പ്രതിസന്ധികളില്‍ തളരരുത്, ദൈവം കൂടെയുണ്ട്; പ്രത്യാശയുടെ വചനവുമായി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍


കഷ്ടപ്പാടുകളുടെയും വേദനകളുടെയും മരുഭൂമി അനുഭവങ്ങളില്‍ പഴയനിയമ ജനതയെ വഴിനയിച്ച ദൈവം ഇന്നും നമുക്കൊപ്പമുണ്ടെന്നും, പ്രതിസന്ധികളില്‍ പ്രത്യാശ കൈവിടരുതെന്നും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. പെസഹാ ആചരണത്തിന്റെ ഭാഗമായി തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരുടെ പാദങ്ങള്‍ കഴുകി ശുശ്രൂഷ നിര്‍വഹിച്ച ശേഷം സന്ദേശം നല്‍കുകയായിരുന്നു ബിഷപ്.

കഴുകന്‍ തന്റെ കുഞ്ഞുങ്ങളെ പറക്കാന്‍ പഠിപ്പിക്കുമ്പോള്‍, അവര്‍ തളര്‍ന്നു വീഴാതെ ചിറകുകള്‍ വിരിച്ച് താങ്ങുന്നതുപോലെ ദൈവം നമ്മെ ഓരോരുത്തരെയും സംരക്ഷിക്കുമെന്ന് ബിഷപ് ഓര്‍മ്മിപ്പിച്ചു.

ജീവിതത്തില്‍ ബുദ്ധിമുട്ടുകളും നിരാശയും അനുഭവപ്പെടുമ്പോള്‍ സങ്കീര്‍ത്തനം 57:2 (‘എനിക്കു വേണ്ടി എല്ലാം നിര്‍വഹിക്കുന്ന അത്യുന്നതനായ ദൈവത്തെ, ദൈവത്തെ ഞാന്‍ വിളിച്ചപേക്ഷിക്കുന്നു’) കൂടെക്കൂടെ ഉരുവിട്ട് പ്രാര്‍ത്ഥിക്കണമെന്ന് അദ്ദേഹം തടവുകാരെ ഉപദേശിച്ചു. രോഗത്തിന് മരുന്ന് കഴിക്കുന്നതുപോലെ ഈ സങ്കീര്‍ത്തനം പ്രാര്‍ത്ഥനാപൂര്‍വ്വം ചൊല്ലുന്നത് ജീവിതത്തിലെ ആവശ്യങ്ങള്‍ നിറവേറാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജയിലിലെ 12 തടവുകാരുടെ പാദങ്ങള്‍ കഴുകിയ ബിഷപ്, തുടര്‍ന്ന് ദിവ്യബലിയര്‍പ്പിച്ചു. ജയില്‍ മിനിസ്ട്രി താമരശ്ശേരി രൂപതാ ഡയറക്ടര്‍ ഫാ. സൈമണ്‍ കിഴക്കേക്കുന്നേല്‍, സിസ്റ്റര്‍ ഫിലോ കുഴിക്കാട്ട് എസ്എബിഎസ്, സിസ്റ്റര്‍ ഫോണ്‍സി ആലപ്പാട്ടുകോട്ടയില്‍ എസ്എബിഎസ് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. തടവുകാര്‍ക്ക് ആത്മീയവും മാനസികവുമായ പിന്തുണ നല്‍കുന്നതിനായി ജയില്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.