വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി കേരള കത്തോലിക്ക സഭ നടപ്പിലാക്കുന്ന സമഗ്ര പുനരധിവാസ പദ്ധതിയുടെ ഭാഗമായി ആറു വീടുകള്‍ കൂടി വെഞ്ചിരിച്ച് കൈമാറി. ഭദ്രാവതി രൂപതാ ബിഷപ് മാര്‍ ജോസഫ് അരുമച്ചാടത്ത്, ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, കേരള സോഷ്യല്‍ സര്‍വീസ് ഫോറം (KSSF) ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍, മരുതോങ്കര അസി. വികാരി ഫാ. ഇമ്മാനുവല്‍ കൂരൂര്‍ എന്നിവര്‍ വിവിധ വീടുകളുടെ വെഞ്ചരിപ്പ് കര്‍മ്മം നിര്‍വഹിച്ചു.
താമരശ്ശേരി രൂപതയുടെ സാമൂഹിക സേവന വിഭാഗമായ സിഒഡി ഡയറക്ടര്‍ ഫാ. സായി പാറന്‍കുളങ്ങര, മഞ്ഞക്കുന്ന് വികാരി ഫാ. ബോബി പൂവത്തിങ്കല്‍, ഹോളി ക്രോസ് കോണ്‍ഗ്രിഗേഷന്‍ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സി. അര്‍ച്ചന ജിന്‍സ്‌മോന്‍ ജോസഫ്, ആല്‍ബിന്‍ സക്കറിയാസ് എന്നിവര്‍ പങ്കെടുത്തു. പ്രാദേശിക ജനപ്രതിനിധികളും സാമൂഹിക പ്രവര്‍ത്തകരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ഇതോടെ കത്തോലിക്കാ സഭ വിലങ്ങാട് ദുരന്തബാധിതര്‍ക്ക് കൈമാറിയ വീടുകളുടെ എണ്ണം 40 ആയി. ആകെ നിര്‍മിക്കുന്ന 70 വീടുകളില്‍ 13 വീടുകളുടെ കൂടി വെഞ്ചിരിപ്പ് ഈ മാസം നടക്കും. ശേഷിക്കുന്ന വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു.
പ്രളയത്തിലും മണ്ണിടിച്ചിലിലും എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് സുരക്ഷിതമായ താമസവും മാന്യമായ ജീവിതവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കത്തോലിക്കാ സഭ സമഗ്ര പുനരധിവാസ പദ്ധതി നടപ്പിലാക്കുന്നത്. വീടുകളോടൊപ്പം ആത്മവിശ്വാസവും സാമൂഹിക പിന്തുണയും പുനഃസ്ഥാപിക്കുന്ന പദ്ധതി വിലങ്ങാടിന്റെ പുനര്‍നിര്‍മാണത്തില്‍ നിര്‍ണായക പങ്ക് വഹിക്കും.
