സെന്റ് ജൂഡ് കപ്പേള നവീകരിച്ചു


കോഴിക്കോട് ഭട്ട് റോഡ് ബീച്ച് ശാന്തിനഗര്‍ കോളനിയിലെ സെന്റ് ജൂഡ് കപ്പേള നവീകരിച്ചു. വിശുദ്ധ കുര്‍ബാനയ്ക്കും വെഞ്ചിരിപ്പു കര്‍മ്മത്തിനും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുസ്വരൂപം കപ്പേളയില്‍ സ്ഥാപിച്ചു. പരിശുദ്ധ മാതാവിനോടുള്ള ഭക്തി ആത്മീയ വളര്‍ച്ചയ്ക്കും അത്ഭുത രോഗശാന്തിക്കും കാരണമാകട്ടെയെന്ന് ബിഷപ് ആശംസിച്ചു.

തുടര്‍ന്ന് നടന്ന ചടങ്ങില്‍ ഫാ. തോമസ് കുറ്റിയാനിക്കല്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അല്‍ഫോന്‍സ മാത്യു, ജോസഫ് വലപ്പാട്ട്, ജോമ ജോര്‍ജ്, ഷാജന്‍, ബിപിന്‍ എന്നിവര്‍ സംസാരിച്ചു.

കടലിനോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന കപ്പേളയില്‍ വിശുദ്ധ യൂദാശ്ലീഹ, വിശുദ്ധ അന്തോണീസ് എന്നിവരുടെ മാധ്യസ്ഥ്യം യാചിച്ച് നിരവധി വിശ്വാസികളാണ് എത്തുന്നത്.