നവീകരിച്ച കണ്ണോത്ത് സെന്റ് മേരീസ് ദേവാലയത്തിന്റെ പുനഃപ്രതിഷ്ഠാ കര്‍മ്മം ഇന്ന്‌


ചരിത്രമുറങ്ങുന്ന കണ്ണോത്ത് ഇടവകയുടെ ആത്മീയ കേന്ദ്രമായ, അമലോത്ഭവമാതാവിന്റെ നാമധേയത്തിലുള്ള ദേവാലയം പുനര്‍നിര്‍മ്മാണത്തിന് ശേഷം വിശ്വാസികള്‍ക്കായി ഇന്ന്‌ തുറക്കും. വൈകീട്ട് 4.30ന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പുനഃപ്രതിഷ്ഠാ കര്‍മ്മം നിര്‍വഹിക്കും. തുടര്‍ന്ന് ആഘോഷമായ വിശുദ്ധ കുര്‍ബാന.

1963-ല്‍ ഫാ. ജേക്കബ് കുന്നപ്പള്ളിലിന്റെ നേതൃത്വത്തില്‍ പണിതുയര്‍ത്തിയ മനോഹര ദേവാലയം, ആറു പതിറ്റാണ്ടിന്റെ പ്രൗഢി നിലനിര്‍ത്തിയാണ് കാലാനുസൃതമായി നവീകരിച്ചിരിക്കുന്നത്‌. ആറു മാസംകൊണ്ടാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. വികാരി ഫാ. ബിനു പുളിക്കല്‍, അസി. വികാരി ഫാ. എബിന്‍ മാടശ്ശേരി എന്നിവരുടെ നേതൃത്വത്തില്‍ നാല്‍പത് അംഗ നിര്‍മാണ കമ്മിറ്റിയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

എഴുന്നൂറോളം കുടുംബങ്ങളാണ് കണ്ണോത്ത് ഇടവകയിലുള്ളത്.