‘സത്യപ്രകാശം: മതാന്തര സംവാദ വേദി’ ജനുവരി 16ന്


താമരശ്ശേരി രൂപതയുടെ റൂബി ജൂബിലി ആഘോഷങ്ങളുടെയും സീറോ മലബാര്‍ സഭ സമുദായ ശക്തീകരണ വര്‍ഷാചരണത്തിന്റെയും ഭാഗമായി, താമരശ്ശേരി രൂപതയിലെ കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ‘സത്യപ്രകാശം: മതാന്തര സംവാദ വേദി’ സംഘടിപ്പിക്കുന്നു. ജനുവരി 16 രാവിലെ 09.30 മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ കോഴിക്കോട് അമലാപുരി ചാവറ കള്‍ച്ചറല്‍ സെന്ററിലാണ് പരിപാടി.

മുന്‍ ഗോവ ഗവര്‍ണര്‍ അഡ്വ. ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്യും. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിക്കും. ജനാബ് മുനവ്വറലി ശിഹാബ് തങ്ങള്‍, റവ. ഡോ. അരുണ്‍ കലമറ്റത്തില്‍, സ്വാമി ആത്മദാസ് യമി, ബാബു കടമന, മന്‍മോഹന്‍ സിങ് തുടങ്ങിയവര്‍ യഥാക്രമം ഇസ്ലാം, ക്രിസ്ത്യന്‍, ഹിന്ദു, ജൈന, സിക്ക് മതങ്ങളുടെ വീക്ഷണങ്ങള്‍ അവതരിപ്പിക്കും.

തുടര്‍ന്ന് മതവും രാഷ്ട്രീയവും, മതവും പരിസ്ഥിതിയും, മതവും സാമൂഹിക സമാധാനവും, മതവും നീതിയും, മതവും സാമൂഹിക ഉത്തരവാദിത്വവും, മതങ്ങളില്‍ ഹ്യൂമന്‍ ഡിഗ്നിറ്റിയും മനുഷ്യാവകാശവും തുടങ്ങിയ വിഷയങ്ങളില്‍ അധിഷ്ഠിതമായി പാനല്‍ ചര്‍ച്ചയും തുടര്‍ന്ന് തുറന്ന സംവാദവും നടക്കുമെന്നും സംഘാടക സമിതിക്ക് വേണ്ടി താമരശ്ശേരി രൂപത വികാരി ജനറല്‍ മോണ്‍. അബ്രാഹം വയലില്‍, കത്തോലിക്ക കോണ്‍ഗ്രസ് രൂപതാ ഡയറക്ടര്‍ ഫാ. സബിന്‍ തൂമുള്ളില്‍, പ്രസിഡന്റ് ഡോ. ചാക്കോ കാളംപറമ്പില്‍, സെക്രട്ടറി ഷാജി കണ്ടത്തില്‍, വിന്‍സെന്റ് പൊട്ടനാനി എന്നിവര്‍ അറിയിച്ചു.

ക്ഷണിക്കപ്പെട്ട വിവിധ ആചാര്യന്മാരും ശ്രേഷ്ഠരുമായ മത നേതാക്കളും വിവിധ സംഘടനകളുടെയും സമുദായങ്ങളുടെയും നേതാക്കളും കോളജ് വിദ്യാര്‍ത്ഥികളും സാംസ്‌കാരിക നേതാക്കളും സംവാദത്തില്‍ പങ്കെടുക്കും.

മതങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ ശക്തിപ്പെടുത്തുക, പരസ്പര ബോധ്യം വര്‍ധിപ്പിക്കുക, സമൂഹത്തില്‍ സമാധാനപരമായ സഹവര്‍ത്തിത്വം ഉറപ്പാക്കുക എന്നിവയാണ് മതാന്തര സംവാദത്തിന്റെ പ്രധാന ലക്ഷ്യം.

നീതി, സമാധാനം, മനുഷ്യാവകാശം, പരിസ്ഥിതി സംരക്ഷണം, സാമൂഹിക ഉത്തരവാദിത്വം തുടങ്ങിയ മേഖലകളില്‍ വിവിധ മതവിഭാഗങ്ങള്‍ തമ്മില്‍ സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത സംവാദത്തിലൂടെ ഉയര്‍ത്തിക്കാട്ടുമെന്ന് സംഘാടകര്‍ വ്യക്തമാക്കി. ഓരോ മതത്തിനും സ്വന്തം വിശ്വാസവും നിലപാടും അവതരിപ്പിക്കാനുള്ള അവസരം നല്‍കുന്ന രീതിയിലാണ് സംവാദം ക്രമീകരിച്ചിരിക്കുന്നത്.

മതങ്ങള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ മറച്ചുവയ്ക്കുകയല്ല, മറിച്ച് പരസ്പര ബഹുമാനത്തോടെയും സത്യനിഷ്ഠയോടെയും അവ അംഗീകരിച്ചുകൊണ്ട് ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്നും അവര്‍ പറഞ്ഞു.