മാസം 1000 രൂപ! മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് പദ്ധതിലേയക്ക് അപേക്ഷ ക്ഷണിച്ചു


കേരള സര്‍ക്കാരിന്റെ കണക്ട് ടു വര്‍ക്ക് പദ്ധതിയിലേയ്ക്ക് അപേക്ഷിക്കാന്‍ അവസരം. യുവതീ- യുവാക്കളില്‍ നൈപുണ്യ പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്കും, കേരള പിഎസ്‌സി പോലുള്ള മത്സരപരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രതിമാസം 1,000 രൂപ സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിയാണിത്. eemployment.kerala.gov.in പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, കേന്ദ്ര- സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍, കേന്ദ്ര- സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ അനുബന്ധസ്ഥാപനങ്ങള്‍, അംഗീകൃത സര്‍വകലാശാലകള്‍, ഡീംഡ് സര്‍വകലാശാലകള്‍, നിലവില്‍ പ്രവര്‍ത്തിച്ചുവരുന്ന അംഗീകൃത സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നൈപുണ്യ പരിശീലനം നടത്തുന്നവരോ, യുപിഎസ്‌സി, സംസ്ഥാന പിഎസ്‌സി, സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ്, കര, നാവിക, വ്യോമ സേന, ബാങ്ക്, റെയില്‍വേ, മറ്റ് കേന്ദ്ര, സംസ്ഥാന പൊതുമേഖലാ റിക്രൂട്ടിമെന്റ് ഏജന്‍സികളോ നടത്തുന്ന മത്സര പരീക്ഷകള്‍ക്ക് അപേക്ഷ സമര്‍പ്പിച്ച് മത്സര പരിക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവരോ ആയിരിക്കണം അപേക്ഷകര്‍.

കേരളത്തില്‍ സ്ഥിരതാമസക്കാരായ 18 നും 30 നും ഇടയില്‍ പ്രായമായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല.

ഏതെങ്കിലും സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍, വിവിധ തരം സര്‍വീസ് പെന്‍ഷനുകള്‍, കുടുംബ പെന്‍ഷന്‍, ക്ഷേമ നിധി ബോര്‍ഡുകളില്‍ നിന്നുള്ള കുടുംബ പെന്‍ഷന്‍, ഇ.പി.എഫ് പെന്‍ഷന്‍ മുതലായവ ലഭിക്കുന്നവര്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, സ്ഥാപനങ്ങള്‍ വഴി വിതരണം ചെയ്യുന്ന മറ്റു സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കുന്നവര്‍ക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല.

അപേക്ഷ ലഭിക്കുന്ന തീയതിയുടെ മുന്‍ഗണന ക്രമത്തിലാകും സാമ്പത്തിക സഹായം അനുവദിക്കുക. നൈപുണ്യപരിശിലനം, മത്സര പരീക്ഷാ പരിശിലനം എന്നിങ്ങനെ ഏത് വിഭാഗത്തിലായാലും ഒരു വ്യക്തിക്ക് പരമാവധി 12 മാസത്തേക്ക് മാത്രമേ ആനുകൂല്യം ലഭിക്കൂ.

അപേക്ഷിക്കേണ്ട വിധം

അപേക്ഷ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ ആണ്. അപേക്ഷിക്കുന്നതിന് ജനനസര്‍ട്ടിഫിക്കറ്റ്, എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ രേഖ (വോട്ടര്‍ ഐ.ഡി/ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്/ പാസ്‌പോര്‍ട്ട്/ ഡ്രൈവിംഗ് ലൈസന്‍സ്), വരുമാന സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ് എന്നിവ ആവശ്യമാണ്.

നൈപുണ്യ പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ പരിശീലനസ്ഥാപന മേധാവി നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണം. മല്‍സര പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ മല്‍സര പരീക്ഷയ്ക്ക് അപേക്ഷിച്ച വിവരം നല്‍കേണ്ടതുണ്ട്. അപേക്ഷകര്‍ തങ്ങള്‍ പദ്ധതി മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടുന്നുവെന്ന് കാണിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു സത്യപ്രസ്താവനയും സമര്‍പ്പിക്കണം.