വിശ്വാസത്തിന് വിലങ്ങുവെക്കാനാവില്ല; ജയിലറയിലും പ്രാര്‍ത്ഥനയുമായി ജിമ്മി


നീതിക്കും ജനാധിപത്യത്തിനും വേണ്ടി ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ വേട്ടയാടപ്പെടുന്ന പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും കത്തോലിക്കാ വിശ്വാസിയുമായ ജിമ്മി ലായ്ക്ക് ചൈനീസ് ഭരണകൂടം 20 വര്‍ഷം കഠിനതടവ് വിധിച്ചു. ഹോങ്കോങ്ങിലെ ദേശീയ സുരക്ഷാ നിയമപ്രകാരമാണ് 78-കാരനായ ജിമ്മിയെ കോടതി ശിക്ഷിച്ചത്. എന്നാല്‍, ജയിലറയുടെ ഏകാന്തതയിലും ക്രിസ്തുവിലുള്ള അചഞ്ചലമായ വിശ്വാസം അദ്ദേഹത്തിന് കരുത്തേകുന്നതായി കുടുംബാംഗങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

വിദേശശക്തികളുമായി ചേര്‍ന്ന് രാജ്യസുരക്ഷയെ അപകടപ്പെടുത്തി എന്നാരോപിച്ചാണ് ചൈനീസ് കോടതി ശിക്ഷ വിധിച്ചത്. എന്നാല്‍ തന്റെ തടവുജീവിതത്തെ ക്രിസ്തുവിന്റെ പീഡാനുഭവങ്ങളോടുള്ള പങ്കുചേരലായാണ് ജിമ്മി ലായ് കാണുന്നതെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നു. ഹോങ്കോങ്ങിലെ പ്രമുഖ പത്രമായിരുന്ന ‘ആപ്പിള്‍ ഡെയ്ലി’യുടെ സ്ഥാപകനായ അദ്ദേഹം ദീര്‍ഘകാലമായി ചൈനീസ് ഭരണകൂടത്തിന്റെ കടുത്ത വിമര്‍ശകനായിരുന്നു.

അഞ്ചു വര്‍ഷമായി തടവില്‍ കഴിയുന്ന അദ്ദേഹത്തിന് വിശുദ്ധ കുര്‍ബാന സ്വീകരിക്കാനുള്ള അനുവാദം അധികൃതര്‍ നിഷേധിച്ചിരിക്കുകയാണ്. എങ്കിലും, എല്ലാ ദിവസവും രാവിലെ ബൈബിള്‍ വായനയിലും പ്രാര്‍ത്ഥനയിലും അദ്ദേഹം സമയം ചെലവഴിക്കുന്നു.

തടവുശിക്ഷ അനുഭവിക്കുന്നതിന് മുന്‍പ് നല്‍കിയ ഒരഭിമുഖത്തില്‍ അദ്ദേഹം ഇപ്രകാരം പറഞ്ഞിരുന്നു: ‘ഞാന്‍ ഇവിടെനിന്ന് പലായനം ചെയ്താല്‍, എന്റെ നിയോഗത്തെ മാത്രമല്ല, എന്റെ ദൈവത്തെയും മതത്തെയും ഞാന്‍ വിശ്വസിക്കുന്ന സത്യങ്ങളെയും കൂടിയാണ് ഉപേക്ഷിക്കുന്നത്.’ തന്റെ തത്വങ്ങളില്‍ ഉറച്ചുനില്‍ക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് 1997-ല്‍ കത്തോലിക്കാ സഭയിലേക്ക് അദ്ദേഹം നടത്തിയ മതപരിവര്‍ത്തനമാണ്.

ജിമ്മി ലായിയുടെ കുടുംബം അടുത്തിടെ വത്തിക്കാനിലെത്തി മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തുകയും പ്രാര്‍ത്ഥനാ സഹായം തേടുകയും ചെയ്തിരുന്നു.

78 വയസ്സുള്ള അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായിക്കൊണ്ടിരിക്കുകയാണെങ്കിലും, താന്‍ ഒരു ‘വിശ്വസ്തനായ ദൈവദാസനായി’ അറിയപ്പെടണമെന്നാണ് ജിമ്മി ലായ് ആഗ്രഹിക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ള ലോകനേതാക്കള്‍ ലായിയുടെ മോചനത്തിനായി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ വിധി ഹോങ്കോങ്ങിലെ മാധ്യമ സ്വാതന്ത്ര്യത്തിന് ഏറ്റ തിരിച്ചടിയാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ വിലയിരുത്തുന്നു.