഷം രൂപ പ്രഖ്യാപിച്ച് ഉത്തരവാദിത്തം ഒഴിയുന്ന സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണ്. വന്യമൃഗ ആക്രമണത്തില്‍ മരണം സംഭവിക്കുന്ന കുടുംബങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുകയും കൃഷിനാശത്തിന് മൂന്ന് മാസത്തിനുള്ളില്‍ അര്‍ഹിക്കുന്ന നഷ്ടപരിഹാരം നല്‍കിയും വേണം. വനാതിര്‍ത്തിയില്‍ നിന്ന് കൃഷിഭൂമിയിലേക്ക് വന്യമൃഗങ്ങള്‍ ഇറങ്ങാതിരിക്കുവാന്‍ ഹാങ്ങിങ് ഫെന്‍സിങ് പോലുള്ള ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുകയും തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇതിന്റെ തുടര്‍ സംരക്ഷണം ഉറപ്പാക്കുകയും വേണം. വന്യമൃഗശല്യംമൂലം കാര്‍ഷികമേഖലയില്‍ ഉണ്ടായ നഷ്ടം വിലയിരുത്തുന്നതിന് കമ്മീഷനെ വയ്ക്കുകയും ഇതിന്റെ ഭവിഷത്തുകള്‍ വിലയിരുത്തുകയും വേണം. അമിതമായി പെറ്റുപെരുകുന്ന കാട്ടുപന്നി ഉള്‍പ്പെടെയുള്ള ജീവികളെ നിശ്ചിത കാലത്തേക്ക് കൊല്ലുന്നതിനും അതിന്റെ മാംസം ഫലപ്രദമായി ഉപയോഗിക്കുന്നതിനും തീരുമാനം എടുക്കണം. വന്യമൃഗശല്യം കാര്‍ഷിക മേഖലയിലെ വലിയ ദുരന്തം ആണെന്ന തിരിച്ചറിവോടെ ഫലപ്രദമായ നടപടി വേണമെന്ന് യോഗം പ്രമേയത്തിലൂടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.

മലബാര്‍ കുടിയേറ്റ ശതാബ്ദി ചരിത്രവും പ്രാധാന്യവും എന്ന വിഷയത്തില്‍ ഫാ. ഡോ. മാത്യു കൊച്ചാടംപള്ളിയില്‍ ക്ലാസെടുത്തു. മലബാര്‍ കുടിയേറ്റം ശതാബ്ദി വര്‍ഷത്തിലേക്ക് കടക്കുന്ന ഈ സാഹചര്യത്തില്‍ ചരിത്രത്തിന്റെ ഏടുകള്‍ പുതുതലമുറയ്ക്ക് പകര്‍ന്നു കൊടുക്കുവാന്‍ കൂട്ടായ ശ്രമം വേണമെന്ന് അദ്ദേഹം പറഞ്ഞു.

രൂപത വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍, രൂപത ചാന്‍സലര്‍ ഫാ. സെബാസ്റ്റ്യന്‍ കാവളക്കാട്ട്, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ബെന്നി ലൂക്കോസ്, അഡ്വ. ബീന ജോസ്, തോമസ് വലിയപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.