രാജ്യത്ത് ക്രൈസ്തവര്‍ക്കും ദേവാലയങ്ങള്‍ക്കും നേരെ വര്‍ധിച്ചു വരുന്ന ആക്രമണങ്ങളില്‍ ഗുരുതരമായ ആശങ്ക രേഖപ്പെടുത്തി കത്തോലിക്കാ ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (CBCI). ഇത്തരം അക്രമങ്ങള്‍ ശക്തമായി അപലപിക്കാനും മതന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കാനും കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് സിബിസിഐ അധ്യക്ഷനും തൃശൂര്‍ അതിരൂപത ആര്‍ച്ച്ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു.
ബെംഗളൂരുവില്‍ ഇന്ന് ആരംഭിച്ച സിബിസിഐയുടെ 37-ാമത് ജനറല്‍ ബോഡി യോഗത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ആര്‍ച്ച്ബിഷപ്പ് പ്രതികരിച്ചത്. ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ ആവര്‍ത്തിച്ചു നടക്കുന്നതില്‍ ഭയവും ആശങ്കയും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘ആക്രമണങ്ങള്‍ ഉണ്ടാകുമ്പോള്‍ സര്‍ക്കാര്‍ അധികാരികളെ സമീപിക്കുന്നതാണ് ഞങ്ങളുടെ സമീപനം. പ്രത്യാക്രമണം നടത്താറില്ല. ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്ത അവസരത്തില്‍ ഉള്‍പ്പെടെ പ്രധാനമന്ത്രിയോട് ഞങ്ങള്‍ വ്യക്തിപരമായി വിഷയം ഉന്നയിച്ചിട്ടുണ്ട്. ന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണം സര്‍ക്കാരിന്റെ കടമയാണ്,’ അദ്ദേഹം വ്യക്തമാക്കി.
ആക്രമണങ്ങള്‍ക്ക് പിന്നില്‍ ‘തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകള്‍’ ആണെന്ന വിശദീകരണം പലപ്പോഴും അധികാരികളില്‍ നിന്നുണ്ടാകാറുണ്ടെന്നും, എന്നാല്‍ അത്തരം സംഘങ്ങളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഉത്തരവാദിത്തത്തോടെ ഇടപെടണമെന്നും ആര്‍ച്ച്ബിഷപ്പ് ആവശ്യപ്പെട്ടു. ക്രൈസ്തവര്‍ രാഷ്ട്രനിര്‍മാണത്തില്‍ വലിയ സംഭാവന നല്‍കിയിട്ടുണ്ടെന്നും തുടര്‍ന്നും നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒഡീഷയില്‍ പാസ്റ്റര്‍ ബിപിന്‍ ബിഹാരി നായിക്കിന് നേരെയുണ്ടായ ആക്രമണം ഉള്‍പ്പെടെ, വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരായ അക്രമ സംഭവങ്ങള്‍ അടുത്തകാലത്തായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് സിബിസിഐയുടെ പ്രതികരണം.

ഇത്തവണത്തെ സിബിസിഐ സമ്മേളനത്തിന്റെ മുഖ്യവിഷയം ‘Faith and the Nation: The Church’s Witness to India’s Constitutional Vision’ എന്നതാണ്. മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കെ. എം. ജോസഫ്, പ്രൊഫസര്‍ ഡി. ഡൊമിനിക്ക് എന്നിവര്‍ ‘നിലവിലെ സാമൂഹ്യ-രാഷ്ട്രീയ സാഹചര്യവും ഭരണഘടനാ മൂല്യങ്ങളും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.
മതപരിവര്‍ത്തനനിയമങ്ങളുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പുറപ്പെടുവിച്ച പുതിയ നിര്‍ദ്ദേശങ്ങള്‍, വിവിധ സംസ്ഥാനങ്ങളിലുണ്ടായ ദേവാലയ ആക്രമണങ്ങള്‍, ക്രിസ്മസ് കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്ത ഭീഷണിയും അക്രമ സംഭവങ്ങളും തുടങ്ങിയ വിഷയങ്ങള്‍ യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്ന് സിബിസിഐ വൃത്തങ്ങള്‍ അറിയിച്ചു.
