കോഴിക്കോട് കോട്ടൂളിയിലെ ക്രിസ്തുദാസി സന്യാസിനി സമൂഹത്തിന്റെ ജനറലേറ്റ് ചാപ്പലില്‍ പ്രത്യേകം ക്രമീകരിച്ച കബറിടത്തില്‍ മാര്‍ ജേക്കബ് തൂങ്കുഴിക്ക് നിത്യനിദ്ര. താമരശ്ശേരി രൂപതയുടെ നേതൃത്വത്തില്‍ ദേവഗിരി സെന്റ് ജോസഫ്സ് പള്ളിയില്‍ ഒരുക്കിയ പൊതുദര്‍ശനത്തിനു ശേഷമാണ് എസ്‌കെഡി ജനറലേറ്റ് ചാപ്പലില്‍ ഭൗതിക ദേഹം കബറടക്കിയത്.
വൈകിട്ട് 3.45-ഓടെ ദേവഗിരി സെന്റ് ജോസഫ് ദേവാലയത്തില്‍ എത്തിച്ചേര്‍ന്ന ഭൗതിക ദേഹത്തില്‍ അന്തിമോപചാരമര്‍പ്പിക്കാനായി നിരവധിയാളുകളാണ് ദേവഗിരിയിലേക്ക് ഒഴുകിയെത്തിയത്. സാമൂഹിക, സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
മാര്‍ ജോസഫ് പാംബ്ലാനി, മാര്‍ ആഡ്രൂസ് താഴത്ത്, മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, മാര്‍ ബോസ്‌കോ പുത്തൂര്‍, മാര്‍ ജോസ് പൊരുന്നേടം, മാര്‍ അലക്സ് താരാമംഗലം, മാര്‍ ടോണി നീലങ്കാവില്‍ എന്നിവര്‍ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി.
കോഴിക്കോട് അതിരൂപത അധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലക്കല്‍, കണ്ണൂര്‍ രൂപതാധ്യക്ഷന്‍,
ഡോ. അലക്‌സ് വടക്കുംതല, സഹായ മെത്രാന്‍ ഡോ. ഡെന്നിസ് കുറുപ്പശ്ശേരി, മലബാര്‍ ഭദ്രാസനം ബിഷപ് മാര്‍ ഗീര്‍വര്‍ഗീസ് പക്കേമിയൂസ്, കോഴിക്കോട് യാക്കോബായ ബിഷപ് ഐറേനിയൂസ് പൗലോസ് എന്നിവരും അന്തിമോപചാരമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചു.
കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, ഷാഫി പറമ്പില്‍ എംപി, അഹമ്മദ് ദേവര്‍ കോവില്‍ എംഎല്‍എ, തോട്ടത്തില്‍ രവിന്ദ്രന്‍ എംഎല്‍എ, ലിന്റോ ജോസഫ് എംഎല്‍എ, ടി. സിദിഖ് എംഎല്‍എ, കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ബീന ഫിലിപ്പ് എന്നിവരും അന്തിമോപചാരമര്‍പ്പിച്ചു.
നിരവധി വൈദികരും സന്യസ്തരും അല്‍മായരും അന്തിമോപചാരമര്‍പ്പിക്കാനായി എത്തിയിരുന്നു.