റൂബി ജൂബിലി വര്‍ഷത്തില്‍ അല്‍ഫോന്‍സാമ്മയുടെ കബറിടത്തില്‍ കൃതജ്ഞതയോടെ താമരശ്ശേരി രൂപത


റൂബി ജൂബിലി വര്‍ഷത്തില്‍ താമരശ്ശേരി രൂപതയുടെ ഭരണങ്ങാനം തീര്‍ത്ഥാടനം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തില്‍ നടന്നു. രാവിലെ 11.30ന് നടന്ന ദിവ്യബലിയര്‍പ്പണത്തില്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി ജനറല്‍ ഫാ. അബ്രഹാം വയലില്‍, കോടഞ്ചേരി ഫൊറോന വികാരി ഫാ. കുര്യാക്കോസ് ഐക്കുളമ്പില്‍, വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരി പ്രഫസര്‍ ഫാ. ജോസഫ് കളരിക്കല്‍, മംഗലപ്പുഴ മേജര്‍ സെമിനാരി പ്രഫസര്‍ ഫാ. ജേക്കബ് അരീത്തറ എന്നിവര്‍ സഹകാര്‍മികരായി.

‘പ്രത്യാശ നഷ്ടപ്പെട്ടുപോകുന്ന ഈ കാലത്ത് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജീവിതം നമുക്ക് നല്‍കുന്ന സന്ദേശം പ്രത്യാശയാണ്. വിഷമഘട്ടങ്ങളെ പ്രത്യാശയോടെ നേരിടാന്‍ നമുക്ക് സാധിക്കണം. പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല; ദൈവസ്‌നേഹത്തില്‍ അടിയുറച്ച് ഏതു പ്രതിസന്ധിയേയും നേരിടാന്‍ നമുക്ക് സാധിക്കും. അല്‍ഫോന്‍സാമ്മയുടെ ജീവിതം അതാണ് നമ്മെ പഠിപ്പിക്കുന്നത്.’ വചന സന്ദേശത്തില്‍ ബിഷപ് പറഞ്ഞു.

നാല്‍പ്പതോളം രൂപതാ വൈദികരും നിരവധി സന്യസ്തരും അഞ്ഞൂറിലധികം വിശ്വാസികളും തീര്‍ത്ഥാടനത്തിന്റെ ഭാഗമായി. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തില്‍ അല്‍ഫോന്‍സാമ്മയുടെ കബറിടത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി.