താമരശ്ശേരി രൂപതയുടെ ദ്വിതീയ മെത്രാനും, മാനന്തവാടി രൂപതയുടെ പ്രഥമ മെത്രാനും, തൃശൂര്‍ അതിരൂപതാ മുന്‍ ആര്‍ച്ചു ബിഷപുമായ മാര്‍ ജേക്കബ് തൂങ്കുഴി പിതാവ് (95) കാലം ചെയ്തു.
സൗമ്യമായ സംഭാഷണവും ആത്മീയതേജസുമായി വിശ്വാസികളുടെ പ്രിയപ്പെട്ട പിതാവായി മാറിയ മാര്‍ ജേക്കബ് തൂങ്കുഴി മാനന്തവാടി രൂപതയുടെ പ്രഥമ മെത്രാനായിരുന്നു.
1947-ല്‍ ചങ്ങനാശ്ശേരി രൂപതയ്ക്കുവേണ്ടി സെമിനാരിയില്‍ ചേര്‍ന്ന അദ്ദേഹം 1956 ഡിസംബര്‍ 22-ന് തലശ്ശേരി രൂപതയ്ക്കുവേണ്ടി പുരോഹിതനായി. റോമിലായിരുന്നു പൗരോഹിത്യ സ്വീകരണം. സഭാ നിയമത്തിലും സിവില്‍ നിയമത്തിലും ഡോക്ടറേറ്റ് നേടി. തലശ്ശേരി രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയുടെ സെക്രട്ടറി, തലശ്ശേരി രൂപതാ ചാന്‍സലര്‍, സെമിനാരി റെക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇംഗ്ലീഷിനു പുറമെ, ഇറ്റാലിയന്‍, ജെര്‍മന്‍, ഗ്രീക്ക്, ഫ്രെഞ്ച്, ലാറ്റിന്‍ ഭാഷകള്‍ അനായാസം കൈകാര്യം ചെയ്തിരുന്നു. ‘ക്രിസ്തു നിങ്ങളില്‍ രൂപപ്പെടുന്നതുവരെ’ എന്നതായിരുന്നു ആദര്‍ശ വാക്യം.
1973-ല്‍ മാനന്തവാടി രൂപതയുടെ പ്രഥമ മെത്രാനായി. 1995-ല്‍ താമരശ്ശേരി രൂപതയുടെ മെത്രാനായി ചുമതലയേറ്റു. 1996-ല്‍ തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പായി നിയമിതനായി. 2007-ല്‍ വിരമിച്ചു. തൃശൂര്‍ അതിരൂപതയുടെ മഡോണ മൈനര്‍ സെമിനാരിയില്‍ വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു.
