പോസിറ്റീവിസമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നും രാഷ്ട്രീയ, മത സംഘടനകള്‍ പ്രചരിപ്പിക്കേണ്ടത് പോസിറ്റീവിസമാണെന്നും മുന്‍ ഗോവ ഗവര്‍ണര്‍ അഡ്വ. പി. എസ്. ശ്രീധരന്‍ പിള്ള. താമരശ്ശേരി രൂപതയുടെ റൂബി ജൂബിലിയോടും സീറോ മലബാര്‍ സഭയുടെ സമുദായ ശാക്തീകരണ വര്‍ഷത്തോടും അനുബന്ധിച്ച് കത്തോലിക്കാ കോണ്‍ഗ്രസ് രൂപതാ സമിതി സംഘടിപ്പിച്ച ‘സത്യപ്രകാശം: മതാന്തര സംവാദം’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വിദ്യാഭ്യാസ രംഗത്തും ആതുരശുശ്രൂഷ രംഗത്തും മിഷണറിമാര്‍ നല്‍കിയ സംഭാവനകള്‍ പോസിറ്റീവിസത്തിന് ഉദാഹരണമാണ്. ഇന്ത്യയിലെ മിക്ക ഭാഷകളിലും നിഘണ്ടു നിര്‍മിച്ചത് വിദേശ മിഷണറിമാരാണ്. എല്ലാവരെയും ഉള്‍ക്കൊണ്ട്, എല്ലാവര്‍ക്കും തുല്യ നീതി ഉറപ്പാക്കുമ്പോഴാണ് രാജ്യം വികസിതമാകുന്നത്. രാഷ്ട്രീയ, മത അടിസ്ഥാനത്തിലല്ല കാര്യങ്ങളെ കാണേണ്ടത്. എന്റേത് ശരി എന്ന് വിശ്വസിക്കുന്നത് അവകാശമാണെങ്കിലും എന്റേത് മാത്രമാണ് ശരി എന്ന ചിന്ത കുഴപ്പമുണ്ടാക്കും’ – അദ്ദേഹം പറഞ്ഞു.
കുടിയേറ്റക്കാരെ സ്‌നേഹത്തോടെ സ്വീകരിച്ച സമൂഹമാണ് മലബാറിലെതെന്നും സഹവര്‍ത്തിത്വമാണ് സഭ നല്‍കുന്ന പാഠമെന്നും അധ്യക്ഷത വഹിച്ച ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അഭിപ്രായപ്പെട്ടു. ‘എല്ലാവരെയും സ്വീകരിക്കണമെന്ന സുവിശേഷമാണ് ക്രിസ്തു പങ്കുവച്ചത്. പരസ്പരം സ്‌നേഹിക്കുക എന്ന സന്ദേശമാണ് ക്രിസ്തു ജീവിതത്തിലൂടെ പകര്‍ന്നു നല്‍കിയത്. നേതൃത്വത്തിലുള്ളവര്‍ സമാധാനം കൊണ്ടുവരാനായി പ്രവര്‍ത്തിക്കണം. ഒരുമിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ സമാധാനം സൃഷ്ടിക്കപ്പെടും’ -ബിഷപ് കൂട്ടിച്ചേര്‍ത്തു.
വത്തിക്കാനില്‍ നിന്നുള്ള സന്ദേശം കത്തോലിക്കാ കോണ്‍ഗ്രസ് രൂപതാ ഡയറക്ടര്‍ ഫാ. സബിന്‍ തൂമുള്ളില്‍ വായിച്ചു.
കോഴിക്കോട് അമലാപുരി ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, റവ. ഡോ. അരുണ്‍ കലമറ്റത്തില്‍, ശ്രീമദ് സ്വാമി ആത്മദാസ് യാമി, വി. വി. ജിതേന്ദ്ര പ്രസാദ് എന്നിവര്‍ വിവിധ മതദര്‍ശനങ്ങള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് പാനല്‍ ചര്‍ച്ചയും സംവാദവും നടന്നു. ജോസ് ജോണ്‍ മല്ലികശ്ശേരി മോഡറേറ്ററായിരുന്നു.
കത്തോലിക്കാ കോണ്‍ഗ്രസ് രൂപതാ പ്രസിഡന്റ് ഡോ. ചാക്കോ കാളംപറമ്പില്‍, സെക്രട്ടറി ഷാജി കണ്ടത്തില്‍, പാറോപ്പടി ഫൊറോന പ്രസിഡന്റ് വിന്‍സെന്റ് പൊട്ടനാനി എന്നിവര്‍ പ്രസംഗിച്ചു.
