പരമമായ സത്യം കണ്ടെത്താന്‍ പ്രാപ്തമാക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നും പ്രതികരണശേഷിയുള്ള നല്ല തലമുറയ്ക്ക് വിദ്യാര്‍ത്ഥികള്‍ ചോദ്യങ്ങള്‍ ചോദിച്ച് വളരണമെന്നും സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍. താമരശ്ശേരി കോര്‍പ്പറേറ്റ് എജുക്കേഷണല്‍ ഏജന്‍സി സംഘടിപ്പിച്ച ഇന്റര്‍ സ്‌കൂള്‍ മെഗാ ക്വിസ് മത്സരം ‘ടാലന്‍ഷ്യ 2.0’ സമാപന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
താമരശ്ശേരി രൂപത ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചലചിത്ര അക്കാദമി റീജിയണല്‍ കോ-ഓര്‍ഡിനേറ്റര്‍ നവീന വിജയന്‍, കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. ജോസഫ് പാലക്കാട്ട്, അല്‍ഫോന്‍സ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഷൈജു ഏലിയാസ്, റോഷന്‍ മാത്യു, വിപിന്‍ എം. സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.
വിവിധ ഘട്ടങ്ങളിലായി ഹയര്‍സെക്കന്‍ഡറി, ഹൈസ്‌കൂള്‍, യുപി, എല്‍പി വിഭാഗങ്ങള്‍ക്കായി നടന്ന മത്സരത്തില്‍ എഴുപത്തി നാല് വിദ്യാലയങ്ങളിലെ 30000 വിദ്യാര്‍ത്ഥികളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 32 വിദ്യാര്‍ത്ഥികളാണ് ഫൈനലില്‍ എത്തിയത്. അല്‍ഫോന്‍സാ കോളജ് അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. മനോജ് ജോയ് കൊല്ലംപറമ്പില്‍ മത്സരം നിയന്ത്രിച്ചു.
ഏബല്‍ റിന്റോ, പി. ആര്‍. റുഷ്ദ ഫാത്തിമ (സെക്രട്ട് ഹാര്‍ട്ട് എല്‍പി സ്‌കൂള്‍ തിരുവമ്പാടി), എസ്തര്‍ മരിയ, നിയ ഫാത്തിമ (സെന്റ് മേരീസ് എച്ച്എസ് കല്ലാനോട്), ക്രിസ്ത്യാനോ ഡെലിന്‍ ഡെന്നീസ്, ഇസബെല്ല വര്‍ഗീസ് (സെന്റ് ജോര്‍ജ് എച്ച്എസ് കുളത്തുവയല്‍) അനന്തു സന്തോഷ്, ബ്രിജിത്ത് തോമസ് (ഹോളി ഫാമിലി എച്ച്എസ്എസ് പടത്തുകടവ്) എന്നിവര്‍ ഓരോ വിഭാഗത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഓരോ വിഭാഗത്തിലെയും ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയവര്‍ക്ക് യഥാക്രമം 10000, 7000, 5000 രൂപാ ക്യാഷ് പ്രൈസും സ്‌കൂളുകള്‍ക്ക് എവറോളിങ് ട്രോഫിയും നല്‍കി.
