യുദ്ധം നികൃഷ്ടമായ യാഥാര്‍ത്ഥ്യം; ലോകസമാധാനത്തിനായി പ്രാര്‍ത്ഥിക്കാന്‍ കെസിബിസി ആഹ്വാനം


പശ്ചിമേഷ്യയില്‍ യുദ്ധഭീതി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ലോകസമാധാനത്തിനായി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തണമെന്ന് കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍. അനേകായിരങ്ങള്‍ ദുരിതമനുഭവിക്കുന്ന ഈ കാലഘട്ടത്തില്‍, സായുധ സംഘര്‍ഷങ്ങള്‍ അവസാനിക്കാനും നീതി പുലരാനും വേണ്ടി ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ സംഘടിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

യുദ്ധം എന്നത് നികൃഷ്ടമായ ഒരു യാഥാര്‍ത്ഥ്യമാണെന്നും അത് നുണകളുടെയും അസത്യങ്ങളുടെയും വിജയമാണെന്നുമുള്ള ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകള്‍ ആര്‍ച്ച് ബിഷപ് ഓര്‍മ്മിപ്പിച്ചു. യുദ്ധം ഒരു തിന്മയാണെന്ന് തിരിച്ചറിയാന്‍ ലോകനേതാക്കള്‍ക്ക് സാധിക്കാത്തത് വേദനാനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കായി രാജ്യങ്ങള്‍ നടത്തുന്ന പോരാട്ടങ്ങളില്‍ നിരപരാധികളായ മനുഷ്യരാണ് ഇരകളാകുന്നത്. മുറിവേറ്റ ഭൂമിയെയും കണ്ണീരൊഴുക്കുന്ന മനുഷ്യരെയും ചേര്‍ത്തുപിടിക്കേണ്ട സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു.

പ്രാര്‍ത്ഥനകള്‍ യുദ്ധക്കെടുതി അനുഭവിക്കുന്നവര്‍ക്ക് ആശ്വാസവും കരുത്തും പകരും. ലോകം സമാധാനത്തിന്റെ മാര്‍ഗ്ഗം കണ്ടെത്താന്‍ സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മ മധ്യസ്ഥം വഹിക്കട്ടെയെന്നും അദ്ദേഹം പ്രാര്‍ത്ഥിച്ചു.

യുദ്ധഭീകരതയില്‍ പതറുന്ന ജനതയ്ക്ക് ആശ്വാസമേകാന്‍ എല്ലാ വിശ്വാസികളും പ്രാര്‍ത്ഥനാപൂര്‍വം മുന്നോട്ട് വരണമെന്ന് ആര്‍ച്ച് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.