ചില വ്യക്തികള്‍ മരണത്തോടെ കൂടുതല്‍ പ്രശസ്തരാകുകയും അവരുടെ ആശയങ്ങള്‍ കാട്ടുതീ പോലെ പടരുകയും ചെയ്യും. അത്തരത്തില്‍ ലോകത്തെ പിടിച്ചുലച്ച കൊലപാതകങ്ങളില്‍ ഒന്നാണ് ചാര്‍ലി കിര്‍ക്കിന്റെത്. അമേരിക്കയില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന അദ്ദേഹത്തിന്റെ പ്രശസ്തി മരണത്തോടെ ലോകമെങ്ങും വ്യാപിച്ചു.
ആരായിരുന്നു ചാര്‍ലി കിര്‍ക്ക്?
അമേരിക്കന്‍ വലതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാവി മുഖമെന്നും ഭാവി അമേരിക്കന്‍ പ്രസിഡന്റ് എന്നും വിലയിരുത്തപ്പെട്ട വ്യക്തിയായിരുന്നു ചാര്‍ലി കിര്‍ക്ക്. 1993-ല്‍ ഇല്ലിനോയിസില്‍ ജനിച്ച ചാര്‍ലി ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി കോളജ് അഡ്മിഷന്‍ നേടിയെങ്കിലും പഠനം പൂര്‍ത്തിയാക്കിയില്ല. 2012-ല്‍ പതിനെട്ടാം വയസ്സില്‍ ആരംഭിച്ച ടേണിംഗ് പോയിന്റ് യുഎസ്എ എന്ന യുവജനപ്രസ്ഥാനമാണ് അദ്ദേഹത്തെ പ്രശസ്തിയില്‍ എത്തിച്ചത്. അമേരിക്കയില്‍ കടന്നുവന്നിരുന്ന ലിബറല്‍ ചിന്തകള്‍ക്കെതിരെ പടപൊരുതുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രസ്ഥാനം സ്ഥാപിക്കപ്പെട്ടത്. കുടുംബ ബന്ധങ്ങളുടെ മൂല്യം സംരക്ഷിക്കുക, അബോര്‍ഷന്‍ വിരുദ്ധ ക്യാമ്പയിന്‍, ക്യാമ്പസുകളില്‍ ലൈംഗിക ധാര്‍മികതയ്‌ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ഈ പ്രസ്ഥാനം ഏറ്റെടുത്തു നടത്തി.
ചാര്‍ലി പ്രധാനമായും കോളജ് ക്യാമ്പസുകളിലേക്ക് കടന്നുചെന്ന് ഡിബേറ്റുകളിലൂടെ ലിബറല്‍ ആശയം വച്ചുപുലര്‍ത്തുന്നവരെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. ക്രൈസ്തവ വിശ്വാസത്തില്‍ ഊന്നിയ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
വോക്ക് കള്‍ച്ചറിനെതിരെ പടപൊരുതിയവന്‍
മതവിശ്വാസവും ക്രൈസ്തവ മൂല്യങ്ങളും പഴഞ്ചന്‍ ചിന്താരീതികളാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്ന വോക്ക് കള്‍ച്ചറിന് ലിബറല്‍ മാധ്യമങ്ങള്‍ വന്‍തോതില്‍ പ്രചാരം നല്‍കി. പാശ്ചാത്യ ലോകത്ത് ഇതിന് വന്‍ സ്വീകാര്യത ലഭിച്ചു. ഫെമിനിസ്റ്റ് അവകാശങ്ങള്‍, സ്വവര്‍ഗ വിവാഹ അവകാശങ്ങള്‍, എന്റെ ജീവിതം എന്റെ അവകാശം, ജീവിതം ആസ്വദിക്കാനുള്ളതാണ് മതത്തിന്റെ കെട്ടുപാടുകളില്‍ പെടാനുള്ളതല്ല എന്നിങ്ങനെ വാദിക്കുന്ന സ്വതന്ത്ര ചിന്തകര്‍ ദൈവിക കല്‍പ്പനകളും സഭാ നിയമങ്ങളും തങ്ങളുടെ കുത്തഴിഞ്ഞ സ്വതന്ത്ര ജീവിതത്തിന് വിലങ്ങു തടിയായി കണ്ടു. ഇക്കൂട്ടരുടെ പ്രധാന വിമര്‍ശകനായിരുന്നു ചാര്‍ലി. ക്രൈസ്തവ വിശ്വാസത്തില്‍ ഊന്നിയ കുടുംബജീവിതം കെട്ടിപ്പടുക്കുന്നതിന്റെ ആവശ്യകതയെ ബോധ്യപ്പെടുത്താനായി അദ്ദേഹം അമേരിക്കന്‍ ക്യാമ്പസുകളില്‍ പ്രഭാഷണങ്ങളും ഡിബേറ്റുകളും നടത്തി. ഇതേത്തുടര്‍ന്ന് നിരവധി യുവജനങ്ങള്‍ ക്രൈസ്തവ വിശ്വാസത്തിലേക്ക് തിരികെ എത്തി.
കിര്‍ക് പ്രതിനിധാനം ചെയ്യുന്ന വലതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനമായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വന്‍ജന പിന്തുണയും കൈവന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിജയവും ഇതിനോട് കൂട്ടിവായിക്കാവുന്നതാണ്.
ചാര്‍ലിയുടെ ക്രൈസ്തവ വിശ്വാസ തീക്ഷണത അമേരിക്കന്‍ യുവതയെ തീ പിടിപ്പിച്ചു. ക്രിസ്തുവിനായി നിലനില്‍ക്കാനും ക്രൈസ്തവ സാക്ഷിയായി ജീവിക്കാനും അദ്ദേഹം അമേരിക്കയോട് ആഹ്വാനം ചെയ്തു. അദ്ദേഹത്തിന്റെ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ അമേരിക്കന്‍ ക്രൈസ്തവസഭകള്‍ക്ക് വലിയ മുന്നേറ്റമാണ് നല്‍കിയത്. ഇതില്‍ അസ്വസ്തരായ ലിബറലിസ്റ്റുകളാണ് അദ്ദേഹത്തിന്റെ കൊലപാതകത്തിനു പിന്നില്‍.
എന്നാല്‍ ഒരു വ്യക്തിയെ ഇല്ലാതാക്കുന്നതു മൂലം ക്രൈസ്തവ വിശ്വാസവും ആശയങ്ങളും ഇല്ലാതാക്കാന്‍ സാധിക്കില്ല എന്നതാണ് ചരിത്ര സത്യം. ഒരുകാലത്ത് ക്രൈസ്തവരെ പന്തം പോലെ കത്തിച്ചു നിര്‍ത്തിയ റോമാ നഗരം തന്നെ ക്രൈസ്തവസഭയുടെ ആസ്ഥാനമായി മാറി എന്ന് ഓര്‍ക്കുക. ചാര്‍ലിയുടെ ആശയങ്ങള്‍ അമേരിക്കന്‍ യുവജനങ്ങളെ വരുംകാലങ്ങളിലും തീര്‍ച്ചയായും ആവേശം കൊള്ളിക്കും.
തയ്യാറാക്കിയത്: ഡോ. ഹിമ സുബിന്‍ കൂനംതടത്തില്‍
(കേന്ദ്ര കൃഷിമന്ത്രാലയത്തിന് കീഴിലുള്ള ഐസിഐആര്‍- സിപിസിആര്‍ഐ കാസര്‍ഗോഡില്‍ ശാസ്ത്രജ്ഞയാണ് ലേഖിക)
