മഹാരാഷ്ട്രയിലെ പുനെയില്‍ നടന്ന എട്ടാമത് ദേശീയ മാസ്റ്റേഴ്‌സ് ഗെയിംസില്‍ (30 പ്ലസ് വിഭാഗം) ബാസ്‌ക്കറ്റ് ബോളില്‍ വെള്ളിയും 3 ഓണ്‍ 3 വിഭാഗത്തില്‍ സ്വര്‍ണവും നേടി കേരള ടീം ചരിത്രം കുറിച്ചപ്പോള്‍ അത് താമരശ്ശേരി രൂപതയ്ക്കും അഭിമാന നിമിഷമായി. കേരളത്തിനായി കളത്തിലിറങ്ങി മികച്ച പ്രകടനം കാഴ്ച ഫാ. ജിതിന്‍ നരിവേലില്‍ താമരശ്ശേരി രൂപതാ വൈദികനും ടീം അംഗമായ അജയ് ജോണ്‍സണ്‍ മങ്ങരയില്‍ താമരശ്ശേരി രൂപതയിലെ കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍ ഇടവകാംഗവുമാണ്. ഇരുവരുടെയും മിന്നും പ്രകടനങ്ങള്‍ കേരളത്തിന്റെ കിരീട നേട്ടത്തില്‍ നിര്‍ണായകമായി. ലീഗ് ഫോര്‍മാറ്റില്‍ നടന്ന മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ചാണ് കേരളത്തിന്റെ മെഡല്‍ നേട്ടം.

കായിക മേഖലയെ ഏറെ സ്‌നേഹിക്കുന്ന ഫാ. ജിതിന്‍ മരഞ്ചാട്ടി സെന്റ് മേരീസ് പള്ളി വികാരിയാണ്. സായി സര്‍ട്ടിഫൈഡ് കോച്ചും ഐആര്‍ഇ വടംവലി അസോസിയേഷന്‍ (കോഴിക്കോട്) രക്ഷാധികാരിയുമായ ഫാ. ജിതിന്‍ നരിവേലില്‍ കുട്ടികള്‍ക്ക് വടംവലിയില്‍ പരിശീലനവും നല്‍കുന്നുണ്ട്.
തോട്ടുമുക്കം നരിവേലില്‍ എന്‍. വി. ജോജി – ആന്‍സി ദമ്പതികളുടെ മകനാണ് ഫാ. ജിതിന്‍. 2021 ഡിസംബര്‍ 30ന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലില്‍ നിന്നു പൗരോഹിത്യം സ്വീകരിച്ചു. പുല്ലൂരാപാറ, കൂടരഞ്ഞി, താമരശ്ശേരി ഇടവകകളില്‍ അസി വികാരിയായും കോഴിക്കോട് സ്റ്റാര്‍ട്ട് അസി. ഡയറക്ടറായും സേവനം ചെയ്തിട്ടുണ്ട്.
മലപ്പുറം മൊറയൂര്‍ വിഎച്ച്എം എച്ച്എസ്എസ് അധ്യാപകനായ അജയ് ജോണ്‍സണ്‍ കൂടരഞ്ഞി മങ്ങരയില്‍ ജോണ്‍സണ്‍ – ജാന്‍സി ദമ്പതികളുടെ മകനാണ്.
