സിബിസിഐ അധ്യക്ഷനായി കര്‍ദിനാള്‍ ആന്റണി പൂല


ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (CBCI) പുതിയ അധ്യക്ഷനായി ഹൈദരാബാദ് ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ ആന്റണി പൂല തിരഞ്ഞെടുക്കപ്പെട്ടു. സിബിസിഐ ജനറല്‍ ബോഡി യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. കാലാവധി പൂര്‍ത്തിയാക്കിയ ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പദവി ഒഴിഞ്ഞതിനെ തുടര്‍ന്നാണ് പുതിയ അധ്യക്ഷന്റെ തെരഞ്ഞെടുപ്പ്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ബിഷപ്പുമാര്‍ പങ്കെടുത്ത ജനറല്‍ ബോഡി യോഗത്തില്‍ വിശ്വാസജീവിതം, ദൗത്യം, സാമൂഹിക ഉത്തരവാദിത്തം, സമകാലിക ഇന്ത്യയിലെ സഭയുടെ പങ്ക് തുടങ്ങിയ വിഷയങ്ങളില്‍ വിശദമായ ചര്‍ച്ചകള്‍ നടന്നു. ഈ യോഗത്തിലെ പ്രധാന തീരുമാനങ്ങളിലൊന്നായിരുന്നു പുതിയ അധ്യക്ഷന്റെ തെരഞ്ഞെടുപ്പ്.

ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ നേതൃത്വത്തെ ജനറല്‍ ബോഡി പ്രത്യേകം പ്രശംസിച്ചു. മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആശങ്കകള്‍, സാമൂഹിക ധ്രുവീകരണം, മതാന്തര സംവാദത്തിന്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങളില്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് സ്വീകരിച്ച നിലപാടുകളും സഭകള്‍ക്കിടയിലെ ഐക്യത്തിനു നല്‍കിയ ഊന്നലും മെത്രാന്മാര്‍ അഭിനന്ദനാര്‍ഹമായി വിലയിരുത്തി.

എല്ലാവരെയും പരിഗണിക്കുന്ന സഭാ നേതൃത്വത്തിന്റെ പ്രതീകമായാണ് കര്‍ദിനാള്‍ പൂലയുടെ തിരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്. പാവപ്പെട്ടവരോടുള്ള അടുപ്പവും സാമൂഹിക വിഷയങ്ങളിലെ ശക്തമായ ഇടപെടലുകളും അദ്ദേഹത്തിന് വലിയ അംഗീകാരം നേടിക്കൊടുത്തു. സഭയുടെ പുതിയ പ്രവര്‍ത്തനശൈലിക്ക് അദ്ദേഹത്തിന്റെ നേതൃത്വം ആത്മീയമായ ഉണര്‍വ് നല്‍കും. പാവപ്പെട്ടവര്‍ക്കായുള്ള സേവനം, സമാധാന ശ്രമങ്ങള്‍, രാജ്യത്തിന്റെ വളര്‍ച്ച എന്നിവയ്ക്കായിരിക്കും അദ്ദേഹം മുന്‍ഗണന നല്‍കുക.

ആന്ധ്രപ്രദേശിലെ കര്‍ണൂല്‍ സ്വദേശിയായ ആന്റണി പൂല 1992 ഫെബ്രുവരി 20 നാണ് വൈദികനാവുന്നത്. കുര്‍ണൂലിലെ ചിന്ദുക്കൂറില്‍ ജനിച്ച അദ്ദേഹം കുര്‍ണൂലിലെ മൈനര്‍ സെമിനാരി, ബംഗളുരുവിലെ സെന്റ് പീറ്റേഴ്സ് പൊന്തിഫിക്കല്‍ മേജര്‍ സെമിനാരി എന്നിവിടങ്ങളില്‍ നിന്നാണ് വൈദിക പഠനം പൂര്‍ത്തിയാക്കിയത്. നെതര്‍ലണ്ട് സ്വദേശിയായ മിഷണറിയാണ് ആന്റണിയെ ദൈവത്തിന്റെ വഴിയിലേക്ക് നയിച്ചത്. 1992 ല്‍ വൈദികനായി. പിന്നെ പടിപടിയായി സഭയുടെ വിവിധ സ്ഥാനങ്ങള്‍ വഹിച്ചു. 2021 ല്‍ ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പായി.

തെലങ്കാന കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സിന്റെ ട്രഷററായും , കാത്തലിക് യുവജന കമ്മീഷന്റെയും പട്ടികജാതി കമ്മീഷന്റെയും ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

സിബിസിഐയുടെ മറ്റ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടപടികള്‍ തുടരുകയാണ്. ഫലങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും.