ഇറ്റലിയില്‍ ആരംഭിച്ച 25-ാമത് ശീതകാല ഒളിംപിക്സ് മത്സരങ്ങളുടെ പശ്ചാത്തലത്തില്‍ കായികരംഗത്തിന്റെ മൂല്യത്തെക്കുറിച്ച് ലിയോ പതിനാലാമന്‍ പാപ്പ ആഗോള സഭയ്ക്കായി പ്രത്യേക സന്ദേശം പുറപ്പെടുവിച്ചു. ‘ലൈഫ് ഇന്‍ അബണ്ടന്‍സ്’ (സമൃദ്ധമായ ജീവിതം) എന്ന തലക്കെട്ടിലുള്ള കത്തില്‍ കായികം ശരീരത്തിന്റെയും മനസിന്റെയും ഏകീകരണത്തിനും സമാധാനത്തിനും ശക്തമായ ഉപകരണമാണെന്ന് പാപ്പാ വ്യക്തമാക്കി.
കായികം വെറും വിജയം ലക്ഷ്യമിടുന്ന മത്സരമല്ല, മറിച്ച് സഹോദര്യവും ഐക്യവും വളര്‍ത്തുന്ന മാനവിക ഭാഷയാണ്. ഒളിംപിക്‌സ് ഉടമ്പടിയുടെ (യുദ്ധവിരാമം) പ്രസക്തി ഓര്‍മ്മിപ്പിച്ച പാപ്പ, യുദ്ധവും അക്രമവും മനുഷ്യരാശിയുടെ പരാജയമാണെന്നും പറഞ്ഞു.
പണം, ലാഭലോഭം, ഉത്തേജക മരുന്നുകള്‍, രാഷ്ട്രീയ ചൂഷണം തുടങ്ങിയവ കായികരംഗത്തിന്റെ ആത്മാവിനെ നശിപ്പിക്കുന്ന അപകടങ്ങളാണെന്നും പാപ്പാ മുന്നറിയിപ്പ് നല്‍കി. കുട്ടികള്‍, സ്ത്രീകള്‍, ദരിദ്രര്‍, അഭയാര്‍ഥികള്‍, ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും കായികരംഗം ലഭ്യമാകണമെന്ന് പാപ്പ ആഹ്വാനം ചെയ്തു.
സഭ കായികരംഗത്ത് കൂടുതല്‍ സജീവമായി ഇടപെടണമെന്നും, യുവതലമുറയുടെ സമഗ്ര വളര്‍ച്ചയ്ക്കായി കളിക്കളത്തെ ‘ജീവിതപാഠശാല’യായി കാണണമെന്നും ലിയോ പതിനാലാമന്‍ ആവശ്യപ്പെട്ടു.
ഇറ്റലിയിലെ മിലാന്‍, കോര്‍ട്ടിന നഗരങ്ങളിലായി നടക്കുന്ന ശീതകാല ഒളിംപിക്സ് ഫെബ്രുവരി 22-ന് സമാപിക്കും.
