ഈശോയുടെ ഹൃദയം അറിയുന്ന പുരോഹിതര്‍ കാലത്തിന്റെ ആവശ്യം: ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍


ഈശോയുടെ ഹൃദയം അറിയുന്ന പുരോഹിതര്‍ ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ദൈവജനത്തെ സഹായിക്കാനും ആത്മീയമായി വളര്‍ത്താനും പുരോഹിതരോടു ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സഹശുശ്രൂഷ പട്ടം ലഭിച്ചവര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. താമരശ്ശേരി കത്തീഡ്രലില്‍ ഡീക്കന്‍, സബ്ഡീക്കന്‍, കാറോയ പട്ടങ്ങള്‍ നല്‍കുന്ന ചടങ്ങില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കുകയായിരുന്നു ബിഷപ്.

സഭയില്‍ പൗരോഹിത്യ ശുശ്രൂഷയ്‌ക്കൊപ്പം സഹശുശ്രൂഷ പദവിക്കും വലിയ പ്രാധാന്യമുണ്ടെന്ന് ബിഷപ് ചൂണ്ടിക്കാട്ടി.

ഫിലിപ്‌സ് തൂനാട്ട് (കൂരാച്ചുണ്ട്), ആന്റണി പൂവത്തോലില്‍ (പനംപ്ലാവ്), മാത്യു കല്ലേരിത്താഴത്ത് (കൂടരഞ്ഞി), ഇമ്മാനുവേല്‍ കണ്ടച്ചാലില്‍ (പൊയിലോംചാല്‍) എന്നീ സെമിനാരി വിദ്യാര്‍ഥികളാണ് ഡീക്കന്‍ പട്ടം സ്വീകരിച്ചത്.

ജോസഫ് തെങ്ങുപള്ളില്‍ (ചക്കിട്ടപാറ), ജോസഫ് കിളിയമ്പ്രയില്‍ (കുണ്ടുതോട്), തോമസ് കടക്കേലില്‍ (റിപ്പണ്‍-മാനന്തവാടി) എന്നിവര്‍ക്ക് സബ് ഡീക്കന്‍ പട്ടം ലഭിച്ചു.

തോമസ് ഇലവനാല്‍ (പാറോപ്പടി), ജോസഫ് മണിയമ്പ്രായില്‍ (കോനൂര്‍കണ്ടി), ജോണ്‍ പ്ലാംപറമ്പില്‍ (മാലാപറമ്പ്) എന്നിവര്‍ക്ക് കാറോയ പട്ടം നല്‍കി.

രൂപതാ വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍, സെന്റ് അല്‍ഫോന്‍സ മൈനര്‍ സെമിനാരി റെക്ടര്‍ ഫാ. കുര്യന്‍ താന്നിക്കല്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.