സ്റ്റാര്‍ട്ട് അക്കാദമി ഇരുപതാം വാര്‍ഷിക ബിരുദദാന ചടങ്ങ് ആഘോഷിച്ചു


സെന്റ് തോമസ് അക്കാദമി ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്ങിന്റെ (START) ഇരുപതാമത് വാര്‍ഷികാഘോഷവും സര്‍ട്ടിഫിക്കറ്റ് വിതരണവും വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 2:30-ന് അക്കാദമി കാമ്പസില്‍ വെച്ചായിരുന്നു ചടങ്ങുകള്‍്.

ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യാതിഥിയായിരുന്നു. വിശ്വാസം, അറിവ്, സേവനം എന്നിവ സമന്വയിപ്പിച്ചുകൊണ്ട് ഉത്തരവാദിത്തമുള്ള വ്യക്തികളായി വളരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബിഷപ് ഓര്‍മ്മിപ്പിച്ചു.

അക്കാദമി ഡയറക്ടര്‍ റവ. ഡോ. സുബിന്‍ കിഴക്കേവീട്ടില്‍ സ്വാഗതം ആശംസിച്ചു. അക്കാദമിക് മികവിനൊപ്പം വിദ്യാര്‍ത്ഥികളുടെ സമഗ്രമായ വളര്‍ച്ചയ്ക്കും സ്ഥാപനം നല്‍കുന്ന പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. 2025-26 അധ്യയന വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ പ്രദര്‍ശനവും ചടങ്ങില്‍ നടന്നു.

ലക്ഷ്യങ്ങള്‍ പിന്തുടരുമ്പോള്‍ മൂല്യങ്ങളില്‍ അധിഷ്ഠിതമായ ജീവിതം നയിക്കാന്‍ രൂപത വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിച്ചു.

കോഴ്‌സ് പൂര്‍ത്തിയാക്കിയ നിര്‍മ്മല്‍ ബെന്നറ്റ്, ഫ്രാന്‍സിസ് ആന്റണി, അന്ന ചെറിയാന്‍, ഷിന്‍സി ഷിജു, ആല്‍ബിന്‍ ജോസഫ് എന്നിവര്‍ പഠനാനുഭവങ്ങളും ആത്മീയ വളര്‍ച്ചയും ചടങ്ങില്‍ പങ്കുവെച്ചു.

വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ‘സ്റ്റാര്‍ട്ട് എക്‌സലന്‍സ് അവാര്‍ഡ്’ വിതരണവും, ‘മാര്‍ പോള്‍ ചിറ്റിലപ്പിള്ളി മെമ്മോറിയല്‍ അവാര്‍ഡ്’ ലോഞ്ചും നടന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ബിഷപ് വിതരണം ചെയ്തു. വിദ്യാര്‍ത്ഥി പ്രതിനിധി ഐറിന്‍ മരിയ എലിസബത്ത് നന്ദി പറഞ്ഞു.