നാല്പതാം വെള്ളി ആചരണത്തിന്റെ ഭാഗമായി താമരശ്ശേരി രൂപത സംഘടിപ്പിക്കുന്ന ഒമ്പതാമത് കുളത്തുവയല്‍ തീര്‍ത്ഥാടനം ഇന്ന് രാത്രി 10-ന് താമരശ്ശേരി മേരിമാതാ കത്തീഡ്രലില്‍ നിന്ന് ആരംഭിക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നേതൃത്വം നല്‍കും.
‘കുളത്തുവയല്‍ തീര്‍ത്ഥാടനം കുരിശിലെ കൃപയുടെ സമ്പന്നത അനുഭവിക്കുവാനുള്ള പരിശ്രമമാണ്. നമ്മുടെ ക്ലേശങ്ങളും അനുദിന ജീവിതബലികളും നാല്പതാം വെള്ളി തീര്‍ത്ഥാടനത്തില്‍ കര്‍ത്താവിന്റെ കുരിശിനോടു ചേര്‍ത്തുവയ്ക്കാം.’ – ബിഷപ് പറഞ്ഞു.
രൂപത മുഴുവനും കുളത്തുവയല്‍ തീര്‍ത്ഥാടനത്തില്‍ മാനസികമായി പങ്കുചേര്‍ന്ന് പ്രാര്‍ത്ഥിക്കണമെന്ന് ബിഷപ് ഓര്‍മിപ്പിച്ചു.
കട്ടിപ്പാറ, തലയാട്, കല്ലാനോട്, കൂരാച്ചുണ്ട് ഇടവകകള്‍ പിന്നിട്ട് നാല്പതാം വെള്ളിയാഴ്ചയായ മാര്‍ച്ച് 27-ന് രാവിലെ 7.30-ന് കുളത്തുവയല്‍ കുടിയേറ്റ തീര്‍ത്ഥാടന കേന്ദ്രത്തില്‍ എത്തിച്ചേരും. അല്‍ഫോന്‍സ മൈനര്‍ സെമിനാരി റെക്ടര്‍ ഫാ. കുര്യന് താന്നിക്കല്‍ വചന സന്ദേശം പങ്കുവയ്ക്കും.
കുരിശിന്റെ വഴിയും ജപമാലയും തുടര്‍ച്ചയായി ചൊല്ലിയാണ് തീര്‍ത്ഥാടകര്‍ 35 കിലോമീറ്റര്‍ താണ്ടുക. തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയോടെ തീര്‍ത്ഥാടനം സമാപിക്കും.
മരുതോങ്കരയില്‍ നിന്നും കുളത്തുവയലിലേക്കുള്ള തീര്‍ത്ഥാടനം നാളെ പുലര്‍ച്ചെ 4.15-ന് മരുതോങ്കര സെന്റ് മേരീസ് ദേവാലയത്തില്‍ നിന്ന് ആരംഭിക്കും. പശുക്കടവ്, ചെമ്പനോട, പൂഴിത്തോട്, കുണ്ടുതോട്, മുതുകാട്, പെരുവണ്ണാമൂഴി, പടത്തുകടവ്, ചക്കിട്ടപാറ ഇടവകകള്‍ പങ്കുചേരും.
