‘മനുഷ്യരാശിയെ വലിയൊരു ദുരന്തത്തിലേക്ക് തള്ളിവിടുന്നതിന് മുന്‍പ് അക്രമത്തിന്റെ ഈ പാത അവസാനിപ്പിക്കാന്‍ ഞാന്‍ ഹൃദയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.’ – പോപ്പ് ലിയോ പതിനാലാമന്‍
ഇറാനും ഇസ്രായേലും തമ്മിലുള്ള സൈനിക നീക്കങ്ങള്‍ യുദ്ധ സമാനമായ സാഹചര്യത്തിലേക്ക് നീങ്ങുന്നതിനിടെ, അടിയന്തര സമാധാന ആഹ്വാനവുമായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ രംഗത്തെത്തി. ഭീഷണികള്‍ കൊണ്ടോ മാരകായുധങ്ങള്‍ കൊണ്ടോ സമാധാനം സ്ഥാപിക്കാനാവില്ലെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
പരസ്പരമുള്ള ഭീഷണികളിലൂടെയോ വിനാശകരമായ ആയുധങ്ങളിലൂടെയോ അല്ല സമാധാനം കെട്ടിപ്പടുക്കേണ്ടത്. യുക്തിസഹവും ഉത്തരവാദിത്തപരവുമായ സംഭാഷണങ്ങളിലൂടെ മാത്രമേ ശാശ്വത സമാധാനം സാധ്യമാകൂ. അക്രമ ചുഴിയില്‍ നിന്ന് പിന്തിരിയാന്‍ ബന്ധപ്പെട്ട കക്ഷികള്‍ക്ക് ധാര്‍മ്മികമായ ഉത്തരവാദിത്തമുണ്ട് – ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്കിടെ പാപ്പ പറഞ്ഞു.
രാഷ്ട്രങ്ങള്‍ നയതന്ത്രത്തിന്റെ പാതയിലേക്ക് മടങ്ങണമെന്നും ജനങ്ങളുടെ നന്മ ലക്ഷ്യമാക്കി നീതിയില്‍ അധിഷ്ഠിതമായ സഹവര്‍ത്തിത്വം ഉറപ്പാക്കണമെന്നും മാര്‍പാപ്പ ആഹ്വാനം ചെയ്തു.
കഴിഞ്ഞ ശനിയാഴ്ച ഇസ്രായേലും അമേരിക്കയും സംയുക്തമായി ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലും മറ്റ് പ്രമുഖ നഗരങ്ങളിലും ശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിന് തിരിച്ചടിയായി ഇസ്രായേലിനും അമേരിക്കന്‍ സൈനിക താവളങ്ങളുള്ള ഗള്‍ഫ് രാജ്യങ്ങള്‍ക്കും നേരെ ഇറാന്‍ ആക്രമണം അഴിച്ചുവിട്ടു.
ഏതാണ്ട് 37 വര്‍ഷത്തോളം ഇറാനെ നയിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതായി ഇറാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ മരണം മേഖലയിലെ രാഷ്ട്രീയ സാഹചര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയിരിക്കുകയാണ്.
