കാറ്റുള്ളമല നിര്‍മ്മല ഫുട്‌ബോള്‍ ലീഗ്: കൂരാച്ചുണ്ട് സെന്റ് തോമസ് യുപി സ്‌കൂള്‍ ചാമ്പ്യന്മാര്‍


കൂരാച്ചുണ്ട്, കായണ്ണ പഞ്ചായത്തുകളിലെ യുപി സ്‌കൂളുകളെ ഉള്‍പ്പെടുത്തി കാറ്റുള്ളമല നിര്‍മ്മല യുപി സ്‌കൂള്‍ സംഘടിപ്പിച്ച ഒന്നാമത് നിര്‍മ്മല ഫുട്‌ബോള്‍ ലീഗില്‍ മറ്റത്തില്‍ കുഞ്ഞുവര്‍ക്കി മെമ്മോറിയല്‍ എവര്‍ റോളിങ് ട്രോഫിയും ക്യാഷ് അവാര്‍ഡും നേടി കൂരാച്ചുണ്ട് സെന്റ് തോമസ് യുപി സ്‌കൂള്‍ ചാമ്പ്യന്മാരായി. പുതുപ്പറമ്പില്‍ പി. ജെ. ജോസ് മെമ്മോറിയല്‍ എവര്‍റോളിങ് ട്രോഫിയും ക്യാഷ് അവാര്‍ഡും നേടി മാട്ടനോട് എയുപി സ്‌കൂള്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ആതിഥേയരായ നിര്‍മ്മല യുപി സ്‌കൂള്‍ മൂന്നാം സ്ഥാനവും കൂരാച്ചുണ്ട് മിലാര ഫാഷന്‍ ജ്വല്ലേഴ്‌സ് ഉടമ എമില്‍ തേക്കനാല്‍ സ്‌പോണ്‍സര്‍ ചെയ്ത ടീം ജേഴ്‌സിയും നേടി.

കാറ്റുള്ളമല യു.പി.സ്‌ക്കൂള്‍ മിനി സ്റ്റേഡിയത്തില്‍ നടന്ന മത്സരം കായണ്ണ പഞ്ചായത്ത് അംഗം ഫെറിന്‍ സേവ്യര്‍ ഉദ്ഘാടനം ചെയ്തു. കാറ്റുള്ളമല നിര്‍മല യുപി സ്‌കൂള്‍ മാനേജര്‍ ഫാ. ജോസ് പെണ്ണാപറമ്പില്‍ അധ്യക്ഷനായിരുന്നു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ശ്രുതി പാമ്പുങ്ങല്‍, പിടിഎ പ്രസിഡന്റ് സിബി വടക്കേകുന്നേല്‍, ബാലുശ്ശേരി ബിആര്‍സി കോ-ഓഡിനേറ്റര്‍ നിമിഷ എന്നിവര്‍ പ്രസംഗിച്ചു.

കൂരാച്ചുണ്ട് സെന്റ് തോമസ് യുപി സ്‌കൂളിലെ ഫര്‍സാനാണ് ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച കളിക്കാരന്‍. മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ട്രോഫി നിര്‍മ്മല യുപി സ്‌കൂളിലെ ഫിലിപ്പ് ജിന്റോ പുത്തേട്ട് സ്വന്തമാക്കി.

വിജയികള്‍ക്ക് കായണ്ണ പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് മാസ്റ്റര്‍ ട്രോഫികള്‍ സമ്മാനിച്ചു. ടൂര്‍ണമെന്റിന് നിര്‍മല സ്‌കൂള്‍ അധ്യാപകന്‍ അരുണ്‍, കിരണ്‍, കാറ്റുള്ളമല ഇടവക കെസിവൈഎം പ്രസിഡന്റ് സുബിന്‍ കാച്ചപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കി.